---
title: "എല്ലാവർക്കും സ്വാഗതം; നടൻ ആസിഫലി എത്തും, ജനകീയ ഉത്സവമാകും"
english_title: "#Calicut #University #Bzone #Arts #Festival #Actor #Asifali #arrive "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265575/Calicut-University-Bzone-Arts-Festival-Actor-Asifali-arrive-new"
published_at: "2025-01-24T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67939fa997ad6_bzone_fest.jpg"
keywords: []
---

# എല്ലാവർക്കും സ്വാഗതം; നടൻ ആസിഫലി എത്തും, ജനകീയ ഉത്സവമാകും

> **Lead Summary:** **നാദാപുരം: **കാലിക്കറ്റ് സർവ്വകലാശാല ബിസോൺ കലോത്സവത്തിന് തിങ്കളാഴ്ച നാദാപുരത്ത് തുടക്കം. നടൻ ആസിഫലി എത്തും. കലോത്സവം ജനകീയ ഉത്സവമാകും.

## Article Content

**നാദാപുരം: **കാലിക്കറ്റ് സർവ്വകലാശാല ബിസോൺ കലോത്സവത്തിന് തിങ്കളാഴ്ച നാദാപുരത്ത് തുടക്കം. നടൻ ആസിഫലി എത്തും. കലോത്സവം ജനകീയ ഉത്സവമാകും.

കാലിക്കറ്റ് സർവ്വകലാശാല ബി.സോൺ കലോത്സവം 27ന് തിങ്കളാഴ്ച പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ആരംഭിക്കും. അഞ്ചുദിവസം നീളുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 104 ഇനങ്ങളിൽ 8000ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 27, 28 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും 29,30,31 തിയ്യതികളിൽ അഞ്ചു വേദികളിലായി സ്റ്റേജ് ഇനങ്ങളും നടക്കും.

> ഫലസ്തീൻ ജനതയുടെ അതിജീവനത്തിന് ക്യാമ്പസുകളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പരമ്പരാഗത നൃത്ത രൂപമായ "ഡാബ്കെ" ലയാലി എന്നാണ് കലോത്സവത്തിന് നാമകരണം ചെയ്തത്.

ഫലസ്തീൻ കവികളും മാധ്യമ പ്രവർത്തകരും സാഹിത്യകാരന്മാരുമായ ദർവേഷ്, ഗസ്സാൻ, സാമിയ, റഫാത്, ഷിറീൻ എന്നിവരുടെ പേരുകളാണ് വേദികൾക്ക്‌ നൽകിയിരിക്കുന്നത്.

അഞ്ചു ദിനരാത്രങ്ങൾ നാടിന് ഉത്സവച്ഛായ പകരുന്ന കലോത്സവത്തിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.

കലോത്സവത്തിന്റെ ഉദ്ഘാടനം 29ന് വൈകിട്ട് നാലുമണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കും സിനിമ നടൻ ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും. സമാപന സമ്മേളനം 31ന് വൈകുന്നേരം ഡോ. എം കെ മുനീർ എം എൽ എ ഉത്ഘാടനം ചെയ്യും.

സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ മുഖ്യാതിഥിയാവും. സ്വാഗതസംഘം ചെയർമാൻ പാറക്കൽ അബ്ദുല്ല, ഭാരവാഹികളായ വയലോളി അബ്ദുല്ല,വി.ടി.സൂരജ്‌, അഫ്നാസ് ചോറോട്, എംപി ഷാജഹാൻ, സ്വാഹിബ് മുഹമ്മദ്, അർഷാദ് പികെ , ജാഫർ തുണ്ടിയിൽ, മീഡിയ ചെയർമാൻ എം. കെ അഷ്‌റഫ്‌, കൺവീനർ അൻസീർ പനോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265575/Calicut-University-Bzone-Arts-Festival-Actor-Asifali-arrive-new)