---
title: "ഒന്നിച്ചത് ആയിരങ്ങൾ; എടച്ചേരി തണൽ വീട് വനിതാ വിംഗ് കുടുംബ സംഗമം പ്രൗഢമായി "
english_title: "#Thousands #united #Edachery #Thanal #Veed #Women #Wing #family #reunion #celebrated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271006/thousands-united-edachery-thanal-veed-women-wing-family-reunion-celebrated"
published_at: "2025-02-18T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b41f03af94f_thanal_veed.jpg"
keywords: []
---

# ഒന്നിച്ചത് ആയിരങ്ങൾ; എടച്ചേരി തണൽ വീട് വനിതാ വിംഗ് കുടുംബ സംഗമം പ്രൗഢമായി 

> **Lead Summary:** **എടച്ചേരി: **എടച്ചേരി തണൽ വനിതാ വിങ് സംഘടിപ്പിച്ച കാഴ്ചകൾക്കുമപ്പുറം സീസൺ 2 കുടുംബ സംഗമത്തിന് എത്തിയത് ആയിരങ്ങൾ.

## Article Content

**എടച്ചേരി: **എടച്ചേരി തണൽ വനിതാ വിങ് സംഘടിപ്പിച്ച കാഴ്ചകൾക്കുമപ്പുറം സീസൺ 2 കുടുംബ സംഗമത്തിന് എത്തിയത് ആയിരങ്ങൾ.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ രണ്ട് മുൻസിപ്പാലിറ്റി, പതിനഞ്ച് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വിവിധ വാർഡുകളിൽ നിലനിൽക്കുന്ന ഒട്ടനവധി വനിതാ കൂട്ടായ്മയിൽ ഉൾപ്പെടുന്ന അയ്യായിരത്തിലധികം വനിതകളാണ് ഇന്നലെ കാലത്ത് 10 മണി മുതൽ തണലിലേക്ക് ഒഴുകി എത്തിയത്.

പരിചരിക്കാനാളില്ലാത്ത രോഗികളെ ഏറ്റെടുത്തും പാലിയേറ്റീവ് ഐ.പി, ഒ.പി സംവിധാനമൊരുക്കിയും പരുക്കേറ്റ് കിടപ്പിലായവർക്കുള്ള മൾട്ടിപ്പിൾ ന്യൂറോ തെറാപ്പി സൗകര്യങ്ങളേർപ്പെടുത്തിയും സേവനരംഗത്ത് ജനകീയ ഇടപെപെടലിലൂടെ തണൽ എടച്ചേരിയിൽ വളണ്ടിയർ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വനിതകളാണ് എടച്ചേരിയിൽ ഒത്തു ചേർന്നത്.

തണൽ നടത്തിപ്പിനുള്ള സാമ്പത്തിക സമാഹരണം,വളണ്ടിയർ സേവനം, എന്നിവയിൽ ശ്രദ്ധയൂന്നിക്കൊണ്ടാണ് വനിതാ വിങ് പ്രവർത്തിക്കുന്നത്, കഴിഞ്ഞ വർഷം സംഘടിപ്പിച്ച പരിപാടി വൻ വിജയമായതിനെ തുടർന്നാണ് ഇക്കൊല്ലവും കാഴ്ചകൾക്കപ്പുറം സീസൺ 2 എന്ന വനിതാ സംഗമം നടത്തിയത്.

വൻ സാമ്പത്തിക ബാധ്യത വരുന്ന തണലിൻ്റെ മാസം തോറുമുള്ള ചെലവിൽ വലിയ പങ്കുവഹിക്കുന്നത് വനിതാ കൂട്ടായ്മകളാണ്.

രോഗികളായ സഹോദരങ്ങളുടെ ഭാരിച്ച ചിലവിൽ ഒരു ചെറിയ പങ്കെങ്കിലും ഓരോ വനിതാ കൂട്ടായ്മയും ഏറ്റെടുത്താൽ ഈ രംഗത്തെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഇനിയും പരിഹാരം കാണാൻ കഴിയുമെന്ന് തണൽ ഭാരവാഹികൾ അറിയിച്ചു.

കാലത്ത് 9.30 ന് റജിസ്ട്രേഷൻ ആരംഭിച്ച് രാത്രി വൈകും വരെ തണൽ കുടുംബാംഗങ്ങളുടെ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തണൽ അങ്കണത്തിൽ തിങ്ങിനിറഞ്ഞ സ്ത്രീ സദസ്സിൻ്റെ മുമ്പാകെ നടന്ന പ്രശസ്ത മോട്ടിവേറ്റർ ഫിലിപ്പ് മമ്പാടിൻ്റെ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.

ഡോ. ഇദ്രിസ് മുഖ്യ പ്രഭാഷണം നടത്തി. പരിചരിക്കാൻ കുടുംബമോ പരിചാരകരോ ഇല്ലാത്ത രോഗികളായ സഹോദരങ്ങളുടെ ചിലവുകളുടെ ഒരു പങ്ക് ഓരോ കൂട്ടായ്മകളും ഏറ്റെടുക്കുന്നതിലൂടെ ഈ രംഗത്തെ വലിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് തണൽ വനിതാ വിംഗ് ചെയർപേഴ്സൺ കെ.വി റംല പറഞ്ഞു.

ഏകാങ്ക നാടകം, തണൽ കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികൾ,നൗഫൽമയ്യിൽ, അൻവർ വടകര, റിഫാത്തുനിസാർ തുടങ്ങി വിവിധ ഗായകർ അണിനിരന്ന ഇശൽ നൈറ്റും അരങ്ങേറി.

പാനൂർ മുൻസിപ്പൽ ചെയർമാൻ ഹാഷിം, നജീബ് കുറ്റിപ്പുറം, ആമിന , സി.കെ ജമീല, ജസീല നരിക്കാട്ടേരി,തണൽ മാനേജർ എം.വി ഷാജഹാൻ, എടച്ചേരി തണൽ കമ്മറ്റി പ്രസിഡൻ്റ് മൂസകുറുങ്ങോട്ട്, സെക്രട്ടരി പി.കെ ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271006/thousands-united-edachery-thanal-veed-women-wing-family-reunion-celebrated)