---
title: "സ്നേഹത്തണൽ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും"
english_title: "Shihab Thangal Dialysis Center inaugurated today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340250/shihab-thangal-dialysis-center-inaugurated-today"
published_at: "2026-02-05T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842d2576a5c_NADAPURAM2.jpg"
keywords: []
---

# സ്നേഹത്തണൽ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും

> **Lead Summary:** **നാദാപുരം: [** നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ഏഴാം വാർഷിക ആഘോഷങ്ങളും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.

## Article Content

**നാദാപുരം: [** നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ഏഴാം വാർഷിക ആഘോഷങ്ങളും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.

വൈകിട്ട് ആറിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ വാർഷിക സംഗമത്തിന്റെയും പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. അഡ്വ. കെ.എൻ.എ ഖാദർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

വാർഷികാഘോഷത്തിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ സ്ത്രീകളുടെ വിരുന്നും രാവിലെ മുതൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ റമദാൻ കളക്ഷനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിവിധ പഞ്ചായത്ത് കമ്മിറ്റികൾ, കെ.എം.സി.സി, സന്നദ്ധ സംഘടനകൾ, വാട്‌സ്ആപ്പ് കൂട്ടായ്മകൾ, വ്യക്തികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.

നിലവിൽ നാല് ഷിഫ്റ്റുകളിലായി 140 രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേന്ദ്രത്തിൽ, പുതിയ ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ 250 പേർക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകും.

പ്രതിവർഷം നാല് കോടി രൂപയോളം ചെലവ് വരുന്ന സെന്ററിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് റമദാൻ മാസത്തിൽ ശേഖരിക്കുന്ന തുകയും പ്രവാസികളുൾപ്പെടെയുള്ള ഉദാരമതികളുടെ സഹായവുമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340250/shihab-thangal-dialysis-center-inaugurated-today)