നാദാപുരം: (nadapuram.truevisionnews.com) മാനവികതയുടെ പൊതു ഇടങ്ങൾക്ക് ഗൃഹാതുരമായ ആതിഥ്യമരുളുകയാണ് നാദാപുരം.
ജനകീയ സംഘാടനത്തിൻ്റെ അരങ്ങ് ഉണർന്നപ്പോൾ കൗമാരോത്സവത്തിൻ്റെ അണിയറയൊരുക്കാൻ കല്ലാച്ചി പയന്തോങ്ങിലെ വീടുകളും മനസ്സുകളും ഇതിനകം ഒരുങ്ങി കഴിഞ്ഞു.
നാലുദിവസം നീളുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന് നാളെ കല്ലാച്ചിയിൽ തുടക്കമാകും.
നവംബർ 12,13,14,15 തിയ്യതികളിൽ കല്ലാച്ചി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന 2024-25 അധ്യയന വർഷത്തെ നാദാപുരം ഉപജില്ലാ സ്കൂൾ കലോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
292 ഇനം മൽസരങ്ങളിലായി 82 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തിനടുത്ത് കലാ പ്രതിഭകൾ മാറ്റുരക്കും.
മുഴുവൻ രചനാ മൽസരങ്ങളും നാളെ രാവിലെ 9 ന് കല്ലാച്ചി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിക്കും.
പകൽ 2.30 ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസത്ത് നിന്ന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും.
കല്ലാച്ചി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വരെ സഞ്ചരിക്കുന്ന ഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും താളമേള വാദ്യഘോഷങ്ങളും അണിനിരക്കും.
സാംസ്കാരിക ഘോഷയാത്രയിൽ വിവിധ സാംസ്കാരിക ക്ലബുകൾ അവതരിപ്പിക്കുന്ന ഫ്ലോട്ടുകൾക്കും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വിദ്യാലയങ്ങൾക്കും സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് നാലിന് സ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ കലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി അധ്യക്ഷനാകും. ജനപ്രതിനിധികളും രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
13, 14 , 15 തിയ്യതികളിൽ 8 വേദികളിലായി കലാ മൽസരം നടക്കും , ഇലഞ്ഞി, ദേവതാരു , നീർമാതളം, പവിഴമല്ലി , ചെമ്പകം, ഗുൽമോഹർ , നീലകുറിഞ്ഞി, മൈലാഞ്ചി എന്നിങ്ങനെയാണ് വേദികളുടെ പേരുകൾ.
കല്ലാച്ചി ഗവ. യുപി സ്കൂളിലും പയന്തോങ്ങ് ടൗണിന് സമീപവും വേദികൾ ഒരുക്കിയിട്ടുണ്ട്. പയന്തോങ്ങ് ഹൈടെക്ക് കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കിയ ഭക്ഷണ ശാലയിലാണ് ഭക്ഷണം സജ്ജീകരിച്ചിട്ടുള്ളത്.
15 ന് വൈകിട്ട് സമാപന സമ്മേളനം നാദാപുരം എം എൽ എ ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.
മാനവികതയുടെ ജനകീയ ഉത്സവം തീർക്കാൻ എല്ലാവരും കലോത്സവത്തിൻ്റെ ഭാഗമാകണമെന്ന് സ്വാഗത സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി , ജനറൽ കൺവീനർ ശ്രീഷ ഒതയെടത്ത് എഇഒ രാജീവൻ പുതിയെടുത്ത് , കൺവീനർ മഹേഷ് ടി ,പിടിഎ പ്രസിഡൻ്റ് എ ദിലീപ് കുമാർ, പബ്ലിസിറ്റി ചെയർമാൻ, ടി. സുഗതൻ കൺവീനർ ലിഗേഷ് വി ടി, എം കെ സന്തോഷ് എന്നിവർ പങ്കെടുത്തു.
#Nadapuram #Sub #district #School #Arts #Festival #begins #tomorrow #Kallachi