---
title: "#shafiparambil | മുഖ്യമന്ത്രിക്ക് മോദിപ്പേടി; സിഎഎ നിയമത്തെ സിപിഎം  ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ -ഷാഫി പറമ്പിൽ"
english_title: "#ChiefMinister #afraid #Modi #CPM #used #CAA #against #Congress #ShafiParampil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198900/chiefminister-afraid-modi-cpm-used-caa-against-congress-shafiparampil"
published_at: "2024-04-15T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cf70129d28_shafi.jpg"
keywords: []
---

# #shafiparambil | മുഖ്യമന്ത്രിക്ക് മോദിപ്പേടി; സിഎഎ നിയമത്തെ സിപിഎം  ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ -ഷാഫി പറമ്പിൽ

> **Lead Summary:** **നാദാപുരം: **സിഎഎ നിയമത്തിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെക്കാൾ കൂടുതൽ വിമർശിച്ചത് രാഹുൽ ഗാന്ധിയെയെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വടകര പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: **സിഎഎ നിയമത്തിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെക്കാൾ കൂടുതൽ വിമർശിച്ചത് രാഹുൽ ഗാന്ധിയെയെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വടകര പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ നിയമത്തെ സിപിഎം ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ സംസാരിക്കുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനങ്ങൾ എല്ലാം രാഹുൽ ഗാന്ധിക്ക് എതിരെയായിരുന്നു.

മണിപ്പൂരിൽ രാഹുൽ ഗാന്ധി പോയില്ല എന്ന കള്ളം പറയാൻ പോലും മുഖ്യമന്ത്രിക്ക് മടിയുണ്ടായില്ല. സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ടിട്ടു പോലും മണിപ്പൂർ സന്ദർശിച്ച വ്യക്തിയാണ് രാഹുൽ ഗാന്ധി.

അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രി എന്തുകൊണ്ട് പോയില്ല എന്ന് മുഖ്യമന്ത്രി ചോദിക്കുന്നില്ല. മോദിയുടെ പേര് പറഞ്ഞ് എപ്പോഴെങ്കിലും മുഖ്യമന്ത്രി വിമർശിച്ചിട്ടുണ്ടെങ്കിൽ സിപിഎം പ്രവർത്തകർ അതൊന്ന് കാണിച്ചുതരണം.

ഒരു കാലത്ത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബാബാ രാംദേവും അണ്ണാ ഹസാരെയും ബൃന്ദ കാരാട്ടും അരുൺ ജെയ്റ്റ്ലിയുമൊക്കെ ഒരുമിച്ച് വേദി പങ്കിട്ട രാംലീല മൈതാനത്ത് അതെ കെജ്‌രിവാളിനുവേണ്ടി ജനാധിപത്യ വിരുദ്ധമായ അറസ്റ്റ് നടന്നപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കാനെത്തി.

എന്തുകൊണ്ട് കേരള മുഖ്യമന്ത്രി അതിൽ പങ്കെടുത്തില്ല എന്ന് വ്യക്തമാക്കണം. രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കുന്ന തീവ്രത എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുമ്പോൾ ഇല്ലാത്തത്? അവർ തമ്മിലുള്ള ബന്ധമാണ് അത് കാണിക്കുന്നത്. അവർ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നുണ്ടാവാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198900/chiefminister-afraid-modi-cpm-used-caa-against-congress-shafiparampil)