---
title: "#Healthdepartment | ശുചിമുറി മാലിന്യം  പൊതു ഓടയിലേക്ക് ഒഴുക്കി; നാദാപുരത്ത് ആരോഗ്യ വിഭാഗം നിയമ നടപടി ആരംഭിച്ചു"
english_title: "#toilet #waste #into #public #drain #Health #department #initiated #legal #action #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221028/toilet-waste-into-public-drain-health-department-initiated-legal-action-nadapuram"
published_at: "2024-07-18T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66992e9d242f6_waste.jpg"
keywords: []
---

# #Healthdepartment | ശുചിമുറി മാലിന്യം  പൊതു ഓടയിലേക്ക് ഒഴുക്കി; നാദാപുരത്ത് ആരോഗ്യ വിഭാഗം നിയമ നടപടി ആരംഭിച്ചു

> **Lead Summary:** **നാദാപുരം :**ഇതര സംസ്ഥാന തൊഴിലാളികളും മറ്റ് കുടുംബങ്ങളും താമസിക്കുന്ന നാദാപുരം ഫെഡറൽ ബാങ്കിന് സമീപത്തെ സൈദ് ബിൽഡിങ്ങിൽ നിന്നും ശുചിമുറി മാലിന്യം സമീപത്തെ പൊതു ഓടയിലേക്ക് ഒഴുക്കി എന്ന പരാതിയിൽ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ശുചിമുറി മാലിന്യം ഒഴുക്കിയതായി ബോധ്യപ്പെട്ടു.

## Article Content

**നാദാപുരം :**ഇതര സംസ്ഥാന തൊഴിലാളികളും മറ്റ് കുടുംബങ്ങളും താമസിക്കുന്ന നാദാപുരം ഫെഡറൽ ബാങ്കിന് സമീപത്തെ സൈദ് ബിൽഡിങ്ങിൽ നിന്നും ശുചിമുറി മാലിന്യം സമീപത്തെ പൊതു ഓടയിലേക്ക് ഒഴുക്കി എന്ന പരാതിയിൽ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ശുചിമുറി മാലിന്യം ഒഴുക്കിയതായി ബോധ്യപ്പെട്ടു.

സൈദ് ബിൽഡിങ്ങിൽ അനധികൃതമായി ആളുകളെ താമസിപ്പിക്കുകയും മാലിന്യ സംസ്കരണത്തിന് യാതൊരു ശാസ്ത്രീയ സംവിധാനവും ഇല്ലാതെയാണ് ആളുകളെ താമസിപ്പിക്കുന്നത് എന്നും കണ്ടെത്തി.

നാദാപുരത്തെ വിവിധ സ്ഥാപനങ്ങളിലെ തുണികൾ തയ്ച്ചു നൽകുന്ന ജോലികളും ഈ കെട്ടിടത്തിൽ നടക്കുന്നു. ഇതിന് ഗ്രാമപഞ്ചായത്തിന്റെ അനുമതിയോ ലൈസൻസൊ ഇല്ല.

കെട്ടിടത്തിനു മുകളിൽ മുഴുവൻ സ്ഥലങ്ങളിലും മാലിന്യം കുന്നു കൂടിയിരിക്കുന്നു.

ശുചിമുറി മാലിന്യം നിർമാർജനം ചെയ്യാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മാലിന്യം സമീപത്തെ ഓടയിൽ ഒഴുക്കുകയും ഈ മലിന ജലം പുളിക്കൂൽ തോട്ടിലേക്ക് ഒഴുകിയെത്തുന്നതായും ആരോഗ്യ വിഭാഗം കണ്ടെത്തി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്യുന്ന ഈ സമയത്ത് ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുകി എത്തിയാൽ വ്യാപകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിഭാഗം വിലയിരുത്തുന്നു.

കെട്ടിട ഉടമയുടെ പേരിൽ നിയമ നടപടികൾ ആരംഭിച്ചതായി നാദാപുരം താലൂക്ക് ആശുപത്രി ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221028/toilet-waste-into-public-drain-health-department-initiated-legal-action-nadapuram)