---
title: "അതിക്രമിച്ചു കയറി വധ ഭീഷണി; നാദാപുരത്ത് സത്രീ ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസ്"
english_title: "Case filed against seven people including woman Nadapuram trespassing threatening "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297609/case-filed-against-seven-people-including-woman-nadapuram-trespassing-threatening-new "
published_at: "2025-06-21T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856a53bf1c64_policestaion.jpg"
keywords: []
---

# അതിക്രമിച്ചു കയറി വധ ഭീഷണി; നാദാപുരത്ത് സത്രീ ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസ്

> **Lead Summary:** **നാദാപുരം: **സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ ഏഴു പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: **സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ ഏഴു പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.

ചാലപ്പുറം സ്വദേശി കേളോത്ത് കോയിലോത്ത് കുഞ്ഞമ്മദ് നൽകിയ പരാതിയിലാണ് നടപടി. മുക്രികണ്ടി ഗഫൂർ, കിഴക്കയിൽ നസീർ, കിഴക്കയിൽ ഫിറോസ്, പിള്ളാടീന്റവിട മനോജ്, പിള്ളാടീന്റവിട ബാബു, വണ്ണാൻകണ്ടി നാസർ , നാസറിന്റെ ഭാര്യ ജസ്ന എന്നിവരാണ് കേസിലെ പ്രതികൾ.

ജൂൺ 19-ന് രാവിലെ 11 മണിയോടെ പ്രതികൾ സംഘം ചേർന്ന് കുഞ്ഞമ്മദിന്റെ സ്വകാര്യ സ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയും, മുൻപുണ്ടായിരുന്ന വഴിത്തർക്കത്തിന്റെ പേരിൽ വിരോധം വെച്ച് ചീത്ത വിളിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒന്നാം പ്രതിയായ ഗഫൂർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഒന്നും ഏഴും പ്രതികൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു.

നാദാപുരം മുൻസിഫ് കോടതിയുടെ ഇൻജംഗ്ഷൻ ഉത്തരവ് ലംഘിച്ചാണ് പ്രതികൾ പറമ്പിൽ പ്രവേശിച്ചതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ, അന്യായമായി സംഘംചേരൽ, സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297609/case-filed-against-seven-people-including-woman-nadapuram-trespassing-threatening-new )