---
title: "#Healthwarning  | ആരോഗ്യ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍"
english_title: "#Health #warning #Things #keep #mind #returning #home #after #floods"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224463/health-warning-things-keep-mind-returning-home-after-floods"
published_at: "2024-07-31T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa2ae06d65c_rain.jpg"
keywords: []
---

# #Healthwarning  | ആരോഗ്യ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

> **Lead Summary:** **നാദാപുരം :[**വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴുകി വൃത്തിയാക്കുക.

## Article Content

**നാദാപുരം :[**വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴുകി വൃത്തിയാക്കുക.

വൃത്തിയാക്കിയ വീടുകളിലും, സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഒഴിച്ച് അണുനശീകരണം നടത്തുക.

പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കുക കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.

വെള്ളക്കെട്ട് മൂലം മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കുക. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ സ്വീകരിക്കേണ്ടതും എലിപ്പനിക്കെതിരെ പ്രതിരോധമരുന്ന് കഴിക്കേണ്ടതുമാണ്.

ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്. അടഞ്ഞുകിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരയോഗ്യമാക്കുക.

വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും മറ്റും ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിനുശേഷം ഉപയോഗിക്കേണ്ടതാണ്. ഭക്ഷണപാനീയങ്ങള്‍ സംഭരിക്കാനും, പാചകം ചെയ്യാനും ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ ശുദ്ധമാക്കുന്നതിന് ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക.

കൈകാല്‍ കഴുകുന്നതിനും മറ്റും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കുക. വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുകയും, പാദങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാനിടയുള്ളതിനാല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതും കടിയേറ്റാല്‍ വൈദ്യസഹായം തേടേണ്ടതുമാണ്.

ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവയുടെ ഉപയോഗക്രമത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

കൊതുക്, കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത് അതാതു പ്രാഥമിക കേന്ദ്രങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224463/health-warning-things-keep-mind-returning-home-after-floods)