---
title: "മയ്യഴിപ്പുഴയിലെ കയ്യേറ്റം തടയും; 27 ന് പുഴയോര സംരക്ഷണ വലയം തീർക്കും - കെ എസ് കെ ടി യു"
english_title: "#Encroachment #Mayyazhipuzha #prevented #protection #zone #KSKTU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265243/encroachment-mayyazhipuzha-prevented-protection-zone-ksktu"
published_at: "2025-01-23T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791eba932131_ksktu.jpg"
keywords: []
---

# മയ്യഴിപ്പുഴയിലെ കയ്യേറ്റം തടയും; 27 ന് പുഴയോര സംരക്ഷണ വലയം തീർക്കും - കെ എസ് കെ ടി യു

> **Lead Summary:** **നാദാപുരം: ** വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ദിശ മാറി ഒഴുകിയ മയ്യഴിപ്പുഴയുടെ വലിയൊരു ഭാഗം സ്വകാര്യവ്യക്തികൾ കയ്യേറിയിരിക്കുകയാണ്.

## Article Content

**നാദാപുരം: ** വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ദിശ മാറി ഒഴുകിയ മയ്യഴിപ്പുഴയുടെ വലിയൊരു ഭാഗം സ്വകാര്യവ്യക്തികൾ കയ്യേറിയിരിക്കുകയാണ്.

കുറച്ചു കാലമായി തുടർന്നുകൊണ്ടിരിക്കുന്ന പ്രവർത്തിയാണിത്. ഏക്കർ കണക്കിന് സ്ഥലമാണ് ഇപ്പോൾ സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുന്ന സഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. പുഴ ഇപ്പോൾ പൂർണമായും ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സി എച്ച് മോഹനൻ പറഞ്ഞു.

ഇതിനെതിരെ ശക്തമായി സമരരംഗങ്ങത്തിറങ്ങുമെന്നും പ്രതിഷേധമെന്ന നിലയിൽ ജനുവരി 27 ന് ബഹുജനങ്ങളെ അണിനിരത്തി സംരക്ഷണ വലയം തീരക്കുമെന്നും കെ എസ് കെ ടി യു നേതാക്കൾ അറിയിച്ചു.

മഴക്കാലത്ത് വെള്ളം കയറുന്ന ഒരു പ്രദേശമാണിത്. അതിനാൽ ചുറ്റും താമസിക്കുന്ന പ്രദേശ വാസികൾക്ക് ഇത് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. പുഴ ചുരുക്കുകയും പുഴയിലെതന്നെ മണ്ണ് കോരിയിട്ട് കാരഭാഗം നികത്തുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്.

നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട്, പേരോട്, വിഷ്ണുമംഗലം, തെരുവമ്പറമ്പ്, ചിയ്യൂർ പ്രദേശങ്ങളിലെ ഇരുന്നൂറിലേറേ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

പ്രധാന പാതകളിലും പൊതുമരാമത്ത് റോഡുകളിലും രണ്ടാൾ പൊക്കത്തിൽ വെള്ളമായിരുന്നു. നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങി പൂർണമായും നശിച്ചത്.

റവന്യു, തദ്ദേശം, ആരോഗ്യം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും മതിയായ നഷ്ടം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കണ്ടെത്തി വീട്ടുപകരണങ്ങൾ വാങ്ങി നൽകിയാണ് വെള്ളം കയറിയ വീടുകൾ വാസയോഗ്യമാക്കിയത്.

പഞ്ചായത്ത് ഭരണാധികാരികളും ഇതിൽ കൂട്ടുനിൽക്കുന്നുണ്ടെന്നും കെ എസ് കെ ടി യു പ്രതിനിധികൾ പറയുന്നു. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തോടൊപ്പം എല്ലാ അധികാര സ്ഥാനങ്ങളിലേക്കും നിവേദനങ്ങൾ നൽകുമെന്നും കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകൻ കെ കെ ദിനേഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265243/encroachment-mayyazhipuzha-prevented-protection-zone-ksktu)