---
title: " വർണ്ണ ലഹരിയിൽ; നാഷണൽ എച്ച് എസിൽ നാളെ ബിഗ് ക്യാൻവാസ് കോളാഷ് ചിത്രമൊരുങ്ങുന്നു "
english_title: " Big canvas collage painting tomorrow National HS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298510/big-canvas-collage-painting-tomorrow-national-hs"
published_at: "2025-06-25T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c2c66d5660_colash.jpg"
keywords: []
---

#  വർണ്ണ ലഹരിയിൽ; നാഷണൽ എച്ച് എസിൽ നാളെ ബിഗ് ക്യാൻവാസ് കോളാഷ് ചിത്രമൊരുങ്ങുന്നു 

> **Lead Summary:** നാദാപുരം: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വർണതീരം ആർട്സ് ക്ലബ് കോളാഷ് കലാപ്രവർത്തനത്തിൽ എന്നും പുതുമകൾ സമ്മാനിച്ചിട്ടുണ്ട്.

## Article Content

നാദാപുരം: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വർണതീരം ആർട്സ് ക്ലബ് കോളാഷ് കലാപ്രവർത്തനത്തിൽ എന്നും പുതുമകൾ സമ്മാനിച്ചിട്ടുണ്ട്.

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ ക്യാമ്പസിൽ കോളേഷ് ചിത്രങ്ങളുടെ ബിഗ് ക്യാൻവാസ് ഒരുക്കി വൈവിധ്യമാർന്ന രചനാ സങ്കേതങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് വർണതീരം ആർട്സ് ക്ലബ്ബ് .മുപ്പതോളം കുട്ടി ചിത്രകാരന്മാർ അംഗങ്ങളായുള്ള ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് ഈ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകൻ കൂടിയായ ലഗേഷ് സാറാണ് .

കോഴിക്കോട് ആർട്ട് ഗാലറിയിൽ കുട്ടി ചിത്രകാരന്മാരുടെ ചിത്രപ്രദർശനം , നിറം - ജില്ലതല ചിത്രരചന മത്സരം തുടങ്ങിയ ജില്ലാതല പരിപാടികളിലൂടെ ശ്രദ്ധേയമാണ് വർണതീരം ആർട്സ് ക്ലബ്ബ് . വാൻഗോഗ് ദിനാചരണം, ബഷീർ ചിത്രാവിഷ്ക്കാരം, ഗാന്ധി ചിത്രനിർമിതി തുടങ്ങിയ സ്കൂൾ തല പരിപാടി ഓരോ വർഷവും വൈവിധ്യപൂർണ്ണമായി നടത്താൻ ക്ലബ്ബ് ശ്രമിക്കാറുണ്ട്. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളുടെയും കൂട്ടായ്മ ഈ സംരംഭത്തിന് കരുത്ത് പകരുന്നു.

ഓരോ വർഷവും വിദ്യാലയത്തിൽ എത്തുന്ന കുട്ടി ചിത്രകാരന്മാരെ കണ്ടെത്തി ചിത്രകലയുടെ വൈവിധ്യമാർന്ന മേഖലകളെ പരിചയപ്പെടുത്തുന്നതിന് ക്ലബ്ബ് പ്രവർത്തനം എന്നും സഹായകമായിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ വയനാട് ദുരന്ത ഭൂമിയിലേക്ക് സഹായം എത്തിക്കുന്നതിനായി ചിത്രപ്രദർശനം സംഘടിപ്പിക്കുകയും ചിത്ര വില്പനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയും ചെയ്തുകൊണ്ട് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക സൃഷ്ടിക്കാൻ ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.

ലഹരിക്കെതിരെ നാടുണരുന്ന ഈ കാലത്ത് ബോധവൽക്കരണത്തോടൊപ്പം കൊളാഷ് എന്ന ചിത്രസങ്കേതത്തെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താൻ കൂടിയുള്ള ഒരു പ്രവർത്തനമാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്. 6 മീറ്റർ നീളമുള്ള ബിഗ് ക്യാൻവാസിൽ വർണതീരം കലാകാരന്മാർ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് ഉതകുന്ന കൊളാഷ് നിർമ്മിക്കുകയാണ്.

പത്രത്താളുകളെ വർണ്ണ വിസ്മയങ്ങൾ ആക്കുന്ന കൊളേഷ് നിർമ്മാണ രീതി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക കൂടിയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. ബിഗ്ക്യാൻവാസിന്റെ പ്രദർശന ഉദ്ഘാടനം ജൂൺ 26 സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നതാണ്.അണിയറയിൽ ഇതിനായുള്ള ഒരുക്കത്തിലാണ് വർണതീരം ആർട്സ് ക്ലബ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298510/big-canvas-collage-painting-tomorrow-national-hs)