---
title: "പോരിൽ കാര്യം? ഷാഫി പറമ്പിൽ എം പി യെ നാദാപുരത്ത് ബഹിഷ്‌ക്കരിച്ചെന്ന് ആക്ഷേപം ഉയരുന്നു"
english_title: "#allegation #ShafiParampil #MP #boycotted #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265500/allegation-shafiparampil-mp-boycotted-nadapuram"
published_at: "2025-01-24T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67934bd33b4c0_shafi_parambip_mp.jpg"
keywords: []
---

# പോരിൽ കാര്യം? ഷാഫി പറമ്പിൽ എം പി യെ നാദാപുരത്ത് ബഹിഷ്‌ക്കരിച്ചെന്ന് ആക്ഷേപം ഉയരുന്നു

> **Lead Summary:** **നാദാപുരം: ** നാദാപുരത്ത് ഷാഫി പറമ്പിൽ എം പി യെ ബഹിഷ്‌ക്കരിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും യു ഡി എഫ് ചെയർമാനും. ഇന്നലെ നടന്ന നാദാപുരം നോർത്ത് എൽ പി സ്കൂൾ വാർഷികത്തിൽ നിന്നാണ് എം പി വരുന്ന ചടങ്ങിൽ നിന്ന് ഇരുവരും വിട്ട് നിന്നത്.

## Article Content

**നാദാപുരം: ** നാദാപുരത്ത് ഷാഫി പറമ്പിൽ എം പി യെ ബഹിഷ്‌ക്കരിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും യു ഡി എഫ് ചെയർമാനും. ഇന്നലെ നടന്ന നാദാപുരം നോർത്ത് എൽ പി സ്കൂൾ വാർഷികത്തിൽ നിന്നാണ് എം പി വരുന്ന ചടങ്ങിൽ നിന്ന് ഇരുവരും വിട്ട് നിന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയുടെ സ്വന്തം വാർഡിലായിട്ട് പോലും വാർഷിക പരിപാടിയിൽ എം പി യോടൊപ്പം അദ്ദേഹം വേദി പങ്കിട്ടില്ല.

പ്രസിഡന്റിനോടൊപ്പം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർന്മാരും സ്‌കൂൾ വാർഷിക പരിപാടിയിൽ പങ്കെടുക്കാതെ മാറി നിന്നതും ശ്രദ്ധേയമായി. പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ഹമീദ് വലിയാണ്ടി പഠിച്ച സ്‌കൂളിലെ വാർഷിക പരിപാടിയായിട്ട് പോലും അദ്ദേഹവും പങ്കെടുത്തില്ല.

കഴിഞ്ഞ ആഴ്‌ച്ച നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ റഫറൻസ് ലൈബ്രറി ഉദ്ഘടനത്തിന് ഷാഫി പറമ്പിൽ എം പി യെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കാതിരുന്നതാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്നാണ് ചിലരുടെ അക്ഷേപം.

ഗ്രാമ പഞ്ചായത്ത് വാർഷികവും റഫറൻസ് ലൈബ്രറിയും ഉദ്ഘാടനം ചെയ്യാൻ പകരക്കാരനായി എത്തിയത് ലീഗിൻറെ രാജ്യ സഭ അംഗം ഹാരിസ് ബീരാൻ എം പി യാണ്. അന്ന് തന്നെ നാദാപുരം ഗവ കോളേജിലെ ഫൈൻ ആർട്സ് ഉദ്‌ഘാടനം നടത്തിയതും അദ്ദേഹമാണ്.

യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രെട്ടറി ഇ ഹാരിസിന്റെ നാട്ടിലുള്ള കോളേജിൽ എസ് എഫ് ഐ യെ തോല്പ്പിച്ച് യു ഡി എസ് എഫ് ഭരണം പിടിച്ചിട്ട് പോലും യൂണിയൻ ഉദ്‌ഘാടനം ചെയ്യാൻ ഷാഫി പറമ്പിൽ എത്താതിരുന്നതിൽ യൂത്ത് ലീഗ് നേതാക്കൾക്കും അമർഷമുണ്ട്. യൂത്ത് ലീഗ് നേതൃത്വവും എം പി യുമായി നല്ല രസത്തിലല്ല എന്ന സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265500/allegation-shafiparampil-mp-boycotted-nadapuram)