Featured

നാസ്തികതയും മതനിരാസവും സാമൂഹിക ദുരന്തം -വിസ്ഡം ഡയലോഗ്

News |
May 25, 2025 10:52 PM

നാദാപുരം: (nadapuram.truevisionnews.com) ലഹരിയും അരാചകത്വവും അധാർമികതയും കൊണ്ട് സമൂഹം നേരിടുന്ന വെല്ലുവിളിക്ക് ദാർശനിക പിന്തുണ നൽകുന്നത് മതനിരാസവും നവനാസ്തികതയുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി നാദാപുരത്ത് സംഘടിപ്പിച്ച ഓപൺ ഡയലോഗ് അഭിപ്രായപ്പെട്ടു.

സാമ്രാജ്യത്വം പടച്ച് വിടുന്ന സാംസ്കാരിക മാലിന്യങ്ങളെ ആദർശമായി സ്വീകരിച്ച നവനാസ്തികത ഒരു സാമൂഹിക ദുരന്തമാണ്. വയോധികരായ മാതാപിതാക്കളെ വഴിയാധാരമാക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ പോലും പീഢനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളെ നാസ്തികത സമൂഹത്തിൽ സാമാന്യവൽകരിക്കുകയാണ്.

സ്ത്രീസ്വത്വത്തെ നിരാകരിച്ച് അവരുടെ അവകാശങ്ങളെ ധ്വംസിക്കുന്ന ഫെമിനിസത്തിനെതിരെ ലോകം തിരിഞ്ഞ് തുടങ്ങിയത് ആശാവഹമാണ്. ദുരന്തങ്ങളിൽ നിരാലംബരായവരെ അവഗണിക്കുകയും വിധ്വംസക പ്രവർത്തനത്തിന് കുടപിടിക്കുകയും ചെയ്യുന്ന എക്സ് മുസ് ലിം വാദികളെ കരുതിയിരിക്കണം.

പ്രകൃതിയെ ദുർവ്യാഖ്യാനിച്ച് വർണവെറിയെ ന്യായീകരിക്കുന്ന നാസ്തികത മാനവവിരുദ്ധമാണ്. ഫാഷിസത്തിൻ്റെ തീവ്രദേശീയതയെ പിന്തുണക്കുന്ന നാസ്തികത സവർണ രാഷ്ട്രീയത്തിന് പാദസേവ ചെയ്യുകയാണ്. ഇസ്റായീലിൻ്റെ നര നായാട്ടിനെ ന്യായീകരിക്കുകയും യുദ്ധക്കെടുതി മൂലം യാതനയനുഭവിക്കുകയും ചെയ്യുന്നവരെ പരിഹസിക്കുകയും ചെയ്യുകയാണ് നവനാസ്തിക ശൈലി. ഇതിനെതിരെ വൈജ്ഞാനിക പ്രതിരോധം തീർക്കാൻ യുവാക്കൾ ബദ്ധശ്രദ്ധരാകണമെന്നും വിസ്ഡം യൂത്ത് ഓപൺ ഡയലോഗ് അഭിപ്രായപ്പെട്ടു.

കല്ലാച്ചി ഓത്തിയിൽ കൺവൻഷൻ സെൻ്ററിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

വിസ്ഡം പണ്ഡിത സഭയുടെ സെക്രട്ടറി ശമീർ മദീനി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ താജുദ്ദീൻ സ്വലാഹി,ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, റഫീഖ് സലഫി ബുറൈദ ,അബ്ദുൽ മാലിക് സലഫി, ഡോ. അബ്ദുല്ല ബാസിൽ, സി മുഹമ്മദ് അജ്മൽ, അബ്ദുറഹിമാൻ ചുങ്കത്തറ, ഷിയാദ് ഹസൻ, കെ മുഹമ്മദ് യാസീൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

തുറന്ന സംശയനിവാരണത്തിനും അവസരം ഒരുക്കിയിരുന്നു. വിസ്ഡം വിദ്യാഭ്യാസ ബോർഡ് 5,8 ക്ലാസ്സുകളിൽ നടത്തിയ പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ ഫലാഹ് അബ്ദുല്ല സി.പി,ആയിഷ അമാൻ എന്നിവർക്കും ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡുകൾ വിസ്ഡം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി നാസർ ബാലുശ്ശേരി വിതരണം ചെയ്തു.

വിസ്ഡം ജില്ല വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ അബ്ദുൽ നാസർ മദനി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, സെക്രട്ടറി എം.കെ ശമീർ, ടി.എൻ ഷക്കീർ സലഫി, വി.കെ ഉനൈസ് സ്വലാഹി, സി.പി സജീർ സംസാരിച്ചു.


Open Dialogue organized Islamic Youth Organization State Committee Nadapuram

Next TV

Top Stories










News Roundup