---
title: "31 ന് യാത്രയയപ്പ്; നിറഞ്ഞ സംതൃപ്തിയോടെ ബഷീർ മാസ്റ്റർ പടിയിറങ്ങുന്നു"
english_title: "Farewell on the 31st; Basheer leaves the master's school with full satisfaction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34673/Farewell-on-the-31st-Basheer-leaves-the-master's-school-with-full-satisfaction-new"
published_at: "2022-03-29T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62434a42b4b0e_master.jpg"
keywords: []
---

# 31 ന് യാത്രയയപ്പ്; നിറഞ്ഞ സംതൃപ്തിയോടെ ബഷീർ മാസ്റ്റർ പടിയിറങ്ങുന്നു

> **Lead Summary:** **എടച്ചേരി: **നീണ്ട 36 വർഷത്തെ ഔദ്യോഗിക ജീവിത്തിൽ നിന്നും വിട പറയുമ്പോൾ ബഷീർ മാസ്റ്റർക്ക് നിറഞ്ഞ സംതൃപ്തിയാണ്. താൻ ജോലി ചെയ്യുന്ന നാദാപുരം സബ് ജില്ലയിലെ കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിനെ മേഖലയിലെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയാണ് മാഷ് പടിയിറങ്ങുന്നത്.

## Article Content

**എടച്ചേരി: **നീണ്ട 36 വർഷത്തെ ഔദ്യോഗിക ജീവിത്തിൽ നിന്നും വിട പറയുമ്പോൾ ബഷീർ മാസ്റ്റർക്ക് നിറഞ്ഞ സംതൃപ്തിയാണ്. താൻ ജോലി ചെയ്യുന്ന നാദാപുരം സബ് ജില്ലയിലെ കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിനെ മേഖലയിലെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയാണ് മാഷ് പടിയിറങ്ങുന്നത്.

മികച്ച അധ്യാപകൻ എന്നതിലുപരി അധ്യാപക പരിശീലകനും കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ (കെ.എസ്.ടി യു ) വിൻ്റെ നാദാപുരം സബ് ജില്ല പ്രസിഡൻ്റ്, സെക്രട്ടരി എന്നീ നിലകളിൽ പ്രവർത്തിച്ചു.

മറ്റു അധ്യാപക സംഘടനകളെ പോലെ നാദാപുരം സബ് ജില്ലയിലെ ശക്തമായ ഒരു അധ്യാപക പ്രസ്ഥാനമാക്കി കെ.എസ്.ടി.യുവിനെ മാറ്റുന്നതിലും ബഷീറിൻ്റെ പങ്ക് ഏറെ വലുതായിരുന്നു. നിലവിൽ കെ.എസ്.ടി.യുവിൻ്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്.

ഒരു പ്രദേശത്തെ വിദ്യാലയം നാട്ടുകാരുടെ സാംസ്കാരിക കേന്ദ്രം കൂടി ആയി മാറണമെന്ന തൻ്റെ ആഗ്രഹം നടപ്പിലാക്കാനായി നിരവധി പ്രവർത്തനങ്ങളാണ് ബഷീർ മാസ്റ്റർ സ്കൂളിൽ നടപ്പിലാക്കിയത്. പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ മാത്രമല്ല നാട് മുഴുവൻ വിദ്യാലയവുമായി സദാ ബന്ധം പുലർത്തണമെന്നായിരുന്നു ബഷീർ എടച്ചേരി എന്നറിയപ്പെടുന്ന പൊതുപ്രവർത്തകൻ കൂടിയ ഇദ്ദേഹത്തിൻ്റെ നിലപാട്.

> ഇതിനായി മാസത്തിലൊരിക്കൽ നാട്ടുകാർക്ക് സ്കൂളിൽ ഒരുമിച്ചുകൂടാൻ വേദിയൊരുക്കി. "അതിഥിക്കൊപ്പം ഒരു ദിവസം" എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടി കൊവിഡ് കാലഘട്ടത്തിൽ പോലും ഓൺലൈനായി  മുടങ്ങാതെ നടത്തി. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ ഡോക്ടർമാർ, അധ്യാപകർ തുടങ്ങി നിരവധി പ്രതിഭകളുമായി സംവദിക്കാൻ നാട്ടുകാർക്ക് അവസരമൊരുക്കി.

ചില മാസങ്ങൾ ഈ പരിപാടി കുട്ടികൾക്ക് മാത്രമായി മാറ്റി. കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ ഉതകുന്ന ഒരു വേദി കൂടിയായി അഥിതിക്കൊപ്പം ഒരു ദിവസം എന്ന പരിപാടി മാറി. കൊവിഡ് കാലത്ത് പൊതു വിദ്യാലയങ്ങൾ അടഞ്ഞു കിടന്നപ്പോൾ പഠനപ്രവർത്തനങ്ങൾ കൃത്യമായി ഓൺലൈനിലൂടെ നൽകിയതിനു പുറമെ വിവിധ മത്സര പരിപാടികളും ഓൺലൈനിൽ സംഘടിപ്പിച്ചു.

