---
title: "#Case |  സിപിഎം നേതാവിനെ ആക്രമിച്ച കേസ്; പ്രതിയായ നാദാപുരം എസ് ഐക്കെതിരെ ജാമ്യമില്ലാ വാറന്റ്"
english_title: "#Case #assault #CPM #leader #Non #bailable #warrant #against #accused #Nadapuram #SI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/227528/case-assault-cpm-leader-non-bailable-warrant-against-accused-nadapuram-si"
published_at: "2024-08-11T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8f81e0819f_true.jpg"
keywords: []
---

# #Case |  സിപിഎം നേതാവിനെ ആക്രമിച്ച കേസ്; പ്രതിയായ നാദാപുരം എസ് ഐക്കെതിരെ ജാമ്യമില്ലാ വാറന്റ്

> **Lead Summary:** **നാദാപുരം:[ ** സിപിഎം നേതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ എസ് ഐക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

## Article Content

**നാദാപുരം:[ ** സിപിഎം നേതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ എസ് ഐക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

സിപിഎം മുൻ ഏരിയ കമ്മറ്റി അംഗവും വെള്ളിയോട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പിടിഎ പ്രസിഡന്റും വാണിമേൽ ലോക്കൽ കമ്മറ്റി അംഗവുമായ കെ പി രാജനെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന കേസിലാണ് വാറന്റ് പുറപ്പെടുവിച്ചത്.

മുൻ വളയം എസ് ഐയും ഇപ്പോൾ നാദാപുരം പ്രിൻസിപ്പൽ എസ് ഐയുമായ അനീഷ് വടക്കേടത്തിനെതിരെയാണ് നാദാപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അമൃത അരവിന്ദ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

പരാതിക്കാരൻ നാദാപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ബോധിപ്പിച്ച പരാതിയിലാണ് കേസ്. 2023 ഫെബ്രുവരി ഏഴാം തിയ്യതിയാണ് പരാതിക്കാരൻ രാജന്റെ വീട്ടിലേക്ക് എസ് ഐ അതിക്രമിച്ച് കയറിയത്.

ഗർഭിണിയായ സഹോദരിയെ ആക്രമിക്കുകയും പരാതിക്കാരനെ പിടിച്ച് വലിച്ച് ജീപ്പിൽകയറ്റി കൊണ്ടുപോവുകയും രക്ത സമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞ് വീണപ്പോൾ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

മദ്യ ലഹരിയിലായിരുന്ന പ്രതിയെ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തണമെന്ന് ആവിശ്യപ്പെട്ടപ്പോൾ ഓടി രക്ഷപ്പെട്ട് മറ്റൊരു വണ്ടിയിൽ കയറി സ്ഥലംവിട്ടു.

സംഭവത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ മുൻപാകെ പരാതിയും നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ സ്വകാര്യ അന്യായവും ബോധിപ്പിക്കുകയായിരുന്നു.

സാക്ഷികളെ വിസ്തരിച്ച് കേസ് എടുത്തെങ്കിലും ഹാജരാവാത്തതിനെ തുടർന്നാണ് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. അന്യായക്കാരന് വേണ്ടി അഡ്വ പി രാഹുൽ രാജ് ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/227528/case-assault-cpm-leader-non-bailable-warrant-against-accused-nadapuram-si)