---
title: "#VDamumaster | വിടവാങ്ങിയത്  ചൂഷിത രഹിത സമൂഹത്തിനായി സഹകാരണ പ്രസ്ഥാനത്തിന് വിത്ത്പാകി വളർത്തിയ നേതാവ് "
english_title: "#leader #planted #seeds #for #cooperative #movement #for #exploitation #free #society #has #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226100/leader-planted-seeds-for-cooperative-movement-for-exploitation-free-society-has-passed-away"
published_at: "2024-08-06T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2151a3cd20_aaa.jpg"
keywords: []
---

# #VDamumaster | വിടവാങ്ങിയത്  ചൂഷിത രഹിത സമൂഹത്തിനായി സഹകാരണ പ്രസ്ഥാനത്തിന് വിത്ത്പാകി വളർത്തിയ നേതാവ് 

> **Lead Summary:** **നാദാപുരം: **ജീവിത സായാഹ്നത്തിൽ ഇന്ന് വിട വാങ്ങിയ വി ദാമു മാസ്റ്ററുടെ വേർപാട് നാടിന് നഷ്ടമായത് ജനകീയനായ പൊതു പ്രവർത്തകനെ .ചൂഷിത രഹിത സമൂഹത്തിനായി സഹകാരണ പ്രസ്ഥാനത്തിന് വിത്ത്പാകി വളർത്തിയ നേതാവ് വളർന്ന് വന്നത് ഭേദപ്പെട്ട കർഷക കുടുംബത്തിൽ നിന്നെന്നതും ശ്രദ്ധേയം.

## Article Content

**നാദാപുരം: **ജീവിത സായാഹ്നത്തിൽ ഇന്ന് വിട വാങ്ങിയ വി ദാമു മാസ്റ്ററുടെ വേർപാട് നാടിന് നഷ്ടമായത് ജനകീയനായ പൊതു പ്രവർത്തകനെ .ചൂഷിത രഹിത സമൂഹത്തിനായി സഹകാരണ പ്രസ്ഥാനത്തിന് വിത്ത്പാകി വളർത്തിയ നേതാവ് വളർന്ന് വന്നത് ഭേദപ്പെട്ട കർഷക കുടുംബത്തിൽ നിന്നെന്നതും ശ്രദ്ധേയം.

ജന്മിമാരും ഭൂപ്രമാണികളും കർഷകരെയും തൊഴിലാളികളെയും സാമ്പത്തികമായി ചൂഷണം ചെയ്ത കാലം.

ജീവിക്കാനും കൃഷി ചെയ്യാൻ വിത്തും വളവും വാങ്ങാൻ കിണ്ടിയും കിണ്ണവും വരെ പണയം വെക്കണം.

ഒടുവിൽ കടക്കെണിയിൽ കുരുങ്ങി സാധാരണക്കാരുടെ ഉള്ള സമ്പാധ്യവും കൊള്ളയടിക്കപ്പെട്ടു. ചെക്യാട് ,വളയം, വാണിമേൽ പഞ്ചായത്തുകളിലെങ്ങും അൻപതുകളിൽ സ്ഥിതി സമാനമായിരുന്നു.

കർഷക കുടുംബത്തിൽ പിറന്ന കമ്മ്യൂണിസ്റ്റായ യുവ അധ്യാപകൻ വയലിൽ ദാമോദരന് ഈ അനീതി അസഹനീയമായിരുന്നു.

തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് പരസ്പര സഹായ സഹകരണ സംഘങ്ങൾ രൂപീകരിച്ച് കമ്മ്യൂണിസ്റ്റും മുൻ എം എൽ എ യുമായ ഇവി കുമാരനൊപ്പം വടകര താലൂക്കിലാകെ സഹകരണ പ്രസ്ഥാനത്തിന് വിത്ത് പാകാൻ മുൻനിരയിൽ പ്രവർത്തിച്ചു.

സിപിഐ എം ചെക്യാട് വളയം വാണിമേൽ സംയുക്ത ലോക്കൽ കമ്മറ്റികളുടെ സെക്രട്ടറിയായും നാദാപുരം ഏരിയാ കമ്മറ്റി അംഗമായും ആറര പതിറ്റാണ്ട് കാലത്തെ പൊതു ജീവിതത്തിനിടയിൽ വി ദാമു മാസ്റ്ററുടെ വലിയ അടയളപ്പെടുത്തലാണ് ഇന്ന് ജില്ലയിലെ തന്നെ മികച്ച സഹകരണ സ്ഥാപനമായ ചെക്യാട് സഹകരണ ബാങ്ക്.