> "സമ്മാനം വീടുകളിൽ " എന്ന പദ്ധതിയിലൂടെ മത്സര വിജയികളെ അനുമോദിച്ചു.തുടർച്ചയായ രണ്ടു വർഷങ്ങളിൽ അഞ്ചു വിദ്യാർഥികൾക്ക് എൽ .എസ് .എസ് പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിച്ചതും ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകർ നടത്തിയ ചിട്ടയായ പരിശീലനത്തിലൂടെ ആയിരുന്നു. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി വിദ്യാഭ്യാസ വകുപ്പും സർക്കാരും നിർദേശിച്ച മുഴുവൻ കാര്യങ്ങളും സ്കൂളിൽ കൃത്യമായി നടപ്പിലാക്കി.

വിദ്യാഭ്യാസമെന്നത് കേവലം ക്ലാസ് മുറികളിൽ ഒതുങ്ങുന്ന പ്രക്രിയയല്ലെന്നും അത് കുട്ടികളിൽ സമൂഹ്യ പ്രതിബദ്ധത വളർത്താൻ ഉതകുന്നതായിരിക്കണമെന്നും ബഷീർ മാസ്റ്റർ ഉറച്ചു വിശ്വസിച്ചു. ഇതിനായി കുട്ടികൾക്ക് സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ അവസരങ്ങളൊരുക്കി.

> സർക്കാറിൻ്റെ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് കുട്ടികളെ ഉൾപ്പെടുത്തി ബഷീർ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. റോഡ് സുരക്ഷയുമായി നടത്തിയ പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയമായി കുമ്മങ്കോട് സ്കൂളും മികച്ച കോ-ഓർഡിനേറ്ററായി ബഷീറും തെരഞ്ഞെടുക്കപ്പെട്ടു.പ്രളയകാലത്ത്  "ഓണം ദുരിത ബാധിതർക്കൊപ്പം " എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.

നാദാപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ സംഖ്യ  (20,000 രൂപ) പിരിച്ചെടുത്ത ബഹുമതിയും സ്കൂളിന് ലഭിച്ചു. അധ്യയന വർഷത്തിൽ നടത്തപ്പെടുന്ന എല്ലാ വിശേഷ ദിവസങ്ങളും നാടിൻ്റെ ഉത്സവമാക്കി മാറ്റി.പരിസ്ഥിതി ദിനാഘോഷം, വായനാദിനം, സ്വാതന്ത്ര്യ ദിനാഘോഷം, അധ്യാപക ദിനാഘോഷം, ഗാന്ധിജയന്തി,ശിശുദിന റാലി,  തുടങ്ങി എല്ലാ പരിപാടികൾക്കും കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും അവസരം നൽകി.

കുട്ടികൾക്കൊപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കും അവസരമൊരുക്കുകയും മത്സര വിജയികളായ അമ്മമാർക്കും സമ്മാനങ്ങളൊരുക്കുകയും ചെയ്തു.  2019 ൽ പ്രധാന അധ്യാപകനായതോടെ സ്കൂളിൻ്റെ അക്കാദമികവും ഭൗതികവുമായ രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചു.

പൂർവ വിദ്യാർഥികളെയും, പ്രവാസി സുഹൃത്തുക്കളെയും ഉൾപ്പെടുത്തി പള്ളിക്കൂടം എന്ന പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സ്കൂളിന് നാട്ടുകാരുടെ പൂർണ പിന്തുണ ഉറപ്പു വരുത്തി.ഈ കൂട്ടായ്മയുടെ സഹായത്താൽ സ്കൂളിൽ വിദ്യാർഥികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ഒരു ഭക്ഷണമുറി പണി കഴിപ്പിക്കാൻ സാധിച്ചത് ബഷീർ മാസ്റ്ററുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

സബ് ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് കൂടി മാതൃകയാവുന്ന ഈ ഭക്ഷണമുറി അധികൃതരുടെ പ്രശംസയ്ക്കും കാരണമായി. താൻ പ്രധാന അധ്യാപക നായിരുന്നപ്പോൾ കേവലം 114 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തെ പ്രീ പ്രൈമറി ഉൾപ്പെടെ 250 ൽ പരം വിദ്യാർഥികളും 10 അധ്യാപകരുമുള്ള  നാദാപുരം സബ് ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയ സംതൃപ്തിയോടെയാണ് മാഷ് പടിയിറങ്ങുന്നത്.

ഈ മാസം 31 വിവിധ പരിപാടികളോടെ തങ്ങളുടെ പ്രിയ അധ്യാപകന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് സ്റ്റാഫ് അംഗങ്ങളും പി.ടി.എ കമ്മിറ്റിയും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34673/Farewell-on-the-31st-Basheer-leaves-the-master's-school-with-full-satisfaction-new)