---
title: "#mithunsoldier | പട്ട് പുതപ്പിച്ച്, അവസാനമായി മുഖത്തേക്ക് നോക്കി, അച്ഛന് സല്യൂട്ട് നൽകി യാത്രയാക്കി മകൻ "
english_title: "#Wrapped #silk #son #took #one #last #look #his #face #saluted #father #sent #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175497/wrapped-silk-son-took-one-last-look-his-face-saluted-father-sent-away"
published_at: "2024-01-08T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c2ac10fd45_mithun_3.jpg"
keywords: []
---

# #mithunsoldier | പട്ട് പുതപ്പിച്ച്, അവസാനമായി മുഖത്തേക്ക് നോക്കി, അച്ഛന് സല്യൂട്ട് നൽകി യാത്രയാക്കി മകൻ 

> **Lead Summary:** **നാദാപുരം: [ **സൈനിക സേവനത്തിനിടെ ന്യൂമോണിയ ബാധിച്ച് അന്തരിച്ച വളയത്തെ സൈനികന് ആറ് വയസുകാരനായ മകൻ ദക്ഷിത് അച്ഛന് അവസാനമായി സല്യൂട്ട് നൽകിയാണ് വിട നൽകിയത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച സമയമായിരുന്നു അത്.

## Article Content

**നാദാപുരം: [ **സൈനിക സേവനത്തിനിടെ ന്യൂമോണിയ ബാധിച്ച് അന്തരിച്ച വളയത്തെ സൈനികന് ആറ് വയസുകാരനായ മകൻ ദക്ഷിത് അച്ഛന് അവസാനമായി സല്യൂട്ട് നൽകിയാണ് വിട നൽകിയത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച സമയമായിരുന്നു അത്.

മൃതദേഹത്തിൽ പട്ട് പുതപ്പിച്ച് മിഥുന്റെ മുഖത്തേക്ക് നോക്കി ദക്ഷിത് സല്യൂട്ട് ചെയ്തു. ഒരു സൈനികന്റെ മകൻ അച്ഛന് നൽകിയ അവസാന യാത്രാമൊഴി. ഇനി തിരിച്ചുവരില്ലെന്നറിയാതെ അവൻ സല്യൂട്ട് നൽകിയപ്പോൾ ചുറ്റും കൂടിയവ‍ർക്ക് തേങ്ങലടക്കാൻ സാധിച്ചില്ല.

ധീര സൈനികന്റെ സംസ്‌കാര ചടങ്ങിനായി ഒരു നാട് മുഴുവൻ വളയത്തെ വീട്ടിലെത്തിയിരുന്നു. സംസ്കാര ചടങ്ങിനെത്തിയവരെ കൊണ്ട് തിങ്ങി നിറഞ്ഞ വീട് സാക്ഷ്യംവഹിച്ചത് വികാരനിർഭര രംഗങ്ങൾക്കായിരുന്നു. ഡ്യൂട്ടിക്കിടെ ന്യുമോണിയ ബാധിച്ച്, ശ്രീനഗറിലെ സൈനിക ആശുപത്രിയിലായിരുന്ന മിഥുൻ ശനിയാഴ്ചയാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരം ഇന്ന് പുലർച്ചെയോടെയാണ് വളയം പേരാലുള്ള പറമ്പത്തെ വീട്ടിൽ എത്തിച്ചത്. നൂറുകണക്കിനാളുകൾ അതിനോടകം തന്നെ മിഥുനിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

തുടർന്ന് പൂർണ്ണ സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കുകയായിരുന്നു. ഇകെ വിജയൻ എം എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, കോഴിക്കോട് സൈനിക കൂട്ടായ്മ അംഗങ്ങൾ, കാലിക്കറ്റ് ഡിഫൻസ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175497/wrapped-silk-son-took-one-last-look-his-face-saluted-father-sent-away)