---
title: "മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്; ഭവനവായ്പാ വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു "
english_title: "Madrasa Teachers Welfare Fund Board, housing loan distribution held at state level inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310909/madrasa-teachers-welfare-fund-board-housing-loan-distribution-held-at-state-level-inauguration"
published_at: "2025-08-25T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac972f53d8a_MLA.jpg"
keywords: []
---

# മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്; ഭവനവായ്പാ വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു 

> **Lead Summary:** നാദാപുരം: സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ സഹായത്തോടെയുള്ള ഭവന വായ്പ‌ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസ്സാധ്യാപകർക്ക് നൽകുന്ന പലിശരഹിത ഭവന വായ്പ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം തുടങ്ങിയവയുടെ വിതരണവും നടന്നു.

## Article Content

നാദാപുരം: സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ സഹായത്തോടെയുള്ള ഭവന വായ്പ‌ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസ്സാധ്യാപകർക്ക് നൽകുന്ന പലിശരഹിത ഭവന വായ്പ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം തുടങ്ങിയവയുടെ വിതരണവും നടന്നു.

ന്യൂനപക്ഷ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മദ്രസ അധ്യാപകരുടെ മക്കൾക്കുള്ള വിവാഹ ധനസഹായമായി 25,000 രൂപ വീതം ആദ്യഘട്ടത്തിൽ 100 പേർക്കാണ് വിതരണം ചെയ്തത്. ഭവന രഹിതരായ 270 അധ്യാപകർക്ക് അഞ്ച് ലക്ഷം വീതം പലിശ രഹിത വായ്പയും അനുവദിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറിലധികം ആളുകൾ വിതരണോദ്ഘാടനത്തിൽ പങ്കെടുത്തു.

ചടങ്ങിൽ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ കാരാട്ട് റസാഖ് അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സിഇഒ അബ്ദുൽ നാസർ പുലത്ത്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, എസ്കെഐഎംവിബി മാനേജർ മോയിൻകുട്ടി മാസ്റ്റർ, സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എ കെ അബ്ദുൽ ഹമീദ്, സിഐഇആർ സെക്രട്ടറി അബ്ദുൽ വഹാബ് നന്മണ്ട, മജിലിസ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. സി എച്ച് അനീനുദ്ധീൻ, വിസ്ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി മുജീബ് മദനി ഒട്ടുമ്മൽ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡി സി അബ്ദുൽ മുജീബ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്തെ മുഴുവൻ മദ്രസാധ്യാപകരെയും ക്ഷേമനിധി ബോർഡിന് കീഴിൽ കൊണ്ടുവരുക, ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പരിശ്രമിക്കുക, ഭവനരഹിതരായ മദ്രസാധ്യാപകരെ സഹായിക്കുക ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസാധ്യാപകരുടെ രണ്ട് പെൺമക്കളുടെ വിവാഹത്തിന് ധനസഹായം,ചികിത്സാധനസഹായം പ്രസവാനുകൂല്യം, പെൻഷൻ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ക്ഷേമനിധി ബോർഡ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിവരുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310909/madrasa-teachers-welfare-fund-board-housing-loan-distribution-held-at-state-level-inauguration)