---
title: "#vilangadlandslide | മലയിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ വാണിമേൽ പുഴയിൽ ജലവിതാനം ഉയർന്നു "
english_title: "#Heavy #rain #mountain #water #level  #Vanimel #river #rose #during #floodplain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227462/heavy-rain-mountain-water-level-vanimel-river-rose-during-floodplain"
published_at: "2024-08-11T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8af7a2d8b5_puzha3.jpg"
keywords: []
---

# #vilangadlandslide | മലയിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ വാണിമേൽ പുഴയിൽ ജലവിതാനം ഉയർന്നു 

> **Lead Summary:** **നാദാപുരം :[** രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വനമേഖലയിൽ വീണ്ടും കനത്ത മഴ . മലവെള്ളപ്പാച്ചലിൽ വിലങ്ങാട് വഴി ഒഴുകുന്ന വാണിമേൽ പുഴയിൽ ജലവിതാനം ഇരട്ടിച്ചു.

## Article Content

**നാദാപുരം :[** രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വനമേഖലയിൽ വീണ്ടും കനത്ത മഴ . മലവെള്ളപ്പാച്ചലിൽ വിലങ്ങാട് വഴി ഒഴുകുന്ന വാണിമേൽ പുഴയിൽ ജലവിതാനം ഇരട്ടിച്ചു.

തെളിഞ്ഞ് ഒഴുകുന്ന പുഴയിൽ ഇന്ന് വൈകീട്ടോടെ മണ്ണും ചെളിയും കുത്തിയൊലിച്ച് ഒഴുകി . പുഴയോര വാസികൾക്ക് നിലവിൽ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, വിലങ്ങാട് ദുരന്തത്തിൻ്റെ അവലോകന യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ നാശനഷ്ട കണക്കുകൾ അവതരിപ്പിച്ചു. നൂറ് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കുകളിൽ പറയുന്നു.

മന്ത്രിമാർ പങ്കെടുത്ത് ഇന്ന് ചേർന്ന ഉന്നത തല ഓൺലൈൻ യോഗത്തിലാണ് വിവിധ വകുപ്പുകൾ നഷ്ടത്തിന്റെ കണക്കുകൾ അവതരിപ്പിച്ചത്.

14 വീടുകൾ പൂർണമായും ഒഴുകി പോയതായി വടകര ആർഡിഒയും വിലങ്ങാട് ദുരന്തനിവാരണത്തിന്റെ നോഡൽ ഓഫീസറുമായ പി അൻവർ സാദത്ത് പറഞ്ഞു.

ഇതുൾപ്പെടെ 112 വീടുകൾ വാസയോഗ്യമല്ല. താമസ യോഗ്യമല്ലാത്ത വീടുകളുടെ മുഴുവൻ കണക്കും പൂർത്തിയായിട്ടില്ല. നാല് കടകളാണ് നശിച്ചത്. 5.8 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കേരള റോഡ് ഫണ്ട്‌ ബോർഡ് (കെആർഎഫ്ബി) വ്യക്തമാക്കി.

ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ തകർന്നത് ഉൾപ്പെടെ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡ് വിഭാഗം കണക്കാക്കിയത്.

ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.

2.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി പിഡബ്ല്യുഡി കെട്ടിട വിഭാഗവും 35.3 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റിയും അറിയിച്ചു.

വിലങ്ങാട് ആദിവാസികളുടെ ട്രൈബൽ സൊസൈറ്റി സംഭരിച്ച 1800 കിലോ തേനും 60 കിലോ ചെറുതേനും കെട്ടിടവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു.

പന്നിയേരി, കൂറ്റല്ലൂർ, മാടാഞ്ചേരി, വായാട് ഉന്നതികളിലേക്കുള്ള പാലവും റോഡും തകർന്നു. വായാട് ഉന്നതിയിലേക്കുള്ള കുടിവെള്ള പദ്ധതി പൂർണമായും തകർന്നു.

അങ്കണവാടികളെയും ബാധിച്ചു. 6.06 കോടിയുടെ നഷ്ടമാണ് കെഎസ്ഇബി വിലയിരുത്തിയത്. റോഡുകൾ, കുടിവെള്ള പദ്ധതികൾ, കലുങ്കുകൾ, കെട്ടിടങ്ങൾ ഉൾപ്പെടെ മൊത്തം 14.62 കോടി രൂപയുടെ നഷ്ടമുണ്ടായതായി വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി സുരയ്യ അറിയിച്ചു.

ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ നാശം സംഭവിച്ചതായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രതിനിധി അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227462/heavy-rain-mountain-water-level-vanimel-river-rose-during-floodplain)