---
title: "സിപിഐ എടച്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു"
english_title: "#CPI #Edachery #local #conference #concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277414/cpi-edachery-local-conference-concludes"
published_at: "2025-03-19T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da3a0c2b73d_eda.jpg"
keywords: []
---

# സിപിഐ എടച്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു

> **Lead Summary:** **എടച്ചേരി : **സിപിഐ എടച്ചേരി ലോക്കൽ സമ്മേളനം എടച്ചേരി നോർത്തിൽ സമാപിച്ചു. കെ. ബാലൻ നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കോളാടി ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : **സിപിഐ എടച്ചേരി ലോക്കൽ സമ്മേളനം എടച്ചേരി നോർത്തിൽ സമാപിച്ചു. കെ. ബാലൻ നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കോളാടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. ഗവൺമെന്റ് കോർപ്പറേറ്റ് മുതലാളിത്തത്തെ കൂട്ടുപിടിച്ചുകൊണ്ട് ഹൈന്ദവ വർഗീയ ശക്തികളെ വളർത്തി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണെന്ന് തിരിച്ചറിയുകയും അതിനെതിരായി ഇന്ത്യയുടെ സംസ്കാരത്തെയും ജനാധിപത്യം മതേതര പാരമ്പര്യത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് പോരാടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുയോഗത്തിൽ ഇ.കെ വിജയൻ എം.എൽ.എ, ടി.കെ.രാജൻ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, സി.സുരേന്ദ്രൻ മാസ്റ്റർ, ടി.സുഗതൻ മാസ്റ്റർ, ഷീമാ വള്ളിൽ, ശ്രീധരൻ വാച്ചാൽ, കെ. പി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

സംഘാടക സമിതി ജനറൽ കൺവീനർ വത്സൻ പിലാത്തോട്ടത്തിൽ സ്വാഗതവും ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷനുമായി.

എം ടി കൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് .പികെ കുമാരൻ പതാക ഉയർത്തിയതോടുകൂടി ആരംഭിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് നേതൃത്വം കൊടുക്കുന്ന എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളെയും തകർക്കുന്ന കേന്ദ്രത്തിലെ മോഡി ഗവൺമെന്റിന്റെ വർഗീയ പിന്തിരിപ്പൻ ജനദ്രോഹ നയങ്ങളെ കൂട്ടായി നേരിടുന്നതിനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെ വിശിഷ്യാ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പാർട്ടി ഒന്നിച്ച് രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിച്ചു.

സിപിഐ എടച്ചേരി ലോക്കൽ സെക്രട്ടറി വാച്ചാല്‍ ശ്രീധരൻ സ്വാഗതം പറഞ്ഞു. കളത്തിൽ സുരേന്ദ്രൻ മാസ്റ്റർ, പി ഷിജുകുമാർ, ഷീമാ വള്ളിൽ തുടങ്ങിയവർ നേതൃത്വം കൊടുക്കുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

സെക്രട്ടറി വാച്ചാല്‍ ശ്രീധരൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടന്നു. ഇ കെ വിജയൻ എം എൽ എ, ടി കെ രാജൻ മാസ്റ്റർ, എം.ടി.ബാലൻ, സി.സുരേന്ദ്രൻ മാസ്റ്റർ, കെ.പി.സുരേന്ദ്രൻ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചുണ്ട് പ്രസംഗിച്ചു.

സിപിഐ എടച്ചേരി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി കളത്തിൽ സുരേന്ദ്രൻ മാസ്റ്ററെയും, അസിസ്റ്റന്റ് സെക്രട്ടറിയായി കെ വി മഹേഷിനെയും സമ്മേളനം ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277414/cpi-edachery-local-conference-concludes)