---
title: "നാദാപുരം സംസ്ഥാനപാതയിലെ മരം മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Police started investigation theft wood Nadapuram state highway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295260/police-started-investigation-theft-wood-nadapuram-state-highway"
published_at: "2025-06-09T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846b917d4182_tree_theft.jpg"
keywords: []
---

# നാദാപുരം സംസ്ഥാനപാതയിലെ മരം മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** നാദാപുരം: സംസ്ഥാനപാതയിലെ മരം മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് നാദാപുരം പോലീസ്. പൊതുമരാമത്ത് വകുപ്പ് നല്‍കിയ പരാതിയിലാണ് നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡിലെ പേരോട് അമാന ടൊയോട്ട ഷോറൂമിന് മുന്‍വശത്തെ റോഡിലെ മരമാണ് കഴിഞ്ഞദിവസം മോഷണം പോയത്.

## Article Content

നാദാപുരം: സംസ്ഥാനപാതയിലെ മരം മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് നാദാപുരം പോലീസ്. പൊതുമരാമത്ത് വകുപ്പ് നല്‍കിയ പരാതിയിലാണ് നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡിലെ പേരോട് അമാന ടൊയോട്ട ഷോറൂമിന് മുന്‍വശത്തെ റോഡിലെ മരമാണ് കഴിഞ്ഞദിവസം മോഷണം പോയത്.

ഒരു വലിയ മരം പൂര്‍ണമായും വെട്ടിമുറിച്ചു കടത്തി. മരത്തിന് സമീപത്തെ ഒരു തേക്കുമരത്തിന്റെ ചില്ലകളും പൂര്‍ണമായും വെട്ടിമാറ്റിയിട്ടുണ്ട്. പൂര്‍ണമായും വെട്ടിമുറിച്ച മരം തേക്കാണെന്ന സംശയത്തിലായിരുന്നു പൊതുമരാമത്ത് വകുപ്പ്. എന്നാല്‍ മരത്തിന്റെ കുറ്റിമാത്രം അവശേഷിക്കുന്നതിനാല്‍ മരം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഇത് അറിയാന്‍ വനംവകുപ്പിന്റെ സഹായം തേടിയതായി പോലീസ് അറിയിച്ചു.

തൂണേരി ഗ്രാമപ്പഞ്ചായത്തിലെ പേരോട് വെള്ളൂര്‍ ഭാഗങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പേരോട് എയര്‍ പോര്‍ട്ട് റോഡില്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. ആ സമയത്താണ് മരം മോഷണം പോയ വിവരം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയുന്നത്. കഴിഞ്ഞമാസം നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ മരവും ഇത്തരത്തില്‍ മോഷണം പോയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295260/police-started-investigation-theft-wood-nadapuram-state-highway)