---
title: " #volleyballtournament | ദേശീയവോളി ഉമ്മത്തൂരിൽ; വിദ്യാലയ വികസനത്തിന് വോളിബോൾ ടൂർണ്ണമെൻ്റ് ഒരുക്കി നാട് ധനസമാഹരിക്കുന്നു"
english_title: "#National #Volley #UmmaThoor #nation #collects #funds #organizing #volleyball #tournament #school #development"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182531/national-volley-ummathoor-nation-collects-funds-organizing-volleyball-tournament-school-development"
published_at: "2024-02-06T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c22a95c1eb6_tournament.jpg"
keywords: []
---

#  #volleyballtournament | ദേശീയവോളി ഉമ്മത്തൂരിൽ; വിദ്യാലയ വികസനത്തിന് വോളിബോൾ ടൂർണ്ണമെൻ്റ് ഒരുക്കി നാട് ധനസമാഹരിക്കുന്നു

> **Lead Summary:** **നാദാപുരം : [**മേഖലയിൽ വീണ്ടും വോളിബോൾ ആരവമൊരുങ്ങുന്നു. ദേശീയ വോളിബോൾ മേളയ്ക്ക് ഉമ്മത്തൂരിൽ തയ്യാറെടുപ്പ് തുടങ്ങി. വിദ്യാലയ വികസനത്തിന് വോളിബോൾ ടൂർണ്ണമെൻ്റ് ഒരുക്കി നാട് മറ്റൊരു മാതൃക തീർക്കുകയാണ്. വടകര വിദ്യാഭ്യാസ ജില്ലയിൽ പഠന പഠനാനുബന്ധ മേഖലകളിലും ഭൗതിക സാഹചര്യങ്ങളിലും മുന്നിട്ട് നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ എസ്. ഐ. ഹയർ സെക്കൻ്ററി സ്കൂൾ . ആധുനികമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നാട്ടുകാർ ഒന്നിക്കുന്നു.

## Article Content

**നാദാപുരം : [**മേഖലയിൽ വീണ്ടും വോളിബോൾ ആരവമൊരുങ്ങുന്നു. ദേശീയ വോളിബോൾ മേളയ്ക്ക് ഉമ്മത്തൂരിൽ തയ്യാറെടുപ്പ് തുടങ്ങി. വിദ്യാലയ വികസനത്തിന് വോളിബോൾ ടൂർണ്ണമെൻ്റ് ഒരുക്കി നാട് മറ്റൊരു മാതൃക തീർക്കുകയാണ്. വടകര വിദ്യാഭ്യാസ ജില്ലയിൽ പഠന പഠനാനുബന്ധ മേഖലകളിലും ഭൗതിക സാഹചര്യങ്ങളിലും മുന്നിട്ട് നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ എസ്. ഐ. ഹയർ സെക്കൻ്ററി സ്കൂൾ . ആധുനികമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നാട്ടുകാർ ഒന്നിക്കുന്നു.

അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഇതിന്നായി ശ്രമങ്ങൾ ആരംഭിച്ചു. അക്കാദമിക് രംഗത്തും കലാ കായിക രംഗങ്ങളിലും സ്കൂൾ ഇതിനകംതന്നെ ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളിൽ ഗവേഷണം ഉൾപ്പെടെയുള്ള അക്കാദമിക് മേഖലയിൽ സജീവമാണ്. വിവിധ രാജ്യങ്ങളിലെ തൊഴിൽ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട് .

വിദ്യാർത്ഥികളുടെ പഠനമികവിന്നാവശ്യമായ ഭൗതിക സൗകര്യങ്ങൾ മാനേജ്മെന്റ് ഒരുക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം കൂടുതൽ ബൃഹത്തായ ചില ലക്ഷ്യങ്ങളുമായാണ് നാട്ടുകാരുടെ കൂട്ടായ്മ രൂപപ്പെട്ടത്. സ്കൂളിൻ്റെ വിശാലമായ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം, ഭാഷാ ലാബുകൾ, വിശാലമായ കാൻ്റീൻ തുടങ്ങിയവ സ്ഥാപിക്കുന്നതിന് വിപുലമായ ധന ശേഖരണം ആവശ്യമാണ്. ആദ്യഘട്ടമെന്ന നിലക്ക് ദേശീയ വോളിബോൾ ടൂർണ്ണമെൻ്റ് നടത്താൻ സ്വാഗത സംഘം രൂപീകരിച്ചിരിക്കയാണ്.

വോളി ബോളിന്റെ ഈറ്റില്ലമായ കടത്താനാടിന്റെ മണ്ണിൽ വോളി മേളക്ക് ഉമ്മത്തൂർ സ്കൂൾ ഗ്രൗണ്ട് സജ്ജമാകുമ്പോൾ നാട്ടുകാരും വിദ്യാർഥികളും ഉത്സവലഹരിയിലാണ്. സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളെയും സൗഹാർദ്ധ ത്തിലൂടെയും സഹിഷ്ണുതയിലൂടെയും ഒന്നിപ്പിക്കുന്ന ഒരു മാനവമൈത്രി സംഗമമായി വോളി മേള മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഏപ്രിൽ മൂന്നാം വാരം നടക്കുന്ന വോളി ബോൾ മാമാങ്കത്തിൽ ഇന്ത്യയിലെ അറിയപ്പെടുന്ന മുഴുവൻ വോളി ടീമുകളും കളിക്കളത്തിൽ ഇറക്കുകയാണ് സംഘാടക സമിതിയുടെ ലക്ഷ്യം.

സ്കൂൾ വികസനവും മാനവ മൈത്രിയും സൗഹാർദ്ധവും ലക്ഷ്യം വെച്ച് നടക്കുന്ന ഈ വോളി ഉത്സവത്തിലേക്ക് എല്ലാവരുടെയും സഹായ സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി രക്ഷതികാരി അഹമ്മദ് പുന്നക്കൽ ചെയർപേഴ്സൺ നസീമ കൊട്ടാരത്തിൽ, ജനറൽ കൺവീനർ പ്രിൻസിപ്പൽ അബ്ദുറഹിമാൻ ട്രഷറർ കെ.കെ ഉസ്മാൻ എന്നിവർ പറഞ്ഞു. പി ടി എ പ്രസിഡൻ്റ് ജലീൽ കൊട്ടാരത്തിൽ , വൈ പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, കെ.സി ഉസ്മാൻ മാസ്റ്റർ, ഹാരിസ് കൊത്തിക്കുടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182531/national-volley-ummathoor-nation-collects-funds-organizing-volleyball-tournament-school-development)