---
title: "വിലങ്ങാട് മലവെള്ളപ്പാച്ചിലിനിടെ പുഴയുടെ നടുവിൽ കുടുങ്ങി; നരിപ്പറ്റയിൽ രണ്ട് യുവാക്കൾ രക്ഷപെട്ടത് അത്ഭുതകരമായി"
english_title: "Two youths miraculously escaped trapped in the middle of the river during the Vilangad flood"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306777/two-youths-miraculously-escaped-trapped-in-the-middle-of-the-river-during-the-vilangad-flood"
published_at: "2025-08-06T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892df27379d6_river.jpg"
keywords: []
---

# വിലങ്ങാട് മലവെള്ളപ്പാച്ചിലിനിടെ പുഴയുടെ നടുവിൽ കുടുങ്ങി; നരിപ്പറ്റയിൽ രണ്ട് യുവാക്കൾ രക്ഷപെട്ടത് അത്ഭുതകരമായി

> **Lead Summary:** **നാദാപുരം: **നരിപ്പറ്റ മലയോരത്ത് പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഒലിച്ചെത്തിയപ്പോൾ പുഴയുടെ നടുവിൽ കുടുങ്ങിയ രണ്ടുപേർ രക്ഷപെട്ടത് അത്ഭുതകരമായി. ഇന്നലെ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിന്റെ ഒഴുക്കിലാണ് പുഴയിൽ കുളിക്കുന്നതിനിടെ രണ്ടുപേരും വെള്ളത്തിൽ കുടുങ്ങിയത്. ഭൂമി വാതുക്കൽ സ്വദേശി യൂസഫ് , വളയം സ്വദേശി ഇസ്മായിൽ എന്നിവരാണ് രക്ഷപ്പെട്ടത്.

## Article Content

**നാദാപുരം: **നരിപ്പറ്റ മലയോരത്ത് പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഒലിച്ചെത്തിയപ്പോൾ പുഴയുടെ നടുവിൽ കുടുങ്ങിയ രണ്ടുപേർ രക്ഷപെട്ടത് അത്ഭുതകരമായി. ഇന്നലെ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിന്റെ ഒഴുക്കിലാണ് പുഴയിൽ കുളിക്കുന്നതിനിടെ രണ്ടുപേരും വെള്ളത്തിൽ കുടുങ്ങിയത്. ഭൂമി വാതുക്കൽ സ്വദേശി യൂസഫ് , വളയം സ്വദേശി ഇസ്മായിൽ എന്നിവരാണ് രക്ഷപ്പെട്ടത്.

കമ്മായി, തരിപ്പതോടുകളിൽ വെള്ളം കുത്തനെ ഉയർന്നത്തോടെ പുതുക്കയം പുഴമൂലയിൽ പുഴയിലെ പാറയിലാണ് രണ്ടുപേരും കുടുങ്ങിയത്. വെള്ളം പൊങ്ങിയ ഉടൻതന്നെ ഒരാൾ കരയിലേക്ക് നീന്തിക്കയറിയെങ്കിലും, രണ്ടാമത്തെയാൾ പുഴക്ക് നടുവിലെ പാറയിൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെട്ടയാൾ തൊട്ടടുത്ത ചായക്കടയിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷസേനയും ചേർന്ന് ഇയാളെ കരക്കെത്തിച്ചു.

ഇന്നലെ വൈകുന്നേരത്തോടുകൂടി നരിപ്പറ്റ പഞ്ചായത്തിലെ തിനൂർ വില്ലേജിലെ കമ്മായിത്തോട്ടിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്നാണ് ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായതെന്ന് സംശയിക്കുന്നു.

ചെളിയും മണ്ണും കലർന്ന വെള്ളമാണ് കുതിച്ചെത്തിയത്. തോട്ടിലെ വെള്ളം ചെന്നുപതിക്കുന്ന വാണിമേൽപ്പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. വെള്ളക്കെട്ടിനെതത്തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. പള്ളിയാറപ്പൊയിൽ കരുണൻ, സുരേഷ് എന്നിവരുടെ കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്.

ആശങ്ക വേണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചു. സന്ധ്യയോടുകൂടി വെള്ളം കുറയുകയുംചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണ് കമ്മായി. വിവരമറിഞ്ഞ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വില്ലേജ് ഓഫീസ് അധികൃതരും സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306777/two-youths-miraculously-escaped-trapped-in-the-middle-of-the-river-during-the-vilangad-flood)