ഒപ്പം കർഷകരുടെ പ്രത്യാശമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ഡിസ്ട്രിക്റ്റ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെയും (എൻഎംഡിസി ) കേരകർഷകരുടെ ആശാ കേന്ദ്രമായ കക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരോദയ സംരഭകരായവടകര താലൂക്ക് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെയും വളർച്ചയിൽ കുതിപ്പ് നൽകിയ സാരഥികളിൽ ഒരാളായിരുന്നു അദ്ദേഹം.

ഐക്യ നാണയ സംഘത്തിൽ നിന്ന് ചെക്യാട് സഹകരണ ബാങ്കായി ഉയർന്നത് മുതൽ മൂന്ന് പതിറ്റാണ്ടോളം വി ദാമു മാസ്റ്ററായിരുന്നു അമരക്കാരൻ.

താലൂക്ക് ലാൻ്റ് ബോർഡ് അംഗമായും പ്രവർത്തിച്ചു.

ബ്ലോക്ക് ഡവലപ്പ് മെൻ്റ് കമ്മറ്റി ചെയർമാനായ വി. ദാമു മാസ്റ്റർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ജനകീയനായ ജനപ്രതിധിയായിമാറി.

നാദാപുരം മേഖല കലാപ ഭൂമിയായ കാലത്ത് സൗഹൃദങ്ങൾ ഊട്ടി വിളക്കിയ സമാധാന ദൂതനായാണ് സർവ്വ കക്ഷി നേതാക്കൾക്കിടയിൽ ദാമു മാസ്റ്റർ അറിയപ്പെട്ടത്.

പുതിയ കാലത്തെ ഭൂമാഫിയകളും റിയൽ എസ്റ്റേറ്റ് സംഘങ്ങളും കൈയ്യടക്കാൻ ശ്രമിച്ച അരീക്കരക്കുന്നിലെ ഏക്കർ കണക്കിന് ഭൂമിയും മഞ്ഞപ്പള്ളി മൈതാനവും പൊതു ഭൂമിയാക്കി മാറ്റുന്നതിൽ ധീരമായ നിലപാടാണ് ദാമു മാസ്റ്റർ സ്വീകരിച്ചത്.

സ്പടികം പോലെ സംശുദ്ധിയുള്ള പൊതു പ്രവർത്തകൻ, വ്യക്തി താല്പര്യങ്ങൾക്കോ സ്വകാര്യ തല്പര്യങ്ങൾക്കോ വഴങ്ങിയില്ല എന്നതിനാൽ തന്നെ പുതിയ കാലത്തിന് മാതൃകയായാണ് ദാമു മാസ്റ്ററുടെ ജീവിതം.

മന്ത്രി പി പ്രസാദ് , പി ബി സലിം ഐഎഎസ്, സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം എന്നിവർ അനുശോചനം അറിയിച്ചു.

ഇ.കെ വിജയൻ എംഎൽഎ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ, വൈ. പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരായ നസീമ കൊട്ടാരത്തിൽ , കെ.പി പ്രദീഷ്

സിപിഐ എം നേതാക്കളായ പി ജയരാജൻ, പി മോഹനൻ, കെ.കെ ലതിക,പി പി ചാത്തു, വി പി കുഞ്ഞികൃഷ്ണൻ , എ എം റഷീദ് , വി പവിത്രൻ,

സിപിഐ നേതാവ് സി എൻ ചന്ദ്രൻ, ടി.കെ രാജൻ മുസ്ലിം ലീഗ് നേതാക്കൾ അഹമ്മദ് പുന്നക്കൽ, എൻ കെ മൂസ മാസ്റ്റർ  കോൺഗ്രസ് നേതവ് കെ. കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

പൂവ്വം വയൽ എൽ പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു ദാമു മാസ്റ്റർ.

ഭാര്യ: ദേവി.

മക്കൾ : ഷീല ,ഗീത ,ഷീജ (അധ്യാപിക പൂവ്വം വയൽ എൽ പി സ്കൂൾ). ഷാജി (ബിസിനസ് ബംഗ്ലളുരു).

മരുമക്കൾ : രാജൻ ( റിട്ട അധ്യാപകൻ പൊയിലൂർ), ദിനേശൻ (റിട്ട അധ്യാപകൻ ചമ്പാട്), ഉഷസ് (സൈൻ്റിസ്റ്റ്, ബംഗലൂരു), പരേതനായ (ജയരാജ് മുക്കാളി, കെഎസ്എഎഫ്ഇ മാനേജർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226100/leader-planted-seeds-for-cooperative-movement-for-exploitation-free-society-has-passed-away)