നാദാപുരം :(nadapuram.truevisionnews.com) വാസയോഗ്യവും കൃഷിയോഗ്യവുമായ ഒരേക്കര്‍വരെ ഭൂമിയുണ്ടോ?ഭൂരഹിത കുടുംബങ്ങള്‍ക്ക് നൽകാൻ സർക്കാർ അത് വിലക്ക് വാങ്ങും.
ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് കുറഞ്ഞത് ഒരേക്കര്‍വരെ ഭൂമി വില്‍ക്കുന്നതിന് ഭൂഉടമകളില്‍ നിന്ന് നേരിട്ട് താല്‍പര്യപത്രം ക്ഷണിച്ചു.
പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, കൊടുവള്ളി മുനിസിപ്പാലിറ്റി, മുക്കം മുനിസിപ്പാലിറ്റി, വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി എന്നീ പഞ്ചായത്തുകളിലെ തയ്യാറുള്ള ഭൂഉടമകളില്‍ നിന്നാണ് താല്‍പര്യപത്രം ക്ഷണിച്ചത്.
വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, വില്ലേ കളിലാണ് ഭൂമി ആവശ്യമുള്ളത്.
ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടിആര്‍ഡിഎം) ജില്ലാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിലേക്ക് പ്രസ്തുത ഭൂമിയുടെ ഉടമസ്ഥര്‍ അപേക്ഷയോടൊപ്പം തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷി യോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള, യാതൊരു വിധ നിയമ കുരുക്കിലും ഉള്‍പ്പെടാത്ത ബാധ്യതകളില്ലാത്ത ഉത്തമഭൂമി) വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം,
വസ്തുവിന്റെ ആധാരം, അടിയാധാരം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, നികുതി രശീതി, ലൊക്കേഷന്‍ സ്‌കെച്ച്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, 15 വര്‍ഷത്തെ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം നല്‍കണം.
ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാ കളക്ടര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും.
പട്ടികവര്‍ഗ മേഖലകളോട് ചേര്‍ന്ന സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഭൂമി വിലക്കു വാങ്ങുന്നതിന് ഉദ്ദേശിച്ച് ആവിഷ്‌കരിച്ച ഈ പദ്ധതി സര്‍ക്കാര്‍ ഉത്തരവ് (സാധാ) നമ്പര്‍.21/2018/പ.ജ.പ.വ.വി.വ തിരുവനന്തപുരം തീയതി. 03.03.18 എന്ന ഉത്തരവിലെ വ്യവസ്ഥകള്‍ക്കും സര്‍ക്കാര്‍ ഭൂമി വാങ്ങല്‍ സംബന്ധിച്ച നിലവിലെ നിയമ നിബന്ധനകള്‍ക്കും വിധേയമായിരിക്കും.
തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും.
#Have #up #one #acre #land #Govt #buy #ban #give #landless #families