---
title: "'പരേത' നോട്ടീസ് കൈപ്പറ്റി!! നീക്കം സിപിഎമ്മിന്റെ പരാജയഭീതി കൊണ്ടാണെന്ന് യുഡിഎഫ്"
english_title: "UDF says it received 'late' notice, move is due to CPM's fear of defeat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309448/udf-says-it-received-late-notice-move-is-due-to-cpms-fear-of-defeat-new"
published_at: "2025-08-18T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a357113f0b1_1.jpg"
keywords: []
---

# 'പരേത' നോട്ടീസ് കൈപ്പറ്റി!! നീക്കം സിപിഎമ്മിന്റെ പരാജയഭീതി കൊണ്ടാണെന്ന് യുഡിഎഫ്

> **Lead Summary:** **നാദാപുരം : **വ്യാജ രേഖകൾ നൽകി നാദാപുരം പഞ്ചായത്തിലെ വോട്ടർമാരെ പട്ടികയിൽ നിന്ന് ഇല്ലാതാക്കാനുള്ള സിപിഎം നീക്കം പരാജയഭീതി കൊണ്ടാണെന്നും സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

**നാദാപുരം : **വ്യാജ രേഖകൾ നൽകി നാദാപുരം പഞ്ചായത്തിലെ വോട്ടർമാരെ പട്ടികയിൽ നിന്ന് ഇല്ലാതാക്കാനുള്ള സിപിഎം നീക്കം പരാജയഭീതി കൊണ്ടാണെന്നും സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രസ്താവിച്ചു.

സിപിഎമ്മിന് സംശയമുള്ളവരെയും യു ഡി എഫ് അനുഭാവികളുമായ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനാണ് വ്യാപകമായി പരാതി നൽകിയിരിക്കുന്നത്. ഇരട്ട വോട്ടുണ്ട് എന്നാണ് പരാതിയുന്നയിക്കുന്നത്. കള്ള രേഖകളാണ് തെളിവായി ഹാജരാക്കുന്നതും. നാദാപുരം പഞ്ചായത്തിലെ രണ്ടാം വാർഡിൽ കല്ലുള്ളതിൽ കല്യാണി എന്നവർക്ക് മരണപ്പെട്ടു എന്ന ആക്ഷേപം വെച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ നേതാവ് അശ്വന്ത് കച്ചേരി കണ്ടി എന്നയാൾ പരാതി ബോധിപ്പിച്ചിരിക്കുന്നത്.

പ്രസ്തുത പരാതി പ്രകാരം പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ നോട്ടീസുമായി വീട്ടിൽ ചെന്ന ഉദ്യോഗസ്ഥരോട് നോട്ടീസ് ഏറ്റുവാങ്ങിയത് കല്യാണി തന്നെയാണ്.ഇരുപത്തിയൊന്നാം വാർഡിലെ സുഹൈല ടിവി എന്ന വോട്ടർക്ക് പതിനെട്ടാം വാർഡിൽ ഭാഗം 1 ൽ ക്രമ നമ്പർ 182 പ്രകാരം വോട്ടുണ്ട് എന്ന വ്യാജപരാതി നൽകിയതാണ് മറ്റൊരു പരാതി.

പരാതിയിൽ പറയുന്ന പതിനെട്ടാം വാർഡിലെ ക്രമ.നമ്പർ 182 സുഹൈലയല്ല. സത്യാവസ്ഥമറച്ചു വെച്ചുകൊണ്ട് ബോധപൂർവ്വം ഇങ്ങനെ നിരവധി പേരുടെ വോട്ടു തള്ളാനാണ് സി.പി.എം ആക്ഷേപമുന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങി നിയമപരമായിട്ടല്ലാതെ,യുഡിഎഫ് അനുഭാവികളുടെയോ സിപിഎം വിരുദ്ധരുടെയൊ വോട്ടു തള്ളിക്കാനുള്ള ശ്രമത്തെയും, ജീവിച്ചിരിക്കുന്നവർ മരിച്ചു എന്ന് ആക്ഷേപിക്കുന്ന മാപ്പർഹിക്കാത്ത കുറ്റത്തിനെതിരെയും കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് യുഡിഎഫ് കൺവീനർ അഡ്വ. കെ. എം. രഘുനാഥ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309448/udf-says-it-received-late-notice-move-is-due-to-cpms-fear-of-defeat-new)