നാദാപുരം: (nadapuram.truevisionnews.com) കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൈലാഞ്ചിക്കൊന്ന എന്ന പേരിൽ ഈദ് വിഷു ആഘോഷ പരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.
രണ്ടിന് വൈകിട്ട് നാലു മണിക്ക് നാദാപുരം വൈദ്യർ അക്കാദമി പരിസരത്ത് പ്രാദേശിക കലാകാരന്മാരുടെ സംഗീത വിരുന്നോടെ പരിപാടിക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ബഷീർ ചുങ്കത്തറ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

രാഷ്ട്രീയ സാമൂഹ്യ കലാസാംസ്കാരിക മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും. രാത്രി 8 മണിക്ക് കേരളത്തിലെ പ്രശസ്ത ഗായകർ അണിനിരക്കുന്ന ഇശലിമ്പം പരിപാടി അരങ്ങേറും.
ഏപ്രിൽ 13ന് നാലു മണിക്ക് പ്രാദേശിക കലാകാരന്മാരുടെ നൃത്യ നൃത്തങ്ങൾ അരങ്ങേറും. രാത്രി 7 മണിക്ക് സാംസ്കാരിക സദസ്സിൽ മുൻമന്ത്രി എ കെ ബാലൻ അടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
തുടർന്ന്, നാട്ടുമൊഴി എന്ന പേരിൽ നാടൻ പാട്ട് മേള നടക്കും. രണ്ടുദിവസത്തെയും പരിപാടികൾ നാദാപുരത്തെ വലിയ സാംസ്കാരിക കൂട്ടായ്മയായി മാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വൈദ്യർ അക്കാദമി ഹാളിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ സി എച്ച് മോഹനൻ, അബ്ബാസ് കണേക്കൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം കെ അഷ്റഫ്, കൺവീനർ സി എച്ച് ഹരിദാസൻ, പി പി കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുത്തു.
#Preparations #Mylanchikonna #programme #Moinkutty #Vaidyaar #Academy #completed