---
title: "കൂടെയുണ്ട്; മാനവികത വിളിച്ചോതി വീടിൻ്റെ ശിലാസ്ഥാപനം"
english_title: "The foundation stone of the house was laid by the call of humanity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310884/the-foundation-stone-of-the-house-was-laid-by-the-call-of-humanity"
published_at: "2025-08-25T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac7cc97f348_foundation_laid.jpg"
keywords: []
---

# കൂടെയുണ്ട്; മാനവികത വിളിച്ചോതി വീടിൻ്റെ ശിലാസ്ഥാപനം

> **Lead Summary:** **വാണിമേൽ: **മുസ്ലിം ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ച് ശിലാ സ്ഥാപനം നടത്തി വീട് നിർമ്മാണം തുടങ്ങിയത് മാനവികതയുടെ ഉദ്ഘോഷമായി. 2024 ജൂലൈയിൽ വിലങ്ങാടുണ്ടായ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മേപ്പയ്യൂർ സലഫിയ്യ അസോസിയേഷൻ നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപനമാണ് വാളാന്തോട്ടിൽ നടന്നത്.

## Article Content

**വാണിമേൽ: **മുസ്ലിം ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ച് ശിലാ സ്ഥാപനം നടത്തി വീട് നിർമ്മാണം തുടങ്ങിയത് മാനവികതയുടെ ഉദ്ഘോഷമായി. 2024 ജൂലൈയിൽ വിലങ്ങാടുണ്ടായ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മേപ്പയ്യൂർ സലഫിയ്യ അസോസിയേഷൻ നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപനമാണ് വാളാന്തോട്ടിൽ നടന്നത്.

ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വിലങ്ങാട് സ്വദേശി അഭിലാഷിന് വേണ്ടിയാണ് വീട് നിർമ്മാണം നടക്കുന്നത്. മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയായ ചടങ്ങിൽ സലഫിയ അസോസിയേഷൻ പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ, താമരശ്ശേരി രൂപത വികാരി ജനറൽ മോൺ അബ്രഹാം വാലിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ച തറക്കല്ലിടൽ കർമ്മമാണ് മതസൗഹാർദ്ദത്തിൻ്റെയും മാനവികതയുടേയും സന്ദേശം വിളിച്ചോതിയത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും ദുർബലരെ ചേർത്തുപിടിക്കുന്ന മാനവികതയാണ് കാലഘട്ടത്തിൻറെ ആവശ്യകതയെന്നും ഇരുവരും പറഞ്ഞു. അഭിലാഷിന്റെ കുടുംബത്തിനായി ഇരുവരും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. സലഫിയ അസോസിയേഷൻ സ്ഥാപകൻ പരേതനായ എ വി അബ്ദുറഹിമാൻ ഹാജി എംഎൽഎ വിശാലമായ മനുഷ്യ സ്നേഹത്തിൻ്റെ മാതൃകയായിരുന്നുവെന്ന് ഹുസൈൻ മടവൂർ ഓർമിപ്പിച്ചു.

വാളാംതോട് വീട് നിർമ്മിക്കുന്ന സ്ഥലത്ത് നടന്ന ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ വി അബ്ദുല്ല വീട് നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ വിഹിതം കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, വാർഡ് മെമ്പർ പി ശാരദ, സലഫിയ്യ അസോസിയേഷൻ വൈസ് പ്രസിഡന്റ്  പി കെ അബ്ദുല്ല, സെക്രട്ടറി എ പി അബ്ദുൽ അസീസ്, ഫാദർ വിൽസൺ മുട്ടത്തുകുന്നേൽ, മൊയ്തു വടകര, സലഫിയ അറബി കോളേജ് പ്രിൻസിപ്പാൾ ഡോ :ഫളലുള്ള തുടങ്ങിയവർ സംസാരിച്ചു.അജയ് ആവള സ്വാഗതവും ഫാദർ ബേബി പൂവത്തിങ്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310884/the-foundation-stone-of-the-house-was-laid-by-the-call-of-humanity)