---
title: "#Ambulanceaccident  | ആംബുലൻസ് അപകടം ;കൂട്ടുകാരിയുടെ മരണത്തിന്‌ സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കം മാറാതെ പ്രസീത"
english_title: "#Ambulance #accident #Praseetha  #still #shaken #by #having #to #witness #the #death #of #sulochana "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205354/ambulance-accident-praseetha-still-shaken-by-having-to-witness-the-death-of-sulochana"
published_at: "2024-05-15T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66445e34c4ace_death_nada.jpeg"
keywords: []
---

# #Ambulanceaccident  | ആംബുലൻസ് അപകടം ;കൂട്ടുകാരിയുടെ മരണത്തിന്‌ സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കം മാറാതെ പ്രസീത

> **Lead Summary:** **നാദാപുരം: [ **കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുണ്ടായ ആംബുലൻസ് ദുരന്തത്തിൽ കൂട്ടുകാരിയുടെ മരണത്തിന്‌ സാക്ഷിയാകേണ്ടിവന്നതിന്റെ ആഘാതത്തിൽനിന്ന് മോചിതയാകാതെ പ്രസീത.

## Article Content

**നാദാപുരം: [ **കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുണ്ടായ ആംബുലൻസ് ദുരന്തത്തിൽ കൂട്ടുകാരിയുടെ മരണത്തിന്‌ സാക്ഷിയാകേണ്ടിവന്നതിന്റെ ആഘാതത്തിൽനിന്ന് മോചിതയാകാതെ പ്രസീത.

എന്താണ് നടന്നതെന്ന് വിവരിക്കാൻ പോലുമാകാത്ത നിസ്സഹായാവസ്ഥയിലാണ് അവർ. ദുരന്തത്തിൽ മരിച്ച സുലോചനയ്ക്കൊപ്പം ആശുപത്രിയിലും ആംബുലൻസിലും കൂടെയുണ്ടായിരുന്നത് അയൽവാസിയായ പുതിയാറക്കൽ താഴെക്കുനി പ്രസീതയായിരുന്നു.

ആംബുലൻസ് ദുരന്തത്തിൽ പ്രസീതയുടെ ചുണ്ടിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസീതയെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ച്ചാർജ് ചെയ്തു. തുടർന്ന് നാദാപുരം കക്കംവള്ളിയിലെ വീട്ടിലെത്തി.

അപകടമുണ്ടായപ്പോൾ ആംബുലൻസ് ഡ്രൈവർ ചില്ലുതകർത്താണ് പുറത്തേക്ക് രക്ഷപ്പെട്ടത്. ഇതുവഴിയാണ് പ്രസീതയും പുറത്തേക്ക് ചാടിയത്. ചാടുന്നതിനിടയിലാണ് കൈക്കിനും കാലിനും കണ്ണിനും പരിക്കുള്ളത്. താടിയെല്ലിന് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കാത്തനിലയിലാണ്.

പ്രസീതയും മാണിക്കോത്ത് സുലോചനയുടെ കുടുംബവും അയൽവാസികളും അടുത്തസുഹൃത്തുകളുമാണ്. സുലോചനയുടെ മകൾ വിദേശത്തും മകൻ എറണാകുളത്തുമാണ്. ഹൃദയസംബന്ധമായ അസുഖം വന്നതിനെത്തുടർന്ന് സുലോചനയ്ക്ക് കൂട്ടിരിപ്പിനാണ് പ്രസീതയെക്കൂടി കൂട്ടിയത്.

സുലോചന പത്ത് വർഷമായി നാദാപുരം കക്കംവള്ളിയിലും പരിസരപ്രദേശങ്ങളിലും നൃത്താധ്യാപികയായിരുന്നു. പിന്നീട്‌ അസുഖത്തെത്തുടർന്ന് നൃത്തം പഠിപ്പിക്കുന്നത് നിർത്തിയിരുന്നു. അതിരാവിലെത്തന്നെ നാദാപുരം മേഖലയിൽ ദുരന്തവാർത്തയെത്തിയിരുന്നു.

വിവരം അറിഞ്ഞയുടനെ സി.പി.എം. നേതാവ് സി.എച്ച്. മോഹനൻ, ഏരോത്ത് ഫൈസൽ തുടങ്ങിയവർ കോഴിക്കോട്ടെ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലിന് സുലോചനയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഇ.കെ. വിജയൻ എം.എൽ.എ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു, ബംഗ്ലത്ത് മുഹമ്മദ് തുടങ്ങിയവർ അനുശോചിച്ചു.

അടിയന്തരശസ്ത്രക്രിയക്കായി കൊണ്ടുവരുമ്പോഴാണ് ആശുപത്രിക്ക് സമീപം മറിഞ്ഞ ആംബുലൻസിന് തീപിടിച്ച് നാദാപുരം കക്കംവെള്ളി മാണിക്കോത്ത് സുലോചന (57)ആണ് ദാരുണമായി മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ള ആറുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽനിന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസാണ് പൂർണമായും കത്തിയമർന്നത്. ചൊവ്വാഴ്ച പുലർച്ചെ 3.25-നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കനത്തമഴയും അധികവേഗവും കാരണം ആംബുലൻസ് നിയന്ത്രണംവിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

‌ റോഡരികിൽ സ്ഥാപിച്ച കെ.എസ്.ഇ.ബി.യുടെ ഇരട്ടത്തൂണിലിടിച്ച് നിയന്ത്രണംവിട്ട ആംബുലൻസ് മറിയുകയായിരുന്നു. അല്പസമയത്തിനകം ആംബുലൻസിൽനിന്ന് സമീപത്തുള്ള രണ്ടുകെട്ടിടങ്ങളിലേക്കും തീപടർന്നു. ആംബുലൻസിൽ സ്‌ട്രെച്ചറിൽ ബെൽറ്റിട്ട് കിടത്തിയ നിലയിലായിരുന്ന സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല.

ആംബുലൻസിന്റെ ചില്ലുതകർത്താണ് ഡ്രൈവർ ഉൾപ്പെടെയുള്ളവർ പുറത്തേക്കുവന്നത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് സുലോചന വെന്തുമരിക്കുകയായിരുന്നു.

സുലോചന, ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, മലബാർ ആശുപത്രിയിലെ ഡോ. ഫാത്തിമ സഫ, നഴ്‌സുമാരായ ഹർഷ, കണ്ണൂർ കോലഞ്ചേരി നാലാംപീടികയിൽ ജസീറ ഹൗസിൽ ജാഫർ, ഡ്രൈവർ അർജുൻ എന്നിവരാണ് ആംബുലൻസിലുണ്ടായിരുന്നത്.ഇവരിൽ ചന്ദ്രനും ജാഫറും മിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

പരേതരായ ഗോവിന്ദൻ പണിക്കരുെടയും (മുതുകാട്) അമ്മിണിയുടെയും മകളാണ് സുലോചന. മക്കൾ: ഡോ. പല്ലവി എസ്. ചന്ദ്രൻ, പ്രണവ് എസ്. ചന്ദ്രൻ (എൻജിനിയർ). മരുമക്കൾ: ശ്രീനാഥ് (നിലമ്പൂർ), ആര്യ പ്രസന്നൻ. സഹോദരങ്ങൾ: സുകുമാരൻ (മുതുകാട്), സിന്ധു (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205354/ambulance-accident-praseetha-still-shaken-by-having-to-witness-the-death-of-sulochana)