---
title: "ഒടുവിൽ പെരിങ്ങത്തൂരിലെ വൻമരം കടപുഴകി; പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി"
english_title: "Peringathur arge tree felled"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/293094/peringathur-arge-tree-felled"
published_at: "2025-05-30T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683940b52f94e_nadapuram.jpg"
keywords: []
---

# ഒടുവിൽ പെരിങ്ങത്തൂരിലെ വൻമരം കടപുഴകി; പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി

> **Lead Summary:** **നാദാപുരം: **സംസ്ഥാന പാതയിൽ കണ്ണൂർ ജില്ലാ അതിർത്തിയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപത്തെ വൻമരം കടപുഴകി. പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി. നാദാപുരം - തലശ്ശേരി റൂട്ടിൽ വാഹന ഗതാഗതം നിലച്ചു. കൂറ്റൻ തണൽ മരം അപകട ഭീഷണിയിലായതിനാൽ നാട്ടുകാരുടെ ആശങ്ക നിരന്തരം ട്രൂവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

## Article Content

**നാദാപുരം: **സംസ്ഥാന പാതയിൽ കണ്ണൂർ ജില്ലാ അതിർത്തിയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപത്തെ വൻമരം കടപുഴകി. പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി. നാദാപുരം - തലശ്ശേരി റൂട്ടിൽ വാഹന ഗതാഗതം നിലച്ചു. കൂറ്റൻ തണൽ മരം അപകട ഭീഷണിയിലായതിനാൽ നാട്ടുകാരുടെ ആശങ്ക നിരന്തരം ട്രൂവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

പെരിങ്ങത്തുരിനടുത്ത് കോഴിക്കോട് ജില്ലയുടെ ഭാഗമായ കായപ്പനച്ചിയിലാണ് വൻമരം റോഡിന് കുറുകെ കടപുഴകി വീണത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ വീണ മരം ഇപ്പോഴും മാറ്റി കൊണ്ടിരിക്കുന്നു. നാദാപുരം പാനൂർ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മരം നീക്കുവാനുള്ള നടപടി പുരോഗമിക്കുന്നു.

നാദാപുരം സംസ്ഥാന പാതയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപം അപകടഭീഷണിയിലായ കൂറ്റൻ തണൽ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരുന്നു .

കായപ്പനച്ചി വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവാണ് ഉദ്ഘാടനം ചെയ്തത് . റോഡരികിലെ കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷത്തിൽ അപകടാവസ്ഥയിലായ മരങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൂടുതൽ അപകടഭീഷണിയിലായി.

രണ്ട് വലിയ മരങ്ങൾ സമീപത്തെ പുഴക്കര ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ചരിഞ്ഞ നിലയിലാണ്. വേരുകൾ പൊങ്ങി സംസ്ഥാന പാത്രപാതയുടെ ടാറിംഗ് തകർന്ന നിലയിലുമാണ്. നേരത്തെ പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല. എം.ടി.രാഹുലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.കെ. പ്രേമദാസ്.എം.സി.മോഹനൻ,വിനോദൻ പുറാത, അഖിലേഷ് വരയത്ത്, ഷൈജു പുഴക്കര, വരയത്ത് കുഞ്ഞിരാമൻ, പുതുക്കൂൽ ഇബ്രാഹിം.പി. രസിൽ രാജ്, ബിജു പുറാത, എം.ടി. സജിത്ത് എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/293094/peringathur-arge-tree-felled)