---
title: "#binu | ദുരിതജീവിതത്തിന്‌ വിട; പ്രവാസം മതിയാക്കിയ ബിനു നാട്ടിലേക്ക്‌ തിരിച്ചു"
english_title: "#Farewell #miserable #life #Having #enough #exile #Binu #returned #home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176077/farewell-miserable-life-having-enough-exile-binu-returned-home"
published_at: "2024-01-11T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659faa4eaa618_binu.jpg"
keywords: []
---

# #binu | ദുരിതജീവിതത്തിന്‌ വിട; പ്രവാസം മതിയാക്കിയ ബിനു നാട്ടിലേക്ക്‌ തിരിച്ചു

> **Lead Summary:** **നാദാപുരം: [**ദീർഘകാലമായി ഒമാനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന നാദാപുരം സ്വദേശി ബിനു വ്യവസായം തകർന്നും മറ്റു വ്യക്തിപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടും ഒരു വർഷത്തോളമായി തെരുവിലായിരുന്നു. റുവി സുൽത്താൻ കാബൂസ്‌ മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലയക്കാൻ റുവി കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു.

## Article Content

**നാദാപുരം: [**ദീർഘകാലമായി ഒമാനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന നാദാപുരം സ്വദേശി ബിനു വ്യവസായം തകർന്നും മറ്റു വ്യക്തിപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടും ഒരു വർഷത്തോളമായി തെരുവിലായിരുന്നു. റുവി സുൽത്താൻ കാബൂസ്‌ മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലയക്കാൻ റുവി കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു.

അതിനിടയിൽ ദിവസവേദനത്തിന്‌ ക്ലീനിംഗ്‌ ജോലിക്കായി പോയ ബിനുവിന്‌ ആസിഡ്‌ പൊള്ളലേറ്റ്‌ അതീവദാരുണമായ അവസ്ഥയിലേക്ക്‌ കാര്യങ്ങൾ മാറുകയും ചെയ്തപ്പോഴാണ്‌ വീണ്ടും കെ.എം.സി.സി അദ്ദേഹത്തിനെ നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പുനരാരംഭിച്ചത്‌. ബദർ അൽ സമ ഹോസ്പിറ്റലിൽ ഒരു മാസത്തിലേറെയായി പൂർണ്ണ ചികിത്സ നൽകുകയും, ശേഷം അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കേസുകൾ കോടതിയെ ബോധിപ്പിച്ച്‌ തടവ്‌ ഉൾപ്പെടെയുള്ള ശിക്ഷകളിൽ നിന്ന് ഇളവ്‌ വാങ്ങിച്ചെടുക്കുകയും ചെയ്താണ്‌ കഴിഞ്ഞ ദിവസം അദ്ദേഹത്തെ നാട്ടിലേക്കെത്തിച്ചത്‌.

റുവി കെ എം സി സി പ്രസിഡണ്ട്‌ റഫീഖ്‌ ശ്രീകണ്ഠാപുരത്തിന്റെ നേതൃത്വത്തിലാണ്‌ മാസങ്ങൾ നീണ്ട പരിശ്രമത്തിൽ ബിനു നാടണഞ്ഞത്‌. മസ്കത്തിൽ നിന്നും നാദാപുരത്ത്‌ വീട്‌ വരെ ബിനുവിനെ അനുഗമിച്ച റഫീഖിനൊപ്പം നാദാപുരം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.വി മുഹമ്മദ്‌ അലി, മണ്ഡലം യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി ഹാരിസ്‌ ഈന്തുള്ളതിൽ, മുസ്ലിം ലീഗ്‌ പ്രവർത്തകരായ ഫൈസൽ അഖ്സ,നാസർ കല്ലാച്ചി, പറമ്പത്ത്‌ ഷബീർ തുടങ്ങിയവരും പങ്കെടുത്തു. ബിനുവിന്റെ തുടർ ചികിത്സക്കായി കെ.എം.സി.സി അനുവദിച്ച 25,000 രൂപ പഞ്ചായത്ത്‌ പ്രസിഡണ്ട്‌‌ വി.വി മുഹമ്മദലി കൈമാറി. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സന്നദ്ധപ്രവർത്തകൻ ബാദുഷ ഇരിക്കൂർ റുവി കെ എം സി സി പ്രവർത്തകർക്കൊപ്പം ഒത്തുചേർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176077/farewell-miserable-life-having-enough-exile-binu-returned-home)