നാദാപുരം : (nadapuram.truevisionnews.com) അപ്രതീക്ഷിതമായാണ് കുരുന്നുകൾക്കിടയിലേക്ക് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി എത്തിയത്.
സ്കൂളിൽ പുതുതായി എത്തിയ അതിഥി ആരെന്നറിയാതെ കുട്ടികൾ ആദ്യമൊന്ന് പകച്ചു, എന്നാൽ പെട്ടെന്ന് തന്നെ കളം വീണ്ടെടുത്ത അവർ, പിന്നീട് അതിഥിക്ക് ഒപ്പമായി കളിയും ചിരിയുെമെല്ലാം.
കടലുണ്ടി ഒന്നാംവാർഡിലെ സി 109ാം നമ്പർ ഉദയ അങ്കണവാടിയിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ അപ്രതീക്ഷിതമായി കടന്നു ചെന്നത്. വനിതാ കമ്മിഷൻ സംഘടിപ്പിച്ച തീരദേശ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി തീരപ്രദേശത്ത് ഒറ്റപ്പെട്ട് താമസിക്കുന്നവരും രോഗബാധിതരുമായ വനിതകളുടെ വീടുകൾ സന്ദർശിക്കുന്നതിനിടയിലായിരുന്നു ഇത്.
കുട്ടികളുടെ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ അഡ്വ. പി. സതീദേവി എളുപ്പത്തിൽ അവരെ കൈയിലെടുത്തു. അവർക്കൊപ്പം പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുറച്ചു നേരം സ്കൂളിൽ ചെലവഴിച്ചാണ് അവർ മടങ്ങിയത്.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുഷ, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, എക്സ്റ്റൻഷൻ ഓഫീസർ ഡോ. കെ വിജുല, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ, വാർഡ് അംഗം റബീലത്ത്, സാഗരമിത്ര തൻസില തുടങ്ങിയവരും അവരോടൊപ്പമുണ്ടായിരുന്നു.
#Children #dancing #singing #with #women #commission #president