---
title: "സാന്ത്വന സ്പർശം; വിലങ്ങാട്ടെ ദുരിത ബാധിതർക്ക് തുടർ ജീവിതത്തിന് സൗകര്യമൊരുക്കും -മാർ റമീജിയോസ് ഇഞ്ചനാനിയിൽ"
english_title: "Mar Ramigius Inchananiyil says that he will provide facilities for the continuation of life for the victims of Vilangad disaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/305702/mar-ramigius-inchananiyil-says-that-he-will-provide-facilities-for-the-continuation-of-life-for-the-victims-of-vilangad-disaster"
published_at: "2025-07-31T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b42e671e42_inchananyil.jpg"
keywords: []
---

# സാന്ത്വന സ്പർശം; വിലങ്ങാട്ടെ ദുരിത ബാധിതർക്ക് തുടർ ജീവിതത്തിന് സൗകര്യമൊരുക്കും -മാർ റമീജിയോസ് ഇഞ്ചനാനിയിൽ

> **Lead Summary:** **വിലങ്ങാട്: **പേടിസ്വപ്നമായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വിലങ്ങാട് ദുരന്തത്തിന് ഒരു വയസ് പിന്നിടുന്നു. വിലങ്ങാട്ടെ ദുരിത ബാധിതർക്ക് തുടർ ജീവിതത്തിന് സൗകര്യമൊരുക്കാൻ കൂടെയുണ്ടാകുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണെന്നും താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

## Article Content

**വിലങ്ങാട്: **പേടിസ്വപ്നമായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വിലങ്ങാട് ദുരന്തത്തിന് ഒരു വയസ് പിന്നിടുന്നു. വിലങ്ങാട്ടെ ദുരിത ബാധിതർക്ക് തുടർ ജീവിതത്തിന് സൗകര്യമൊരുക്കാൻ കൂടെയുണ്ടാകുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണെന്നും താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

വിലങ്ങാട്ടെ ജനങ്ങൾക്ക് കത്തോലിക്കാ സഭയുടെ സാന്ത്വനസ്പർശമായി നിർമിക്കുന്ന 65 വീടുകളിൽ പതിനഞ്ചാമത്തെ വീടിന്റെ വെഞ്ചിരിപ്പ് കർമത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 65 വീടുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കാൻ പരിശ്രമിക്കണമെന്ന് പിതാവ് ഓർമിപ്പിച്ചു.

പദ്ധതിയിലെ 53-ാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം കെഎസ്എസ്എഫ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ നടത്തി. കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിലങ്ങാട് പുനരധിവാസ പദ്ധതി ദുരിതബാധിതർക്ക് വലിയ ആശ്വാസമായി മാറുകയാണ്. പദ്ധതിയുടെ ഭാഗമായി 65 വീടുകൾ നിർമ്മിക്കുന്നതിൽ 41 വീടുകൾക്ക് കെസിബിസി നേരിട്ട് സഹായിക്കുന്നു. ബാക്കിയുള്ള 24 വീടുകൾ വിവിധ സന്യാസസഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് നിർമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/305702/mar-ramigius-inchananiyil-says-that-he-will-provide-facilities-for-the-continuation-of-life-for-the-victims-of-vilangad-disaster)