---
title: "#IsmailWayanad | ബി ജെ പി ഭരണകൂടത്തെ താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണം - ഇസ്മായിൽ വയനാട് "
english_title: "#Youth #should #take #action #bring #down #BJP #regime #IsmailWayanad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175270/youth-should-take-action-bring-down-bjp-regime-ismailwayanad"
published_at: "2024-01-07T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ad1219d894_ismail.jpg"
keywords: []
---

# #IsmailWayanad | ബി ജെ പി ഭരണകൂടത്തെ താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണം - ഇസ്മായിൽ വയനാട് 

> **Lead Summary:** **നാദാപുരം: [** മതത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരെ വേർ തിരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ബുൾഡോസർ രാജിന് നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളെ അധികാര സോപാനത്തിൽ നിന്ന് താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട്.

## Article Content

**നാദാപുരം: [** മതത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരെ വേർ തിരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ബുൾഡോസർ രാജിന് നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളെ അധികാര സോപാനത്തിൽ നിന്ന് താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട്.

ലോകത്ത് എല്ലായിടത്തും മാറ്റങ്ങൾ സാധ്യമാക്കിയത് യുവ സമൂഹമാണ്. വിവിധ മതങ്ങൾ ഐക്യത്തിൽ ജീവിക്കുന്ന രാജ്യത്ത് മതവെറി പൂണ്ട് അക്രമങ്ങൾ അഴിച്ചു വിടുന്ന വർഗീയ ശക്തികൾക്ക് പിന്തുണ നൽകുന്ന ഭരണ കൂടങ്ങൾ ഇന്ത്യാ രാജ്യം കാത്ത് സൂക്ഷിച്ച നാനാത്വത്തിൽ ഏകത്വമെന്ന ചരട് വലിച്ച് പൊട്ടിക്കുകയാണെന്നും, മതങ്ങളുടെ പേരിൽ രാജ്യത്തെ വെട്ടി നുറുക്കുന്ന ശക്തികൾക്കെതിരെ യുവ രോഷം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ പോലീസിന്റെ ഒത്താശയോടെ വളഞ്ഞിട്ടു തല്ലുന്ന ഭരണകൂടമുള്ള നാട്ടിൽ പോലീസിനെ കയറൂരി വിട്ട് ക്രമസമാധാനം തകിടം മറിച്ചിട്ട് സിപിഎം എം എൽ എ ക്ക് പോലും പോലീസിൽ നിന്ന് അപമാനം ഏൽക്കേണ്ടി വന്നത് പിണറായിയുടെ പോലീസ് നയത്തിലെ വീഴ്ച്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തിയ ക്യാമ്പയിന്റെ സമാപനം ജനുവരി 21 ന് കോഴിക്കോട് നടക്കുന്നതിന്റെ ഭാഗമായുള്ള സംസ്ഥാന കമ്മിറ്റിയുടെ നേതൃ യാത്ര നാദാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ എം ഹംസ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി പദ്ധതി വിശദീകരിച്ചു. മഹാറാലിയിൽ നാദാപുരം നിയോജക മണ്ഡലത്തിൽ നിന്ന് അയ്യായിരം പ്രവർത്തകർ പങ്കെടുക്കും.

വിവിധങ്ങളായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും ശാഖ തലങ്ങളിൽ ജനുവരി 19 ന് വിളംബര റാലികൾ നടത്താനും തീരുമാനമായി.നേതൃ സംഗമത്തിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, എം പി ഷാജഹാൻ, വി ജലീൽ, എ എഫ് റിയാസ്,കെഎം സമീർ,അജ്മൽ തങ്ങൾസ്, സി ഫാസിൽ, മുഹമ്മദ് പേരോട്, ഒ മുനീർ, ഇ വി അറഫാത്ത്,വി വി സഫീർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175270/youth-should-take-action-bring-down-bjp-regime-ismailwayanad)