---
title: "#reliefcamp |  നാടിന് എന്ത് പറ്റി ? പകച്ച്  നിന്ന രാജസ്ഥാൻ സ്വദേശിയുടെ കാരുണ്യ പുതപ്പിൽ കുറുവന്തേരിയിലെ ദുരിതാശ്വാസ ക്യാമ്പ്   "
english_title: "#about #country #relief #camp #Kuruvantheri #mercy #blanket #bereaved #Rajasthan #native"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225399/about-country-relief-camp-kuruvantheri-mercy-blanket-bereaved-rajasthan-native"
published_at: "2024-08-03T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae70e17d9e9_irignr45.jpg"
keywords: []
---

# #reliefcamp |  നാടിന് എന്ത് പറ്റി ? പകച്ച്  നിന്ന രാജസ്ഥാൻ സ്വദേശിയുടെ കാരുണ്യ പുതപ്പിൽ കുറുവന്തേരിയിലെ ദുരിതാശ്വാസ ക്യാമ്പ്   

> **Lead Summary:** **നാദാപുരം:[**പതിവ് തെറ്റാതെ രാജസ്ഥാൻ മരുഭൂമി കടന്ന് ഉപജീവന മാർഗം തേടി മനോജ് കുമാർ ഈ മഴക്കാലത്തും കോഴിക്കോടിൻ്റെ മലയോര ഗ്രാമത്തിലേക്ക് പുറപ്പെട്ടു.

## Article Content

**നാദാപുരം:[**പതിവ് തെറ്റാതെ രാജസ്ഥാൻ മരുഭൂമി കടന്ന് ഉപജീവന മാർഗം തേടി മനോജ് കുമാർ ഈ മഴക്കാലത്തും കോഴിക്കോടിൻ്റെ മലയോര ഗ്രാമത്തിലേക്ക് പുറപ്പെട്ടു.

നല്ല കമ്പിളി പുതപ്പിനൊപ്പം സ്നേഹം വിളമ്പുന്ന മനോജിന് ഇവിടെ എത്തിയപ്പോൾ എന്തൊക്കയോ അസ്വാഭാവികത. വളയം ചെക്യാട് ഗ്രാമ പഞ്ചായത്തുകളുടെ മലയോരമായ കണ്ടിവാതുക്കലും കാലി കൊളുമ്പിലും ഇന്ന് രാവിലെ എത്തിയപ്പോൾ വീടുകൾ അടഞ്ഞ് കിടപ്പാണ് , തെരുവ് വിജനം , പരിചയക്കാരാരുമില്ല.

തിരക്കിൽ പോവുകയായിരുന്ന സിപിഐ എം പ്രാദേശിക നേതാവ് വി.പി ചന്ദ്രനോട് കാര്യം അന്വേഷിച്ചപ്പോഴാണ് ആയോട് മലയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് ഈ നാടാകെ സങ്കടകടലിലാണെന്ന് അറിഞ്ഞത്.

ജീവന് ഭീഷണിയുള്ളതിനാൽ ഇവിടെയുള്ള ഇരുന്നൂറിലധികം പേരെ സർക്കാർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണെന്ന വാർത്ത ഈ അയൽ നാടുകാരൻ്റെ ഉള്ളുരുക്കി.

പ്രിയപ്പെട്ടവർക്ക് വേണ്ടി തനിക്ക് എന്ത് ചെയ്യുമെന്നായി പിന്നെ തൻ്റെ എന്ത് സഹായവും സ്വീകരിക്കുമെന്ന് ഉറപ്പ് കിട്ടിയതോടെ താൻ വിറ്റ് കുടുംബം പോറ്റാൻ കൊണ്ടു വന്ന പുതപ്പുകളുടെ കെട്ടും ചുമന്ന് കുറുവന്തേരി യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി.

മനോജ് കുമാറിൻ്റെ സ്നേഹ സംഭാവന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഏറ്റുവാങ്ങി ക്യാമ്പിൽ താമസിക്കുന്നവർക്ക് നൽകി.

തൻ്റെ പരിചയക്കാരല്ലാം സുരക്ഷിതരാണെന്ന സന്തോഷത്തോടെ മനോജ് ഏറെ നേരം ക്യാമ്പിൽ ചിലവഴിച്ചാണ് മടങ്ങിയത്. പായേൻ്റവിട മൂസയും എൻ കുമാരനും തയ്യിൽ ശ്രീധരനും ഉൾപ്പെടെ ക്യാമ്പിന് നേതൃത്വം നൽകുന്നവർ മനോജിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225399/about-country-relief-camp-kuruvantheri-mercy-blanket-bereaved-rajasthan-native)