---
title: "എയർപോർട്ട് നാലുവരിപാത; റോഡ് നിർമാണത്തിന് 544.75 കോടി; സ്ഥലം ഏറ്റെടുക്കാൻ 670.1 കോടി "
english_title: "Airport four-lane; 544.75 crore for road construction and 670.1 crore for land acquisition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30415/airport-four-lane-54475-crore-for-road-construction-and-6701-crore-for-land-acquisition"
published_at: "2022-03-08T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226c7319d457_ek.jpg"
keywords: []
---

# എയർപോർട്ട് നാലുവരിപാത; റോഡ് നിർമാണത്തിന് 544.75 കോടി; സ്ഥലം ഏറ്റെടുക്കാൻ 670.1 കോടി 

> **Lead Summary:** **നാദാപുരം: **നിർദ്ദിഷ്ട കണ്ണൂർ ഏർപ്പോർട്ട് റോഡ് നിർമാണത്തിന് 544.75 കോടി രൂപയും സ്ഥലം ഏറ്റെടുക്കാൻ 670.1 കോടിയും ചില വഴിക്കും. കുറ്റ്യാടിമുതൽ പെരിങ്ങത്തൂർ പാലംവരെ 24.5 കിലോമീറ്ററാണ്. 10 സ്കൂളുകളും 12 ആരാധനാലയങ്ങളും പൊളിച്ചുമാറ്റേണ്ടിവരും.

## Article Content

**നാദാപുരം: **നിർദ്ദിഷ്ട കണ്ണൂർ ഏർപ്പോർട്ട് റോഡ് നിർമാണത്തിന് 544.75 കോടി രൂപയും സ്ഥലം ഏറ്റെടുക്കാൻ 670.1 കോടിയും ചില വഴിക്കും. കുറ്റ്യാടിമുതൽ പെരിങ്ങത്തൂർ പാലംവരെ 24.5 കിലോമീറ്ററാണ്. 10 സ്കൂളുകളും 12 ആരാധനാലയങ്ങളും പൊളിച്ചുമാറ്റേണ്ടിവരും.

മൂന്ന് ബൈപ്പാസ് നിർമിക്കും. ആദ്യ ബൈപ്പാസ് കുറ്റ്യാടി പാലത്തിനടുത്തുനിന്ന് തുടങ്ങി കടേക്കാംചാലിലെത്തും. കക്കട്ട് അജന്താ ടാക്കീസിൽനിന്ന് തുടങ്ങി രജിസ്ട്രാർ ഓഫീസിനടുത്തെത്തുന്നതാണ് രണ്ടാമത്തെ ബൈപ്പാസ്. മൂന്നാമത്തെ ബൈപ്പാസ് പയന്തോങ്ങ് ചിയ്യൂർ റോഡിൽനിന്ന് തുടങ്ങി ആവോലം ജങ്ഷനിൽ അവസാനിക്കും.

പെരിങ്ങത്തൂരും കുറ്റ്യാടിയിലും 12 മീറ്ററിൽ രണ്ട് പുതിയപാലം വരും. 35 കൽവെർട്ടുകളുമുണ്ടാകും. എം എൽ എ മാരായ ഇ കെ വിജയനും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും വിളിച്ച് ചേർത്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മാരുടെ യോഗത്തിൽ റോഡിനെ സ്വാഗതം ചെയ്തു.

ജനങ്ങളെ ബോധ്യപ്പെടുത്തിയും വിശ്വാസത്തിലെടുത്തുംവേണം റോഡ് വികസനം നടപ്പാക്കേണ്ടതെന്ന് നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു.

കനത്ത നഷ്ടമുണ്ടാകുന്ന മൊകേരി അങ്ങാടി ഉൾപ്പടെയുളള സ്ഥലങ്ങളിൽ ബൈപ്പാസ് നിർമിക്കുന്നത് പരിഗണിക്കണമെന്ന് കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്തയും ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും നിർദേശിച്ചു.

നാലുവരിപ്പാത ആരംഭിക്കുന്ന കുറ്റ്യാടിയിൽ വൺവേ ബൈപ്പാസ് നിർമിക്കണമെന്ന് കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസും ഇരിങ്ങണ്ണൂർ അങ്ങാടി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ പരിഹരിക്കണമെന്ന് എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. രാജനും ആവശ്യപ്പെട്ടു. യോഗത്തിൽ സി.സി. ഉമേഷ്, സി. വിഷ്ണു, കെ. മനോജ്, എസ്. അരവിന്ദ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30415/airport-four-lane-54475-crore-for-road-construction-and-6701-crore-for-land-acquisition)