---
title: "രോഗി മരിച്ചു... മണിക്കൂറോളം ആബുലൻസിൽ കിടത്തിയ രോഗി മരിച്ചു; നാദാപുരം ഗവ. ആശുപത്രിയിൽ ബഹളം "
english_title: "The patient lay in the ambulance for about an hour and died; Nadapuram Govt. Noise in the hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31995/the-patient-lay-in-the-ambulance-for-about-an-hour-and-died-nadapuram-govt-noise-in-the-hospital"
published_at: "2022-03-15T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230d7907511d_death ambulance.jpg"
keywords: []
---

# രോഗി മരിച്ചു... മണിക്കൂറോളം ആബുലൻസിൽ കിടത്തിയ രോഗി മരിച്ചു; നാദാപുരം ഗവ. ആശുപത്രിയിൽ ബഹളം 

> **Lead Summary:** **നാദാപുരം:** അതീവഗുരുതരാവസ്ഥയിലുള്ള രോഗിയുമായി നാദാപുരം ഗവ.താലൂക്ക് ആശുപത്രി വളപ്പിൽ ആബുലൻസ് നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം.

## Article Content

**നാദാപുരം:** അതീവഗുരുതരാവസ്ഥയിലുള്ള രോഗിയുമായി നാദാപുരം ഗവ.താലൂക്ക് ആശുപത്രി വളപ്പിൽ ആബുലൻസ് നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം.

ഗ്രാമ പഞ്ചായത്ത് അംഗവും ബന്ധുക്കളും നടത്തിയ സമ്മർദ്ദത്തിനൊടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി അല്പസമയം മുമ്പ് മരിച്ചു. ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം.

നാദാപുരം വള്ളിയാട്ട് അബലത്തിനടുത്തെ കുന്നത്ത് മാതു (65) ആണ് ഇന്ന്  ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെ മരിച്ചത്.അർബുദ രോഗബാധിതയായ മാതു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഗുരുതരവസ്ഥയാണെന്നും വേദന രഹിത പരിചരണമാണ് ആവശ്യമെന്നതിനാൽ മെഡിക്കൽ കോളേജിലെ ഡോക്ടർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ കല്ലാച്ചി മേഖലാ കമ്മറ്റിയുടെ രക്തസാക്ഷി ബിനു സ്മാരക ആബുലൻസിൽ മാതുവിനെ ഇന്ന് വൈകിട്ട് 4.50 നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ആബുലൻസിൽ സജ്ജീകരിച്ച ഒക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രോഗിയെ ആബുലൻസിൽ തന്നെ നിർത്തി മെഡിക്കൽ കോളേജിലെ ചികിത്സാരേഖകളുമായി ഡ്യൂട്ടി ഡോക്ടറെ കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ വന്നു കണ്ടു.

ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന എഴുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നൽകിയിരുന്നില്ലെന്നും പാലീയേറ്റീവ് പരിചരണമാണ് നിദ്ദേശിച്ചതെന്ന കാരണത്താൽ രോഗിയെ പരിശോധിക്കാനോ ആശുപത്രിയിൽ പ്രവേശിക്കാനോ ഡ്യൂട്ടി ഡോക്ടർ തയ്യാറായില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇവർ മെഡിക്കൽ കോളേജ് ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യം ഉണ്ടെങ്കിൽ ഇവിടെ തന്നെ പരിചരണം ലഭിക്കും എന്ന മറുപടിയാണ് ലഭിച്ചത്.

തനിക്ക് റിസ്ക്ക് ഏറ്റെടുക്കാനാവില്ലെന്നും എംഡി ഡോക്ടർ ഇല്ലാതതിനാൽ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് പിന്നീട് ഡ്യൂട്ടി ഡോക്ടർ സ്വീകരിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടയിൽ ഒരു മണിക്കൂറോളം ആബുലൻസിൽ രോഗി ആശുപത്രി മുറ്റത്ത് തന്നെയായിരുന്നു.

ഒടുവിൽ പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ നേതാവുമായ എ.കെ ബിജിത്തിനെ ബന്ധുക്കൾ വിളിച്ചു വരുത്തി. ബിജിത്തും ആശുപത്രി വികസന സമിതി അംഗം വി.കെ സലീമും എത്തി ഡോക്ടറുമായി സംസാരിച്ച ശേഷമാണ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായത് .അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ഒന്നര മണിക്കൂറോളം ആബുലൻസ് ആശുപത്രി വളപ്പിൽ കാത്തിരിക്കേണ്ടി വന്നു.

വൈകിട്ട് ആറരയോടെ വാർഡിലെത്തിച്ച രോഗിക്ക് നേഴ്സ്മാർ പരിചരണം നൽകിയെങ്കിലും ഡോക്ടർ വാർഡിൽ എത്തി പരിശോധിച്ചിലെന്നും ബന്ധുക്കൾ പറയുന്നു. പത്തര മണിയോടെ നില ഗുരുതരമായ ഇവർ മരിച്ചു. തുടർന്നാണ് ആശുപത്രിയിൽ ബഹളമായത്.

ഭർത്താവ്: നാണു. മക്കൾ: ബിജേഷ്, ബിന്ദു, നിഷ . മരുമക്കൾ: ബിജിത്ത് അനീഷ് സഹോദരങ്ങൾ: ജാനു, ദേവി, നാണു,അശോകൻ, ചന്ദ്രൻ. സംസ്ക്കാരം ബുധനാഴ്‌ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31995/the-patient-lay-in-the-ambulance-for-about-an-hour-and-died-nadapuram-govt-noise-in-the-hospital)