---
title: "#NadapuramFest | സുരക്ഷാ അനുമതി വൈകുന്നു; നാദാപുരം ഫെസ്റ്റ് അമ്യൂസ്മെമെന്റുകളും സ്റ്റാളുകളും ഇനിയും തുടങ്ങിയില്ല "
english_title: "#security #clearance #delays #NadapuramFest #amusements #stalls #yet #begin"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176787/security-clearance-delays-nadapuramfest-amusements-stalls-yet-begin"
published_at: "2024-01-14T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a40f73960ef_fest.jpg"
keywords: []
---

# #NadapuramFest | സുരക്ഷാ അനുമതി വൈകുന്നു; നാദാപുരം ഫെസ്റ്റ് അമ്യൂസ്മെമെന്റുകളും സ്റ്റാളുകളും ഇനിയും തുടങ്ങിയില്ല 

> **Lead Summary:** **നാദാപുരം: [** ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ ആരംഭിച്ച നാദാപുരം ഫെസ്റ്റിന്റെ ഭാഗമായുള്ള കാർണിവെൽ ഇനിയും ആരംഭിച്ചില്ല. സുരക്ഷാ അനുമതി വൈകുന്നതാണ് കാരണം.

## Article Content

**നാദാപുരം: [** ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ ആരംഭിച്ച നാദാപുരം ഫെസ്റ്റിന്റെ ഭാഗമായുള്ള കാർണിവെൽ ഇനിയും ആരംഭിച്ചില്ല. സുരക്ഷാ അനുമതി വൈകുന്നതാണ് കാരണം.

അമ്യൂസ്മെമെന്റുകളും സ്റ്റാളുകളും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഒരു സുരക്ഷാ സാക്ഷ്യപത്ര സർട്ടിഫിക്കറ്റും ഇന്നുവരെ കരാറുകാരൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിട്ടില്ലെന്നും അറിയുന്നു. ഞായറാഴ്ച്ച കാർണിവൽ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും കാർണിവെൽ നടത്താനുള്ള അനുമതിപത്രം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയിട്ടില്ല.

രേഖകൾ എല്ലാം ശരിയായി എന്നും തിങ്കളാഴ്ച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകുമെന്നാണ് കാർണിവെൽ നടത്തിപ്പ് കരാർ എടുത്ത കാസർക്കോട് സ്വദേശി ബഷീർ നൽകുന്ന വിശദീകരണം.

സംസ്ഥാന പാതയോരത്തെ കല്ലാച്ചി ടൗണിനോട് ചേർന്ന മാരാം വീട്ടിൽ പറമ്പിൽ കാർണിവെല്ലുകൾ നടത്തുന്നത് ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നവും ഉണ്ടാകുമെന്ന് ചൂണ്ടി കാട്ടി നേരത്തെ നിരവധി തവണ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതേ സ്ഥലത്ത് കഴിഞ്ഞ വർഷം കോഴിക്കോട് സ്വദേശി കാർണിവെൽ നടത്താൻ അമ്യൂസ്മെന്റുകൾ സ്ഥാപിച്ചെങ്കിലും പൊലീസ് അനുമതി ലഭിക്കാതെ പൊളിച്ചുമാറ്റേണ്ടി വന്നു.

എന്നാൽ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനശേഖരണം നടത്താൻ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി നേതൃത്വത്തിൽ ഈ വർഷം ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ എതിർപ്പ് ഉണ്ടായില്ല.

ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെസ്റ്റിന്റെ ഭാഗമായി വർണ്ണാഭമായ ഘോഷയാത്രയും കലാ- സാംസ്ക്കാരിക പരിപാടികളും നടന്നു വരുന്നുണ്ട്. ടൗണിൽ നിന്ന് മാറി സൗകര്യങ്ങൾ ഏറെയുള്ള സിവിൽ സ്റ്റേഷൻ റോഡിന് എതിർ വശത്താണ് ഇതിനായുള്ള വേദി ഒരുക്കിയത്.

എന്നാൽ അമ്യൂസ്മെമെന്റുകളും നിരവധി സ്റ്റാളുകളും ഭക്ഷ്യ മേളയും സംഘടിപ്പിക്കുന്ന മാരാം വീട്ടിൽ പറമ്പിൽ നിരവധി സുരക്ഷാ പ്രശ്നങ്ങൾ നിലനിർക്കുന്നുണ്ട്. ഇവിടെ വലിയ ജനത്തിരക്ക് അനുഭവപ്പെടാൻ ഏറെ സാധ്യതയുണ്ട്. അമ്യൂസ്മെന്റ് സ്ഥാപിക്കാനുള്ള പിഡബ്യൂഡി മെക്കാനിക്കൽ എഞ്ചിനിയർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.

ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ഇലക്ട്രികൽ ഇൻസ്പെക്റ്റേറ്റേഴ് പെർമിഷനും ഫയർ ആന്റ് റെസ്ക്യൂ വിദഗ്ത പരിശോധനയും ഫൈനൽ എൻ ഒ സി യും ലഭ്യമാക്കണം. ഭക്ഷ്യ മേള നടത്തുന്നതിനാൽ ഫുഡ് ആന്റ് സേഫ്റ്റി പെർമിഷനും ലഭ്യമാക്കണം. ഇവിടെ ആവശ്യമായ വെള്ളം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്.

ഫെസ്റ്റിനെത്തുന്ന ആയിരക്കണക്കിനാളുകൾക്കും കാർണി വെൽ നടത്തുന്നവർക്കും ഉപയോഗിക്കാൻ ആവശ്യമായ ബാത്ത് റൂം സൗകര്യം ഇനിയും ഒരുക്കിയിട്ടില്ല. പഞ്ചായത്ത് ഹെൽത്ത് ആന്റ് സാനിറ്റേഷൻ സർട്ടിഫിക്കറ്റും കാർണിവെൽ നടത്താൻ ആവശ്യമാണ്.

കാർണിവെല്ലിനായി നിർമ്മിച്ച താൽക്കാലിക കെട്ടിടങ്ങൾക്ക് ബിൽഡിംഗ് ടാക്സ് / പെർമിറ്റും ആവശ്യമാണെന്നതാണ് നിയമം. എന്നാൽ ഇത് ഒഴിവാക്കി കൊണ്ടുള്ള പഞ്ചായത്ത് ഭരണ സമിതി തീരുമാനം ഇനിയും എടുത്തിട്ടില്ല. തീപ്പിടുത്തവും ഭക്ഷ്യ വിഷബാധയും ജനക്കൂട്ടത്തിന്റെതിക്കും തിരക്കും ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഒരുക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176787/security-clearance-delays-nadapuramfest-amusements-stalls-yet-begin)