---
title: "#meeting | വിലങ്ങാട് - വയനാട് ചുരമില്ല റോഡ്; വിലങ്ങാട് നാളെ ആലോചനാ യോഗം "
english_title: "#Vilangad #Wayanad #ChuramillaRoad #Vilangad #consultation #meeting #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176394/vilangad-wayanad-churamillaroad-vilangad-consultation-meeting-tomorrow"
published_at: "2024-01-12T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a16154742af_vilangad_road.jpg"
keywords: []
---

# #meeting | വിലങ്ങാട് - വയനാട് ചുരമില്ല റോഡ്; വിലങ്ങാട് നാളെ ആലോചനാ യോഗം 

> **Lead Summary:** **നാദാപുരം: [ **വടകര- വിലങ്ങാട് - മാനന്തവാടി ചുരമില്ലാ പാത യാഥാർത്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇ.കെ വിജയൻ എം എൽ എ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കളുടെയും, ബഹുജനങ്ങളുടെയും ആലോചനായോഗം നാളെ (ജനുവരി 13ന് ) വൈകു: 3 മണിക്ക് വിലങ്ങാട് പാരിഷ് ഹാളിൽ നടക്കും.

## Article Content

**നാദാപുരം: [ **വടകര- വിലങ്ങാട് - മാനന്തവാടി ചുരമില്ലാ പാത യാഥാർത്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇ.കെ വിജയൻ എം എൽ എ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കളുടെയും, ബഹുജനങ്ങളുടെയും ആലോചനായോഗം നാളെ (ജനുവരി 13ന് ) വൈകു: 3 മണിക്ക് വിലങ്ങാട് പാരിഷ് ഹാളിൽ നടക്കും.

യോഗത്തിൽ വാണിമേൽ, വളയം, ചെക്യാട്, തൂണേരി ,എടച്ചേരി, പുറമേരി, നാദാപുരം, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ - തൂണേരി ,കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, നാദാപുരം, കുന്നുമ്മൽ മേഖലയിലെ രാഷ്ട്രീപാർട്ടി നേതാക്കൾ, വ്യാപാരി പ്രതിനിധികൾ മറ്റ് ബഹുജനങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കോഴിക്കോട് - കണ്ണൂർ ജില്ലകളെ വയനാടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ചുരമില്ലാ പാതയാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിർത്തി വരെ പത്ത് മീറ്റർ റോഡ് നിലവിലുണ്ട് - വയനാട് ജില്ലയിൽ കുഞ്ഞോം - കുങ്കിച്ചിറ പൈതൃക മ്യൂസിയം വരെ നിലവിൽ ടാറിട്ട റോഡുണ്ട്‌.

ഇതിനിടയിൽ ഏഴ് കിലോമീറ്ററാണ് റിസർവ്വ്‌ വനമുള്ളത്. ഇതിൽ തന്നെ മൂന്ന് കിലോമീറ്ററോളം കുപ്പ് റോഡ് നിലവിലുണ്ട്. കേവലം ഏഴ് കിലോമീറ്റർ റോഡ് നിർമ്മിക്കാൻ കേന്ദ്രാനുമതി കിട്ടിയാൽ ഏറ്റവും ചിലവ് കുറഞ്ഞ ചുരമില്ലാ വയനാട് റോഡ് യാഥാർത്ഥ്യമാക്കാം. വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ വനപാതയ്ക്ക് വേണ്ടി മുറവിളിയുയരുന്നതാണ്.

സർവ്വെ നടത്തി നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി വിട്ടു നൽകാൻ തൊണ്ടർനാട് പഞ്ചായത്ത് സന്നദ്ധതയായിച്ചതാണ്. പിന്നീട് കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കാസർകോട് മുതൽ - തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയും ഇതിലൂടെയാണ് വിഭാവനം ചെയ്തത്.എന്നാൽ എല്ലാറ്റിനും കേന്ദ്രാനുമതി തടസമാകുകയായിരുന്നു.

ഇപ്പോൾ വനനിയമത്തിൽ വന്നിട്ടുള്ള ഭേദഗതിയോടു കൂടി ഈ പാതയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടകരനാഷണൽ ഹൈവേയിൽ നിന്ന് വിലങ്ങാട് വഴിമാനന്തവാടിയിലെത്താൻ ചുരമില്ലാ പാതയിലൂടെ 51 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.

മാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ കുറഞ്ഞതും, ചെലവ് കുറഞ്ഞതും, ദൂരം കുറവുള്ളതും ഈ പാതയാണ്. വടകര- വിലങ്ങാട് - വയനാട് പാത യാഥാർത്ഥ്യമായാൽ കോഴിക്കോട്-കണ്ണൂർ - വയനാട് ജില്ലകളിൽ എല്ലാ മേഖലയിലും വൻ പുരോഗതിയുണ്ടാവും -വയനാട്ടുകാർക്ക് -കണ്ണൂർ എയർപോർട്ടിലെത്താൻ ചുരുങ്ങിയ ദൂരം മാത്രമേയുള്ളൂ.

