---
title: "മാനുഷിക ചുവടുവെപ്പുമായി പുറമേരി ഗ്രാമപഞ്ചായത്ത് ബജറ്റ്; ഒന്നേമുക്കാൽ കോടിയിൽ ഡയാലിസിസ് സെന്ററും സമ്പൂർണ്ണ സാന്ത്വന പരിചരണവും"
english_title: "The Gram Panchayat Budget of Athurugiriya with a humanitarian touch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345865/the-gram-panchayat-budget-of-athurugiriya-with-a-humanitarian-touch"
published_at: "2026-03-05T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9ab62cbb66_18.jpg"
keywords: []
---

# മാനുഷിക ചുവടുവെപ്പുമായി പുറമേരി ഗ്രാമപഞ്ചായത്ത് ബജറ്റ്; ഒന്നേമുക്കാൽ കോടിയിൽ ഡയാലിസിസ് സെന്ററും സമ്പൂർണ്ണ സാന്ത്വന പരിചരണവും

> **Lead Summary:** **പുറമേരി :** സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസമേകുന്ന ആരോഗ്യ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള പുറമേരി ഗ്രാമ പഞ്ചായത്ത് 2026-27 വർഷത്ത ബജറ്റ് വൈസ് പ്രസിഡന്റ് സബീദ കോളോത്ത് അവതരിപ്പിച്ചു. പ്രസിഡണ്ട് പി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി :** സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസമേകുന്ന ആരോഗ്യ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള പുറമേരി ഗ്രാമ പഞ്ചായത്ത് 2026-27 വർഷത്ത ബജറ്റ് വൈസ് പ്രസിഡന്റ് സബീദ കോളോത്ത് അവതരിപ്പിച്ചു. പ്രസിഡണ്ട് പി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മാനുഷികമായ ചുവടു വെപ്പായി ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനായി ഒന്നേമുക്കാല്‍ കോടി രൂപ ബജറ്റില്‍ വകയിരുത്തി.

മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയുംപങ്കാളിത്തത്തോടെയും പ്രവാസികളുടെ സഹായം ലഭ്യമാക്കിയും വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെയുള്ള ജനകീയ പരിപാടികള്‍ സംഘടിപ്പിച്ചും ഇതിനായുള്ള ഫണ്ട് കണ്ടെത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ സാധാരണക്കാര്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പും ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പുറമേരിയെ ഒരു സമ്പൂർണ്ണ സ്വാന്തന പരിചരണ ഗ്രാമ പഞ്ചായത്തായി മാറ്റുക എന്നതാണ് ഭരണസമിതിയുടെ ഏറ്റവും പ്രധാന ലക്ഷ്യം.

30 കോടി 90 ലക്ഷത്തി മുപ്പത്തി ഒന്നായിരത്തി മുന്നൂറ്റി എഴുപത് രൂപ വരവും ഇരുപത്തി അഞ്ച് കോടി എഴുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി തൊള്ളായിരത്തി പതിനാല് രൂപ ചെലവും അഞ്ച് കോടി പതിനേഴ് ലക്ഷത്തിമുപ്പത്തി എട്ടായിരത്തി നാനൂറ്റി അമ്പത്തി ആറ് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പ്രസിദ്ധമായ

> അരൂര്‍ ഒളോര്‍ മാങ്ങ മൂല്യവര്‍ധിത ഉല്പനങ്ങളായി മാറ്റാന്‍ ആധുനിക ഡ്രൈ ഫ്രൂട്ട് യൂണിറ്റ് ആരംഭിക്കും. വര്‍ഷത്തില്‍ 45 മുതല്‍ 60 ദിവസം വരെ ലഭ്യമാകുന്ന സവിശേഷമായ ഉല്പന്നമാണ് അരൂര്‍ ഒളോര്‍ മാങ്ങ. ഇത്തരം യൂണിറ്റ് ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകും. ഈ വര്‍ഷം തന്നെ യൂണിറ്റ് ആരംഭിക്കാനാണ് പരിപാടി. ഇത്തരമൊരുസംവിധാനമില്ലാത്തതിനാല്‍ വലിയ തോതില്‍ മാങ്ങ ഓരോ വര്‍ഷവും നഷ്ടപ്പെടുന്നുണ്ട്. കിടപ്പിലായ രോഗികൾക്ക് "എക്യുപ്മെൻ്റ് ബാങ്ക് ', മാലിന്യ മുക്തമായ പരിസരവും പുനരുപയോഗ സംസ്കാരവും വളർത്തുന്നതിനായി "സ്വാപ്പ് ഷോപ്പ് ', ഗോമിത്ര ഹരിത വളം നിർമാണ യൂനിറ്റ്, തൊഴിലാളി ക്ഷാമം പരിഹരിക്കാൻ "അഗ്രി ടാക്സ് ഫോഴ്സ് ' രൂപീകരിക്കും. സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന 'ഡിജിറ്റൽ പുറമേരി '', ഭിന്ന ശേഷിക്കാർക്ക് ചികിത്സാ സഹായവും സ്വയം തൊഴിൽ പിന്തുണയും നൽകുന്ന പദ്ധതികളും ബജറ്റിൽ ഉൾപെടുത്തിയട്ടുണ്ട്.

വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.അജയന്‍, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അലിമത്ത് നീലഞ്ചേരിക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷംസു മഠത്തില്‍, സുരേഷ് കൂടത്താങ്കണ്ടി, കെ.എം. സമീർ മാസ്റ്റർ, കെ.സജീവന്‍, കെ സുനിത, എം.എ.ഗഫൂര്‍, ടി.കുഞ്ഞിക്കണ്ണൻ, കെ.മുഹമ്മദ് സാലി, എന്‍.കെ രാജഗോപാല്‍, പി ദാമോദരന്‍ മാസ്റ്റർ, മജീദ് കപ്‌ളിക്കണ്ടി, പി. അബ്ദുല്ല മാസ്റ്റർ, എന്നിവര്‍ പ്രസംഗിച്ചു പഞ്ചായത്ത് സെക്രട്ടരി കെ.കെ. വിനോദൻ സ്വാഗതവും ഹെഡ് ക്ലർക്ക് വിനീതൻ പട്ടർ പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345865/the-gram-panchayat-budget-of-athurugiriya-with-a-humanitarian-touch)