നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വില്ലേജിലെ തെരുവംപറമ്പ് വയോജന പാർക്കിന് സമീപം കിണമ്പ്രക്കുന്നിന് താഴെ പുഴ കയ്യേറി അനധികൃത നിർമാണം നടത്തുന്നതിനെതിരെ കലക്ടർക്കും റവന്യൂ വിഭാഗത്തിനും പുഴ സംരക്ഷണ സമിതി പ്രവർത്തകർ പരാതി നൽകി.

പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുകയും മണ്ണെടുത്ത് പുഴയുടെ ദിശമാറ്റുകയും പുഴയോട് ചേർന്ന കൈത്തോട് വൻ തോതിൽ മണ്ണിട്ട് നികത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാന പ്രകാരമാണ് പ്രവൃത്തി നടത്തുന്നത് എന്നാണ് നിർമാണ പ്രവർത്തനം നടത്തുന്നവർ അവകാശപ്പെടുന്നത്.
എന്നാൽ പുഴയോ പുഴപുറമ്പോക്കോ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതല്ലതെന്നും ഇത്തരത്തിൽ പ്രവൃത്തി നടത്താനോ അനുമതി നൽകാനോ പഞ്ചായത്തിന് യാതൊരു അധികാരവും നിലവിലില്ലെന്നും പരാതിക്കാർ പറയുന്നു.
അമ്പത് മീറ്ററോളം നീളത്തിലും പത്ത് മീറ്ററിലധികം വീതിയിലുമാണ് നികത്തൽ നടന്നിരിക്കുന്നത്. ഇതിനായി പുഴയിൽ നിന്ന് മണൽ ചേർന്ന മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. മലവെള്ളത്തിന്റെ കുത്തൊഴുക്കുള്ള പുഴയിൽ ദിശ മാറ്റുന്നത്വം പുഴയും കൈത്തോടും മണ്ണിട്ട് നികത്തുന്നതും മറ്റു നിർമാണം നടത്തുന്നതും പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് പരാതിക്കാർ പറയുന്നു.
വർഷകാലങ്ങളിൽ ഉരുൾപൊട്ടലും പ്രകൃതിക്ഷോഭവും തുടർന്ന് വൻ തോതിൽ മലവെള്ളപ്പാച്ചിലും ഉണ്ടാകുന്ന പുഴയിൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നടത്തുന്ന പ്രവൃത്തികൾ അടിയന്തരമായി തടയണമെന്നും പ്രവൃത്തി നടത്താൻ നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
#Complaint #about #illegal #construction #encroaching #river #Nadapuram