നാദാപുരം: ( nadapuramnews.in ) നാദാപുരം വിദ്യാഭ്യാസ ഉപ ജില്ലയിലെ എ ഇ ഒ യുടെ നേതൃത്വത്തിൽ അനൗദ്യോഗികമായി രൂപീകരിച്ച പി ടി എ പ്രസിഡന്റുമാരുടെ സംഘടന കല്ലാച്ചി കൈരളി മിനി ഓഡിറ്റോറിയത്തിൽ നടത്തിയ ശില്പ ശാലയിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി.

ഉദ്ഘാടകനായി എത്തിയ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ് നടത്തിയ മത നിരാസ ചുവയുള്ള പ്രസംഗം ചോദ്യം ചെയ്താണ് യു ഡി എഫ് അനുകൂല പി ടി എ പ്രസിഡന്റുമാർ ഇറങ്ങിപ്പോയത്.
തികച്ചും ഇടത് അനുകൂല സംഘടന പ്രവർത്തകരുടെ താല്പര്യത്തിനനുസരിച്ച് പരിപാടി സംഘടിപ്പിക്കുകയും യു ഡി എഫ് നേതാക്കളെ ക്ഷണിക്കാതിരിക്കുകയും ചെയ്തതിലൂടെ ഇടത് പക്ഷ രാഷ്ട്രീയം കളിക്കാനാണ് ശ്രമിച്ചതെന്നും ഇറങ്ങിപ്പോയവർ പറഞ്ഞു.
ഇ ഹാരിസ് ചിയ്യൂർ എൽ പി, പി കെ മുഹമ്മദ് പേരോട് എം ഐ എം, റഹീം കോറോത്ത് നാദാപുരം നോർത്ത്, സി കെ ശഫീഖ് ചേലക്കാട് എൽ പി, കെ കെ കുഞ്ഞമ്മദ് നരിക്കാട്ടേരി എൽ പി, എസ് എം റൗഷിന തുടങ്ങിയ നാൽപ്പതിലേറെ സ്‌കൂളുകളിൽ നിന്നുള്ള പി ടി എ മദർ പി ടി എ പ്രസിഡന്റുമാരാണ് ഇറങ്ങിപ്പോയത്.
കടലാസ് സംഘടനകൾ രൂപീകരിച്ച് ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കാൻ ഇറങ്ങിയാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് പറഞ്ഞു
.
# PTA #Presidents #Workshop #Attempting #to #be #politically #motivated #section #left