---
title: "#Complaint | പന്നി ശല്യം രൂക്ഷം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ പരാതിയുമായി വീട്ടമ്മമാരെത്തി"
english_title: "#Pig #harassment #severe #Housewives #grama #panchayat #president #complaint"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262905/pig-harassment-severe-housewives-grama-panchayat-president-complaint"
published_at: "2025-01-12T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783cc883ec43_PIG.jpg"
keywords: []
---

# #Complaint | പന്നി ശല്യം രൂക്ഷം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ പരാതിയുമായി വീട്ടമ്മമാരെത്തി

> **Lead Summary:** **നാദാപുരം: **ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ തെരുവമ്പറമ്പ് ചേരിക്കമ്പനി, കിണമ്പ്രകുന്ന്, ഗവ കോളേജ് ഭാഗങ്ങളിൽ കാട്ട് പന്നി ശല്യം രൂക്ഷം.

## Article Content

**നാദാപുരം: **ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ തെരുവമ്പറമ്പ് ചേരിക്കമ്പനി, കിണമ്പ്രകുന്ന്, ഗവ കോളേജ് ഭാഗങ്ങളിൽ കാട്ട് പന്നി ശല്യം രൂക്ഷം.

പുഴയോരത്തും കുന്നിൻ പ്രദേശങ്ങളിലുമുള്ള വീടുകളിലാണ് പകലും രാത്രിയും പന്നികൾ സ്വൈര്യ വിഹാരം നടത്തുന്നത്.

സ്‌കൂളുകളിലും മദ്രസകളിലും പഠിക്കുന്ന വിദ്യാർത്ഥികളെയും,രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞെത്തുന്നവരെയും പന്നികൾ ആക്രമിക്കുന്നതായും പരാതിയുണ്ട്.

നേരത്തെ നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട്‌ വാണിമേൽ പഞ്ചായത്തിലെ ചേലമുക്ക് പ്രദേശങ്ങളിൽ പന്നി ശല്യം രൂക്ഷമായിരുന്നു. നാദാപുരത്ത് നിരവധി പന്നികളെ വെടിവെച്ച് കൊന്നിട്ടുണ്ട്.

പന്നി ശല്യം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഭർത്താക്കന്മാർക്ക് ജോലിക്ക്‌ പോകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും വീട്ടമ്മമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയോട് ആവശ്യപ്പെട്ടു.

തെരുവമ്പറമ്പ് സ്റ്റേഡിയം നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോഴാണ് ഒരു കൂട്ടം വീട്ടമ്മമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നേരിൽ കണ്ടു പരാതി ബോധിപ്പിച്ചത്.

പരാതി ഗൗരവമുള്ളതാണെന്നും അടിയന്തിരമായി പന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് ഇറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ഇവർക്ക് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262905/pig-harassment-severe-housewives-grama-panchayat-president-complaint)