---
title: "യൂത്ത് ലീഗ് നേതാവിനെതിരെ കള്ളക്കേസ്; നാദാപുരത്ത് പ്രതിഷേധം വ്യാപകം"
english_title: "#False #case #against #Youth #League #leader #Protests #spread #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278783/false-case-against-youth-league-leader-protests-spread-nadapuram"
published_at: "2025-03-24T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e188bea8f79_vv_muhammad_ali.jpg"
keywords: []
---

# യൂത്ത് ലീഗ് നേതാവിനെതിരെ കള്ളക്കേസ്; നാദാപുരത്ത് പ്രതിഷേധം വ്യാപകം

> **Lead Summary:** **നാദാപുരം: **വാട്സ് ആപ്പ് ഗ്രൂപ്പിലെ ചർച്ചയുടെ പേരിൽ യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിൽ പരക്കെ അമർഷം. കഴിഞ്ഞദിവസം മയ്യഴി പുഴ സംരക്ഷണ സമിതി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചില പത്രങ്ങൾ നൽകിയ തെറ്റായ വാർത്ത വലിയ ചർച്ചയായിരുന്നു.

## Article Content

**നാദാപുരം: **വാട്സ് ആപ്പ് ഗ്രൂപ്പിലെ ചർച്ചയുടെ പേരിൽ യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിൽ പരക്കെ അമർഷം. കഴിഞ്ഞദിവസം മയ്യഴി പുഴ സംരക്ഷണ സമിതി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചില പത്രങ്ങൾ നൽകിയ തെറ്റായ വാർത്ത വലിയ ചർച്ചയായിരുന്നു.

ജന്മഭൂമി, കേരളകൗമുദി എന്നീ പത്രങ്ങളിൽ പുഴ കയ്യേറ്റം സംബന്ധിച്ച് വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഹാരിസ് തുറന്നടിക്കുകയും ഇരു പത്രങ്ങളുടെയും പ്രാദേശിക റിപ്പോർട്ടർമാരെ പരാമർശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് ഇരു പത്രങ്ങളുടെയും റിപ്പോർട്ടർമാർ വധഭീഷണി മുഴക്കി എന്ന് പറഞ്ഞു പോലീസിൽ പരാതി നൽകിയത്.

ഹാരിസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും ചെറുത്ത് തോൽപ്പിക്കുമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പ്രസ്താവനയിൽ പറഞ്ഞു.

പത്രപ്രവർത്തനം സത്യസന്ധമാവണമെന്നും എന്തും എഴുതി പിടിപ്പിക്കാനുള്ള ലൈസൻസ് ആണെന്ന് ആരും കരുതരുതെന്നും നാദാപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് യോഗം വ്യക്തമാക്കി.

കള്ളക്കേസിലൂടെ യൂത്ത് ലീഗ് ഭാരവാഹികളുടെ മനോവീര്യം തകർക്കാമെന്ന് ധാരണ വേണ്ടെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് കെ എം ഹംസ അധ്യക്ഷത വഹിച്ചു.

നാദാപുരം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസിനെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കാമെന്ന ചിലരുടെ ധാരണ മൗഢ്യമാണെന്ന് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് വലിയാണ്ടി, ജനറൽ സെക്രട്ടറി നിസാർ എടത്തിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278783/false-case-against-youth-league-leader-protests-spread-nadapuram)