---
title: " #VolleyballFair | ഒരുക്കങ്ങൾ പൂർത്തിയായി; കെ.എം.സി.സി അഖിലേന്ത്യ വോളിബോൾ മേളക്ക് ഞായറാഴ്ച നാദാപുരത്ത് തുടക്കം"
english_title: "#Preparations #complete #Dubai #KMCC #All #India #Volleyball #Fair #kicks #off #Nadapuram #Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256008/preparations-complete-dubai-kmcc-all-india-volleyball-fair-kicks-off-nadapuram-sunday-new "
published_at: "2024-12-13T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c296662cbd_Untitled-1.jpg"
keywords: []
---

#  #VolleyballFair | ഒരുക്കങ്ങൾ പൂർത്തിയായി; കെ.എം.സി.സി അഖിലേന്ത്യ വോളിബോൾ മേളക്ക് ഞായറാഴ്ച നാദാപുരത്ത് തുടക്കം

> **Lead Summary:** **നാദാപുരം: ** ദുബൈ കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റിന് ഞായറാഴ്ച തുടക്കമാകും.

## Article Content

**നാദാപുരം: ** ദുബൈ കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റിന് ഞായറാഴ്ച തുടക്കമാകും.

തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിൽ ഒരാഴ്ച്ച നീളുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

7000 കാണികളെ ഉൾക്കൊള്ളുന്ന ഗ്യാലറിയും വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ തന്നെ ഏറ്റവും വലിയ വോളീബോൾ ടൂർണമെന്റ്റ് ആണ് സംഘാടകർ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ പ്രമുഖ ഡിപ്പാർട്ട്മെൻ്റ് ടീമുകളായ ഇന്ത്യൻ നേവി, എയർ ഫോഴ്‌സ്, ഐ ഒ ബി, ഇൻകം ടാക്സ്, സി ഐ എസ് എഫ് റാഞ്ചി, കെ എസ് ഇ ബി, കേരള പൊലീസ്, കേരള സിക്ലേർസ് എന്നീ ടീമുകൾക്കായി ദേശീയ അന്തർദേശീയ താരങ്ങളാണ് അണി നിരക്കുന്നത്.

മുപ്പതിൽ പരം പ്രൈം വോളീ താരങ്ങളാണ് വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. കേരളത്തിലെ പ്രമുഖ കോളജുകൾ പങ്കെടുക്കുന്ന ഇൻ്റർ കോളജ് വോളിബോൾ ചാമ്പ്യൻഷിപ്പും ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.

പ്രവാസ ലോകത്ത് നിന്നും കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കെ എം സി സി വോളീബോൾ ടൂർണമെന്റ്റ് വഴി ബൃഹത്തായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

വിദ്യാഭ്യാസ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ചേർത്ത് പിടിച്ച് നാട്ടിൽ ഒരുമയുടെ വിളംബരം മുഴക്കുക എന്നതും വോളി മേളയുടെ ലക്ഷ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

നാളെ വൈകീട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ പ്രമുഖനും ജീവ കാരുണ്യ രംഗത്തെ കേരള ഐക്കണുമായ ബോച്ചെ മുഖ്യാതിഥിയാകും.

മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷറർ സി എച്ച് ഇബ്രാഹിം കുട്ടി, കേരള സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്‌ദു ഹാജി, തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

വിവിധ ദിവസങ്ങളിലായി ശാഫി പറമ്പിൽ എം പി, ഇകെ വിജയൻ എം എൽ എ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി പങ്കെടുക്കും.

ഉദ്ഘാടന ദിവസം കെ എസ് ഇ ബി യും കേരള സിക്ലേഴ്‌സും തമ്മിൽ ഏറ്റുമുട്ടും.

വാർത്താ സമ്മേളനത്തിൽ ദുബൈ കെഎംസിസി ജില്ലാ പ്രസിഡൻ്റ് കെ പി മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് വി വി സൈനുദ്ദീൻ, ജന. സെക്രട്ടറി ഡോ. കെ.വി നൗഷാദ്, ഭാരവാഹികളായ ഹസൻ ചാലിൽ, നാമത്ത് ഹമീദ്, എം.പി ബഷീർ, ലൂളി റിയാസ്, മുഹമ്മദ് എടച്ചേരി, സുഫൈദ് ഇരിങ്ങണ്ണൂർ, കെ പി റഫീഖ്, കുന്നത്ത് റഫീഖ്, വി എ റഹീം, സി കെ ജമാൽ, ഷരീഫ് കളത്തിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256008/preparations-complete-dubai-kmcc-all-india-volleyball-fair-kicks-off-nadapuram-sunday-new )