---
title: "ഇരട്ട കുട്ടികളുടെ കൊല;' പൊലീസ് ഇന്ന് സുബീനയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും"
english_title: "Murder of twins; ' Police will record the statement of Subina's relatives today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341/murder-of-twins-police-will-record-the-statement-of-subinas-relatives-today"
published_at: "2021-09-28T08:05:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61527f8e42bfa_sabeena.jpg"
keywords: []
---

# ഇരട്ട കുട്ടികളുടെ കൊല;' പൊലീസ് ഇന്ന് സുബീനയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും

> **Lead Summary:** **നാദാപുരം: **ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിക്ക് നേരത്തെ തന്നെ ആത്മഹത്യ പ്രവണതയുണ്ടെന്ന് പൊലീസ്. കൊലപാതകത്തിൻ്റെയും ആത്മഹത്യ ശ്രമത്തിൻെറയും കാരണം കണ്ടെത്താൻ പൊലീസ് ഇന്ന് സുബീനയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും .

## Article Content

**നാദാപുരം: **ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിക്ക് നേരത്തെ തന്നെ ആത്മഹത്യ പ്രവണതയുണ്ടെന്ന് പൊലീസ്. കൊലപാതകത്തിൻ്റെയും ആത്മഹത്യ ശ്രമത്തിൻെറയും കാരണം കണ്ടെത്താൻ പൊലീസ് ഇന്ന് സുബീനയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും .

ഞായറാഴ്ച രാത്രി യാണ് സുബീന മുംതാസ് മൂന്നര വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞ് കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തൂണേരി പഞ്ചായത്തിലെ പേരോടിലാണ് സംഭവം നടന്നതെങ്കിലും മരണപ്പെട്ട കുട്ടികളുടെ ഉമ്മ സുബീന മുംതാസിന്റെ വീട് വാണിമേലിനു സമീപത്തെ തൂണേരിമുക്കിലാണ്.

കുട്ടികളെ താൻ കിണറ്റിൽ എറിഞ്ഞിട്ടുണ്ടെന്നും താനും കിണറ്റിൽച്ചാടി മരിക്കുകയാണെന്നും സുബീന തൂണേരിമുക്കിലെ വീട്ടിലേക്കാണ് വിളിച്ചുപറഞ്ഞത്. ബന്ധുക്കൾ ഉടൻതന്നെ വിവരം പേരോടിലെ പരിചയക്കാരെ അറിയിച്ചതോടെയാണ് കിണറിൽ സുബീനയെയും രണ്ടു മക്കളെയും കണ്ടത്.

2013-ലാണ് പേരോടിലെ റഫീഖും സുബീനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. റഫീഖുമായോ റഫീഖിന്റെ വീട്ടുകാരുമായോ സുബീനയ്ക്ക് എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിവില്ല. പിന്നെ എന്താണ് ഇത്തരമൊരു കൃത്യത്തിന് സുബീനയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

സുബീനയുടെ രണ്ടാം വിവാഹമായിരുന്നു റഫീഖുമായി നടന്നത്. 2010-ലാണ് സുബീനയുടെ ആദ്യവിവാഹം നടന്നത്. ഈ വിവാഹം മൊഴിചൊല്ലുന്നതിലേക്ക് നയിച്ചത് സുബീനയുടെ ആത്മഹത്യശ്രമമായിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

വൈകീട്ടോടെ സുബീനയെ നാദാപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാദാപുരം സി.ഐ. ഇ.വി. ഫായിസലി, എസ്.ഐ. ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. പോലീസ് വീട്ടിലെത്തിയും പരിശോധനനടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341/murder-of-twins-police-will-record-the-statement-of-subinas-relatives-today)