---
title: "നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച പൊലീസുദ്യോഗസ്ഥനെതിരെ കൂടുതൽ ആരോപണങ്ങൾ"
english_title: "nadapuram housewife More allegations against police officer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295781/nadapuram-housewife-more-allegations-against-police-officer"
published_at: "2025-06-12T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a7ceb049f9_1.jpg"
keywords: []
---

# നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച പൊലീസുദ്യോഗസ്ഥനെതിരെ കൂടുതൽ ആരോപണങ്ങൾ

> **Lead Summary:** **നാദാപുരം: **വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ പൊലീസുദ്യോഗസ്ഥനെതിരെ കൂടുതൽ ആരോപണങ്ങൾ.

## Article Content

**നാദാപുരം: **വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ പൊലീസുദ്യോഗസ്ഥനെതിരെ കൂടുതൽ ആരോപണങ്ങൾ.

കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെ കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

ആദ്യം വാട്സാപ്പിലൂടെ മെസേജ് വന്നപ്പോൾ ആവർത്തിക്കരുതെന്ന് വീട്ടമ്മ പലതവണ താക്കീത് ചെയ്തു. എന്നാൽ ഇത് കാര്യമാക്കാതെ സുരേഷ് തുടരെത്തുടരെ സന്ദേശങ്ങളയച്ചു.

പിന്നീട് ഇക്കാര്യം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞു. തുടർന്ന് സന്ദേശമയക്കരുതെന്ന് ഭർത്താവും പലതവണ പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ സുരേഷ് പിന്തിരിയാൻ തയാറായില്ല. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയും ഇയാൾ സന്ദേശം അയച്ചുതുടങ്ങി.

നിരന്തര ശല്യമായതോടെ പൊലീസിൽ പരാതി നൽകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. സുരേഷിനെതിരെ നാദാപുരം പൊലീസിന് വീട്ടമ്മ പരാതി നൽകി. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുക്കുകയും സസ്പെൻഷനിലായതും. വകുപ്പുതല നടപടിക്ക് പുറമേ പൊലീസ് നടപടിയും ഉണ്ടാകുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295781/nadapuram-housewife-more-allegations-against-police-officer)