---
title: "മാലിന്യം കുന്നാവുന്നു; നാദാപുരത്ത് മാലിന്യം കയറ്റി അയക്കുന്നത് നിലച്ചു"
english_title: "#Garbage #can #be #collected #Garbage #has #been #stopped #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267561/garbage-can-be-collected-garbage-has-been-stopped-nadapuram-new"
published_at: "2025-02-02T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f96d871cf1_garbage.jpg"
keywords: []
---

# മാലിന്യം കുന്നാവുന്നു; നാദാപുരത്ത് മാലിന്യം കയറ്റി അയക്കുന്നത് നിലച്ചു

> **Lead Summary:** **നാദാപുരം: **വിവിധ പ്രദേശങ്ങളില്‍ നിന്ന് ഹരിതകര്‍മസേന സംഭരിച്ച മാലിന്യങ്ങള്‍ എംസിഎഫില്‍ നിന്ന് വേര്‍തിരിച്ചു കയറ്റി അയക്കുന്നത് നിലച്ചതോടെ കല്ലാച്ചിയിലും നാദാപുരത്തും പലയിടങ്ങളിലും മാലിന്യം കുന്നുകൂടുന്നു.

## Article Content

**നാദാപുരം: **വിവിധ പ്രദേശങ്ങളില്‍ നിന്ന് ഹരിതകര്‍മസേന സംഭരിച്ച മാലിന്യങ്ങള്‍ എംസിഎഫില്‍ നിന്ന് വേര്‍തിരിച്ചു കയറ്റി അയക്കുന്നത് നിലച്ചതോടെ കല്ലാച്ചിയിലും നാദാപുരത്തും പലയിടങ്ങളിലും മാലിന്യം കുന്നുകൂടുന്നു.

ഒട്ടേറെ സാംസ്‌കാരിക പരിപാടികളും വിവാഹങ്ങളും നടക്കുന്ന കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്നാണ് ഇപ്പോള്‍ ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യചാക്കുകള്‍ സൂക്ഷിക്കുന്നത്.

ഈ മാലിന്യ ചക്കുകള്‍ക്ക് താഴെ റോഡില്‍ ചിലര്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും കെട്ടിക്കൊണ്ട് വന്നു തള്ളിയ മാലിന്യ ചാക്കുകളും കാണാം. സമീപത്തു നിരീക്ഷണ ക്യാമറകള്‍ ഉണ്ടെങ്കിലും മാലിന്യം തള്ളലിന് കുറവൊന്നുമില്ല.

ക്യാമറകള്‍ പരിശോധിച്ച് ആരാണ് മാലിന്യം തള്ളുന്നതെന്നു കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ നടപടിയും സ്വീകരിക്കുന്നില്ല. കല്ലാച്ചി സഹാറ റോഡില്‍ സ്‌കൂട്ടറില്‍ ചാക്കുകളില്‍ കെട്ടി മാലിന്യം തള്ളുന്ന ദൃശ്യം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ട് ഏറെയായി.

ഈ സ്‌കൂട്ടര്‍ കണ്ടെത്താനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ഹരിത കര്‍മസേന സംഭരിക്കുന്ന മാലിന്യം വേര്‍തിരിക്കാനുള്ള സൗകര്യം ഇല്ലാതായതാണ് നിലവിലെ പ്രശ്‌നമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.സി സുബൈര്‍ പറഞ്ഞു.

സ്ഥലം കണ്ടെത്താനുള്ള തീവ്ര ശ്രമം തുടങ്ങിയിട്ടുണ്ട്. തരം തിരിക്കാത്ത മാലിന്യം കയറ്റി അയക്കാനാവില്ല. റോഡുകളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267561/garbage-can-be-collected-garbage-has-been-stopped-nadapuram-new)