കോഴിക്കോട് കണ്ണൂർ ജില്ല കളിലെ വാണിമേൽ, നരിപ്പറ്റ, വളയം, കോളയാട് പഞ്ചായത്തുകളിലുള്ള ഇരുപതോളം ആദിവാസി കോളനികളിലെ ഗോത്രവിഭാഗക്കാർ വയനാട്ടിലുള്ള അവരുടെ മാതൃ കോളനികളുമായി ബന്ധം പുലർത്തുന്നവരാണ്.ഇവർ ഇപ്പോഴും വിലങ്ങാട്ട് വഴി വയനാട്ടിലേക്ക് വനപാതയിൽ കൂടി നടന്നാണ് വയനാട്ടിലേക്ക് പോകുന്നത്.

വയനാട്ടിലെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെയും ടൂറിസം മേഖലകളെ ബന്ധപ്പെടുത്തി വൻ സാധ്യതകളാണ് തെളിയുന്നത്. വയനാട്ടിലെ വള്ളിയൂർകാവ് ക്ഷേത്രവും, വടകരയിലെ ലോകനാർകാവ് ക്ഷേത്രവും, കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് ക്ഷേത്രവും, വിവിധ കൃസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങളും എളുപ്പത്തിൽ ബന്ധപ്പെടുത്തി ധാരാളം സാധ്യതകളും ഉയർന്നു വരും.

കൂടാതെ വടകര റെയിൽവേ സ്റ്റേഷനും, വടകര ഹൈവേയുമായും ബന്ധപ്പെടുത്തി വയനാട്-വഴി മൈസൂരുവിലേക്കും, തിരിച്ചും ധാരാളം ചരക്കുനീക്കങ്ങളും നടക്കും . വലിയ ചുരമില്ലാത്ത പാതയായതിനാൽ വലിയ കണ്ടയിനർ വാഹനങ്ങൾക്ക്‌ യഥേഷ്ടം സഞ്ചരിക്കാൻ കഴിയും.

വനത്തിൽ കൂടി പാതയ്ക്ക് അനമതി കാട്ടിയാൽ നിർദ്ദിഷ്ടമലയോര ഹൈവേ നിലവിലുള്ള അലൈൻമെന്റ് പ്രകാരം പൂർത്തീകരിക്കാൻ കഴിയും.നിലവിൽ മലയോര ഹൈവേ വയനാട് ജില്ലയിലെ വനാതിർത്തിയായ കുഞ്ഞോത്തും, കോഴിക്കോട് ജില്ലയിലെ വനാതിർത്തിയായ പുല്ലുവായിലും എത്തി നിൽക്കുകയാണ്.

നിലവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വയനാട്ടിലേക്കുള്ള ബദൽ പാതകളിൽ ഏറ്റവും ദൂരം കുറഞ്ഞതും, വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുന്നതും, ചെലവു കുറഞ്ഞും വടകര- വിലങ്ങാട് - മാനന്തവാടി പാതയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടക്കാൻ കുറഞ്ഞ ദൂരം മേൽപ്പാലം എന്ന നിർദ്ദേശവും ഉയർന്നു വരുന്നുണ്ട്.

ഇതിനകം തന്നെ ഈ പാത സംബന്ധിച്ച് ധാരാളം നിർദ്ദേശങ്ങളും, നിവേദനങ്ങളും കേന്ദ്ര-കേരള സർക്കാരുകൾക്കും, ജനപ്രതിനിധികൾക്കും നൽകിയിട്ടുണ്ട്. സമാനമായ രീതിയിൽ വയനാട്ടിലും എം എൽ എയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

മലബാറിന്റെയാകെയുള്ള വികസനക്കുതിപ്പിന് സാധ്യതയുള്ള വടകര- വിലങ്ങാട് - മാനന്തവാടി റോഡ് യാഥാർത്ഥ്യമാക്കുന്നതിന് മുൻകയ്യെടുക്കാനും, എല്ലാ വകുപ്പുകളെയും യോജിപ്പിച്ച് ആവശ്യമായ പദ്ധതിയുണ്ടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുന്നതിനും ആവശ്യമായ വിപുലമായ കമ്മറ്റി നാളെ ചേരുന്ന യോഗത്തിൽ രൂപം നൽകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176394/vilangad-wayanad-churamillaroad-vilangad-consultation-meeting-tomorrow)