നാദാപുരം : (nadapuram.truevisionnews.com) പൊതുമാരാമത്ത് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചുള്ള കല്ലാച്ചി ടൗൺ നവീകരണ പ്രവർത്തി ഡിസംബർ 5ന് ആരംഭിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി വിളിച്ചുചേർത്ത സർവ്വകക്ഷി വ്യാപാരി- കെട്ടിട ഉടമ സംഘടനകളുടെ യോഗത്തിൽ തീരുമാനമായി.
ഇ കെ വിജയൻ എം എൽ എ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി.
ഓരോ ഭാഗത്തും മൂന്ന് മീറ്റർ വീതി കൂട്ടാനുള്ള വികസന പദ്ധതി വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും സംഘടന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് 1.65 മീറ്ററായി ചുരുക്കുകയായിരുന്നു.
വീതി കൂട്ടി പുതിയ ഡ്രൈനേജും ഫുട്പാത്തും നിർമ്മിക്കും.
ബൈക്ക് പാർക്കിങ്ങിനും ബസ്ബേക്കും പ്രത്യേകം സ്ഥലം മാർക്ക് ചെയ്തു ഇൻറർലോക്ക് വിരിക്കും. കല്ലാച്ചി ഗ്യാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ 550 മീറ്റർ നീളത്തിലാണ് നവീകരണ പ്രവർത്തി നടത്തുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നിർമ്മാണ ചുമതല നൽകിയതായി ഇ. കെ വിജയൻ എം.എൽ.എ അറിയിച്ചു.
വീതി കൂട്ടുന്ന ഭാഗത്തെ കെട്ടിടങ്ങൾ ബലപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രത്യേക അനുമതി നൽകുന്നതാണ്.ഇത് പ്രകാരം ബലപ്പെടുത്തൽ എത്രയും പെട്ടെന്ന് നടത്തുന്നതിന് വ്യാപാരികളും കെട്ടിട ഉടമകളും തയ്യാറാകണമെന്ന് യോഗം അഭ്യർത്ഥിച്ചു.
വിട്ടുതരുന്ന ഭാഗം ഈ ആഴ്ച പൊതു മാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മാർക്ക് ചെയ്യും .വിട്ടുതരുന്ന സ്ഥലമുടമകൾക്ക് നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള പ്രത്യേക ഇളവും ഗ്രാമപഞ്ചായത്ത് നൽകുന്നതാണ്.
കെട്ടിട ഉടമകളും വ്യാപാരികളും തമ്മിൽ നിലവിൽ കോടതി വ്യവഹാരം നടത്തുന്ന വിഷയങ്ങൾ തീർപ്പാക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അനുരഞ്ജന സമിതി രൂപീകരിച്ചിട്ടുണ്ട് .
നവീകരണ പദ്ധതി കൊണ്ട് ഒരു കച്ചവടക്കാരനും കുടിയൊഴിപ്പിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും സമിതി ഉറപ്പുവരുത്തും. 2021 ലെ ബജറ്റിലാണ് കല്ലാച്ചി ടൗൺ നവീകരണത്തിന് 3 കോടി രൂപ പൊതുമരാമത്ത് അനുവദിച്ചത്.
നവീകരണ പദ്ധതിയോടൊപ്പം തന്നെ സംസ്ഥാന പാതയിൽ ബി എം ആൻഡ് ബി സി ടാറിങ്ങും നടക്കുന്നതാണ്.
ടാറിങ് നടക്കുന്നതിന് മുമ്പായി റോഡിൽ നടക്കേണ്ട പ്രവർത്തികൾ സംബന്ധിച്ച് സമയ ക്രമീകരണമുണ്ടാക്കാൻ നവംബർ 25ന് കാലത്ത് 11 മണിക്ക് പൊതുമാരാമത്ത്-വാട്ടർ അതോറിറ്റി -കെ എസ്.ഇ.ബി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എം.എൽ.എ യുടെ അധ്യക്ഷതയിൽ വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ പൊതുമാരാമത്ത് വർക്ക് നടക്കുന്ന പയന്തോങ്ങ് ചീയ്യൂർ റോഡ്, കുമ്മങ്കോട് വരിക്കോളി റോഡ്, കല്ലാച്ചി വാണിയൂർ റോഡ് എന്നിവിടങ്ങളിലെ കാര്യങ്ങളും ചർച്ച ചെയ്യും.
ഇ കെ വിജയൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി ,ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ നാസർ, ജനീദ ഫിർദൗസ്, പിപി ബാലകൃഷ്ണൻ, കണേക്കൽ അബ്ബാസ്, വി അബ്ദുൽ ജലീൽ, ഹമീദ് വലിയാണ്ടി, കെ പി കുമാരൻ മാസ്റ്റർ, അഡ്വ. കെ.എം. രഘുനാഥ്, നിഷ മനോജ്, ടി. സുഗതൻ, കെ.ടി.കെ. ചന്ദ്രൻ, എം.സി ദിനേശൻ, ചിറക്കൽ റഹ്മത്തുള്ള, പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ നിധിൽ ലക്ഷ്മണ, ഷംസുദ്ധീൻ ഇല്ലത്ത്, നളിൻ കുമാർ സി.ബി, പഞ്ചായത്ത് അസി എഞ്ചിനീയർ ഡി.കെ ദിനേശ്, ഇ പി.ശരണ്യ, ടി.പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു.
#Development #Kallachi #Town #work #start #December #five