---
title: "പൊതു പ്രവർത്തകരെ നല്ല നടപ്പിന് ശിക്ഷിക്കുന്നത് അനീതിയെന്ന് മുസ്ലിംലീഗ്"
english_title: "Muslim League says it is unfair to punish public workers for good behavior"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310581/muslim-league-says-it-is-unfair-to-punish-public-workers-for-good-behavior"
published_at: "2025-08-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aab23100dca_league.jpg"
keywords: []
---

# പൊതു പ്രവർത്തകരെ നല്ല നടപ്പിന് ശിക്ഷിക്കുന്നത് അനീതിയെന്ന് മുസ്ലിംലീഗ്

> **Lead Summary:** നാദാപുരം: നിസാര കേസിൽ പ്രതികളാകുന്ന പൊതു പ്രവർത്തകർക്കെതിരെ സി ആർ പി സി 107 പ്രകാരം നല്ല നടപ്പിന് ശിക്ഷിക്കുന്നതിന് വേണ്ടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന വളയം പോലീസിന്റെ നടപടികൾ നീതീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ്.

## Article Content

നാദാപുരം: നിസാര കേസിൽ പ്രതികളാകുന്ന പൊതു പ്രവർത്തകർക്കെതിരെ സി ആർ പി സി 107 പ്രകാരം നല്ല നടപ്പിന് ശിക്ഷിക്കുന്നതിന് വേണ്ടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന വളയം പോലീസിന്റെ നടപടികൾ നീതീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ്.

കഴിഞ്ഞ മാസം ജാതിയേരിയിലുണ്ടായ അടിപിടി കേസിന്റെ പേരിൽ നിരപരാധികളായ ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് ചുമത്തിയ വളയം പോലീസ് തന്നെയാണ് നിലവിൽ നേരത്തേയുണ്ടായ സംഭവത്തിൽ പ്രതിചേർത്തവർ സ്ഥിരം കുറ്റവാളികളാണെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സമൻസ് അയപ്പിച്ചിരിക്കുന്നത്.

ഗുരുതര കുറ്റ കൃത്യങ്ങളിൽ അകപ്പെടുന്നവർക്കും സ്ഥിരം കുറ്റവാളികൾക്കും ചുമത്തുന്ന സി ആർ പി സി 107 വകുപ്പ് പൊതു പ്രവർത്തകന്മാർക്കെതിരെ ചുമത്തിയാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജാതിയേരി ഒൻപതാം വാർഡ് മുസ്ലിം ലീഗ് യോഗം വ്യക്തമാക്കി.

നിരവധി കേസുകളിൽ പ്രതികളാകുന്നവർക്ക് ചുമത്തുന്ന ഈ വകുപ്പ് ഒരു കേസിൽ മാത്രം പ്രതികൾ ആകുന്നവരുടെ പേരിൽ ചുമത്തുന്ന വളയം പോലീസിന്റെ നടപടി അപലപനീയമാണെന്നും യോഗം വിലയിരുത്തി. ഇത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ്   പി സി ബഷീർ അധ്യക്ഷനായി.

നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ്, സി സി ജാതിയേരി, കെ വി അർഷാദ്, സി കെ രമീസ്, സി എച്ച് ഇബ്രാഹിം എന്നിവർ സംസാരിച്ചു. കെ പി മുഹമ്മദ് സ്വാഗതവും സി ടി അഷ്റഫ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310581/muslim-league-says-it-is-unfair-to-punish-public-workers-for-good-behavior)