---
title: "ഞങ്ങൾ ഇല്ല; എടച്ചേരിയിൽ കെട്ടിട  ശിലാസ്ഥാപനം യുഡിഎഫ് ബഹിഷ്ക്കരിക്കും  "
english_title: " #UDF #boycott #building #stone #laying #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267834/udf-boycott-building-stone-laying-edachery"
published_at: "2025-02-04T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a18b1c16ee2_UDF.jpg"
keywords: []
---

# ഞങ്ങൾ ഇല്ല; എടച്ചേരിയിൽ കെട്ടിട  ശിലാസ്ഥാപനം യുഡിഎഫ് ബഹിഷ്ക്കരിക്കും  

> **Lead Summary:** **നാദാപുരം: **എടച്ചേരിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിന്ന സ്ഥലത്ത് പഞ്ചായത്തിന് ഓഫീസ് പണിയാൻ ഇന്ന് വൈകിട്ട് നാലിനു തറക്കല്ലിടുന്ന ചടങ്ങ് യുഡിഎഫ് ബഹിഷ്ക്കരിക്കും.

## Article Content

**നാദാപുരം: **എടച്ചേരിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിന്ന സ്ഥലത്ത് പഞ്ചായത്തിന് ഓഫീസ് പണിയാൻ ഇന്ന് വൈകിട്ട് നാലിനു തറക്കല്ലിടുന്ന ചടങ്ങ് യുഡിഎഫ് ബഹിഷ്ക്കരിക്കും.

പ്രശ്നത്തിൽ വിവാദം കനത്തതോടെ പരിപാടി ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചു.

സർവ്വകക്ഷി തീരുമാനപ്രകാരം തറക്കല്ലിടുമെന്ന് പഞ്ചായത്ത് ഭരണസമിതിയും പറയുന്നു.

പഞ്ചായത്തിന് കെട്ടിടം പണിയാൻ സ്ഥലവും നിലവിലുള്ളത് പുതിയ കെട്ടിടവും ആണെന്നിരിക്കെ നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ്സും ആരോപിക്കുന്നു.

ഇരുപത്തി നാല് വർഷം മുൻപ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചതിൽ അഴിമതി നടത്തിയവർ തന്നെയാണ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിപ്പിക്കാനും ഇപ്പോൾ പഞ്ചായത്തിന് കെട്ടിടം പണിയാനും മുന്നിൽ നിൽക്കുന്നതെന്നും ആരോപണമുണ്ട്.

പൊളിച്ചു മാറ്റിയ ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയം പുനർനിർമിക്കുന്ന തീരുമാനം ഭരണ സമിതി ഉപേക്ഷിച്ചതിൽ യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

നാലു വർഷങ്ങൾക്ക് മുമ്പാണ് എടച്ചേരി പുതിയങ്ങാടി ടൗണിൽ നിലവിലുണ്ടായിരുന്ന ഷോപ്പിങ് കോംപ്ലക്സിൻ്റെ മൂന്നു നില കെട്ടിടം പൊളിച്ചു മാറ്റിയത്.

ഒരു വർഷം കൊണ്ട് അതെ സ്ഥലത്ത് പുതിയ കെട്ടിടം പണിയുമെന്ന് പറഞ്ഞ് കച്ചവടക്കാരെയും മറ്റു സ്ഥാപനങ്ങൾ നടത്തുന്നവരെയും ഒഴിപ്പിക്കുകയായിരുന്നു.

വർഷങ്ങൾ പിന്നിട്ടിട്ടും കോംപ്ലക്സ് കെട്ടിടം നിർമാണം ആരംഭിക്കാത്തതിനാൽ യു.ഡി.എഫ് പല തവണ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് അധികൃതർ അവഗണിക്കുകയായിരുന്നു.

അതിനിടയിൽ ഷോപ്പിങ് കോംപ്ലക്സ് ഉണ്ടായിരുന്ന സ്ഥലത്ത് പഞ്ചായത്തിന് ഓഫീസിന് കെട്ടിടം പണിയാൻ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.

നേരത്തെ നാട്ടുകാർക്ക് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഷോപ്പിങ് കോംപ്ലക്സിന് പകരം പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിയാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് വിയോജനക്കുറിപ്പുമായി യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതിക്ക് കത്തു നൽകി.

പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിൽ യു.ഡി.എഫ് എതിരല്ലെന്നും നിലവിലുള്ള ഷോപ്പിങ് കോംപ്ലക്സ് പൊളിച്ച സ്ഥലത്ത് അതെ സ്ഥാപനം തന്നെ പണിയണമെന്നുമാണ് യു.ഡി.എഫിൻ്റെ ആവശ്യമെന്ന് യുഡിഎഫ് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.

ഷോപ്പിങ് കോപ്ലക്സ് നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് നടത്തുന്ന തറക്കല്ലിടൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ബഹിഷ്കരിക്കും.

ഷോപ്പിംഗ് കോംപ്ലക്സ് വിഷയത്തിൽ ഭരണസമിതി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻചുണ്ടയിൽ മുഹമ്മദ്, മുസ്ലിം ലീഗ് എടച്ചേരി പഞ്ചായത്ത് സെക്രട്ടരി യു.പി മൂസ മാസ്റ്റർ, യു.ഡി.എഫ് കൺവീനർ എം.കെ പ്രേംദാസ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബഷീർ എന്നിവർ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ മോട്ടി,കെ പി സലീന,രഹന, ശ്രീധരൻ മാമ്പൊയിൽ,ഷരീഫ കൊളക്കാട് എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267834/udf-boycott-building-stone-laying-edachery)