---
title: "തർക്കം മുറുകുന്നു; നാദാപുരം താലൂക്ക് ആശുപത്രിയിലെ നിയമനം, പ്രചാരണങ്ങൾക്കെതിരെ സി.ഐ.ടി.യു"
english_title: "Appointment at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343495/appointment-at-nadapuram-taluk-hospital"
published_at: "2026-02-22T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a9ee14d658_nadapuram3.jpg"
keywords: []
---

# തർക്കം മുറുകുന്നു; നാദാപുരം താലൂക്ക് ആശുപത്രിയിലെ നിയമനം, പ്രചാരണങ്ങൾക്കെതിരെ സി.ഐ.ടി.യു

> **Lead Summary:** നാദാപുരം: **[ **താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് കെ.ജി.എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയും ചില രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു.

## Article Content

നാദാപുരം: **[ **താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് കെ.ജി.എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയും ചില രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു.

നിലവിൽ ആശുപത്രിയിൽ നടക്കുന്ന നിയമന വിവാദങ്ങൾക്കും പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി യൂണിയൻ രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഒരാളെ ജോലിയിൽ നിന്ന് നീക്കം ചെയ്തതും, പിന്നീട് പ്രക്ഷോഭങ്ങളെത്തുടർന്ന് അദ്ദേഹത്തെ ശുചീകരണ തൊഴിലാളിയായി തിരിച്ചെടുത്തതുമാണ് തർക്കങ്ങൾക്ക് ആധാരം.

എന്നാൽ ഈ തീരുമാനത്തിനെതിരെ ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് സി.ഐ.ടി.യു ആരോപിക്കുന്നു. നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം 65 വയസ്സുവരെ ജോലിയിൽ തുടരാൻ അനുവാദമുണ്ടെന്നും, എക്സ്-സർവീസ് മെൻ അല്ലെന്ന കാരണത്താൽ വർഷങ്ങളായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടുന്നത് ചട്ടവിരുദ്ധമാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യങ്ങൾ പരിഗണിച്ച് ആശുപത്രി വികസന സമിതി എടുത്ത തീരുമാനത്തെ ചിലർ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണെന്നാണ് സംഘടനയുടെ വാദം. വികസന സമിതിയുടെ തീരുമാനം നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം നിയമപരമായ നടപടികളുമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായും മുന്നോട്ട് പോകുമെന്നും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343495/appointment-at-nadapuram-taluk-hospital)